Sunday December 11, 2016
Latest Updates

അയര്‍ലണ്ടില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവരെ തേടി കേരളത്തിലേയ്ക്ക് ഐറിഷ് യൂണിവേഴ്‌സിറ്റികള്‍:ഫെബ്രുവരി 28 ന് കൊച്ചിയില്‍ സെമിനാര്‍

അയര്‍ലണ്ടില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവരെ തേടി കേരളത്തിലേയ്ക്ക് ഐറിഷ് യൂണിവേഴ്‌സിറ്റികള്‍:ഫെബ്രുവരി 28 ന് കൊച്ചിയില്‍ സെമിനാര്‍

കൊച്ചി : അയര്‍ലണ്ടിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എജ്യുക്കേഷന്‍ ഇന്‍ അയര്‍ലണ്ട് കൊച്ചിയില്‍ ഫെബ്രുവരി 28 ന് വിദ്യാഭ്യാസമേള സംഘടിപ്പിക്കും.വിദേശ രാജ്യങ്ങളില്‍ ഐറിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രചാരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന എജ്യുക്കേഷന്‍ ഇന്‍ അയര്‍ലണ്ടാണ് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള സെമിനാര്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്നത്.

അയര്‍ലണ്ടിലെ 12 മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് മേളയില്‍ പങ്കെടുക്കുക. ഫെബ്രുവരി 28 ന് രാവിലെ 10 മണി മുതല്‍ 3 മണി വരെ മറൈന്‍ഡ്രൈവ് ഗേറ്റ്‌വേ ഹോട്ടലിലാണ് ഐറിഷ് വിദ്യാഭ്യാസമേള.ഐറിഷ് വിദ്യാഭ്യാസ മേഖലയെയും അയര്‍ലണ്ടിലെ നിലവാരമാര്‍ന്ന വിദ്യാഭ്യാസ പരിപാടികളെ കുറിച്ചും രക്ഷകര്‍ത്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ബോധവത്കരണം നടത്തുകയാണ് മേളയുടെ ലക്ഷ്യം.

നിലവില്‍ 161 രാജ്യങ്ങളില്‍ നിന്നായി അയലണ്ടില്‍ പഠിക്കുന്നത് 35000ലേറെ വിദ്യാര്‍ത്ഥികളാണ്.ഗവേഷണത്തിനായി 782 ദശലക്ഷം യൂറോയാണ് ഐറിഷ് ഗവണ്‍മെന്റ് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നത്.

ഡബ്ലിനിലെ ട്രിനിറ്റി കോളേജ് ഉള്‍പ്പെടെയുള്ള പ്രശസ്ത സര്‍വകലാശാലകള്‍ ബിരുദതലത്തില്‍ 5000 യൂറോയുടെ സ്‌കോളര്‍ഷിപ്പുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡബ്ലിനിലെ തന്നെ യൂണിവേഴ്‌സിറ്റി കോളേജ് മാസ്റ്റര്‍ പ്രോഗ്രാമുകള്‍ക്ക് 100 ശതമാനം ട്യൂഷന്‍ ഫീസും ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള മാസ്റ്റര്‍ പ്രോഗ്രാമുകള്‍ക്ക് 50 ശതമാനം ട്യൂഷന്‍ ഫീസും നല്‍കും.

ഗാല്‍വേയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അയര്‍ലണ്ട് ബിരുദതലത്തിലും ബിരുദാനന്തര ബിരുദ തലത്തിലും 2750 യൂറോ വീതമുള്ള സ്‌കോളര്‍ഷിപ്പാണ് നല്‍കുക. മാസ്റ്റര്‍ പ്രോഗ്രാമുകള്‍ക്ക് 2950 യൂറോയും ബിരുദതലത്തില്‍ 2000 യൂറോയുമാണ് നാഷണല്‍ കോളേജ് ഓഫ് അയര്‍ലണ്ടിന്റെ വാഗ്ദാനം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരുമായി വിവിധ വിഷയങ്ങളില്‍ ആശയവിനിമയത്തിനും മേള അവസരമൊരുക്കും.

അയര്‍ലണ്ടിലെ മികച്ച സ്ഥാപനങ്ങളിലെ സ്‌കോളര്‍ഷിപ്പ് സൗകര്യം, അപേക്ഷ, വിസ, സര്‍വകലാശാല, കോഴ്‌സ്, വിദ്യാഭ്യാസ മികവ്, അധ്യയന ശൈലി, വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലും ഭാവിയും സംബന്ധിച്ച് ദിശാബോധം എന്നിവ മേളയിലെ ആശയവിനിമയ വിഷയങ്ങളില്‍ ഉള്‍പ്പെടും.
ആറു കോടി രൂപയിലേറെ വരുന്ന സ്‌കോളര്‍ഷിപ്പുകളുമായി 12 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എജ്യുക്കേഷന്‍ ഫെയറില്‍ പങ്കെടുക്കുക. വിദ്യാര്‍ത്ഥികള്‍ http://www.educationirelandevents.com/ എന്ന സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

അയര്‍ലണ്ടിലെ പഠനസൗകര്യങ്ങളെയും കോഴ്‌സുകളെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും സംശയ നിവാരണത്തിനും ‘ഐറിഷ് മലയാളി’ഓണ്‍ ലൈന്‍ പോര്‍ട്ടലിലെ കരിയര്‍ വിദഗ്ദര്‍ നിങ്ങള്‍ക്ക് അവസരം ഒരുക്കുന്നു.അയര്‍ലണ്ടില്‍ പഠിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക്/ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.നിങ്ങളുടെ ഫോണ്‍ നമ്പറും അഡ്രസും സഹിതം ചോദ്യങ്ങള്‍ അയയ്ക്കുക.മേല്‍വിലാസവും ഫോണ്‍ നമ്പറും ഇല്ലാത്ത ഇ മെയിലുകള്‍ക്ക് മറുപടി നല്കുന്നതല്ല.

ചോദ്യങ്ങള്‍ അയയ്‌ക്കേണ്ട വിലാസം: career@irishmalayali.com

Scroll To Top