Saturday December 03, 2016
Latest Updates

കുട്ടനാട്ടിലെ ‘തോറാന’യുടെ ഓര്‍മ്മക്കനലുകള്‍ (കഥ)

കുട്ടനാട്ടിലെ ‘തോറാന’യുടെ ഓര്‍മ്മക്കനലുകള്‍ (കഥ)

ഇന്ന് ദു:ക്‌റാന ,സെന്റ് തോമസ് ഡേ…
ഈ ദിവസം ആവുമ്പോള്‍ നാട്ടില്‍ പെരുംമഴ ആയിരിക്കും.രാവിലെ പള്ളിയില്‍ കുര്‍ബാന കൂടണം, അത് കഴിഞ്ഞ് തറവാട് വരെ പോകും.അവിടെ അപ്പാപ്പനെയും,അമ്മയെയും കാണും.ചെറുപ്പം മുതല്‍ ഇത് ആണ് ശീലം.കുട്ടികളെ കാണുമ്പോള്‍ അപ്പാപ്പന്‍ പറയും.
”ഇന്ന് നല്ല മഴ പെയ്യും” ആ മഴ കഴിയുമ്പോള്‍ പുഴയിലൂടെ ആറ് ആനകള്‍ ഒഴുകി പോകും”
.
അത്രയ്ക്ക് ശക്തിയായ മഴ ഉണ്ടാവും എന്നാവും പറഞ്ഞതിന് അര്‍ത്ഥം.അപ്പാപ്പന്‍ പറയുന്ന കേട്ട് കുട്ടികള്‍ പുഴയുടെ അടുത്ത് പോയി നോക്കും.ആറ് ആനകള്‍ ഒഴുകി വരുന്നത് നോക്കിയാണ്,ആരും കാണാതെ പുഴയുടെ അടുത്ത് വരെ പോകുന്നത്.മഴക്കാലത്ത് പുഴയുടെ അടുത്ത് പോയാല്‍ നല്ല വഴക്ക് കിട്ടും.അന്ന് പെരും മഴ പെയ്ത് പുഴയിലും ആകെ അഴുക്ക് ആവും .എല്ലാം പറമ്പുകളില്‍ നിന്നുമുള്ള വെള്ളം പുഴയിലേക്ക് ഒഴുകിവന്ന് പുഴയുടെ മങ്ങിയ മുഖം യാതൊരു ഭംഗിയും ഉണ്ടാവില്ല.
‘ദുക്‌റാനാ’യുടെ ദിവസം(തോറാന എന്നാണ് അപ്പാപ്പന്‍ പറയാറ്) മഴവരുന്നത് കാത്തിരിക്കാന്‍ പഠിപ്പിച്ച അപ്പാപ്പന്‍ മരിച്ചത് ആ ദിവസം തന്നെയാണ്. അപ്പാപ്പന്‍ പറഞ്ഞപ്പോലെ ആറ് ആനകള്‍ പോയിട്ട് ഒരു ആന പോലും വരുന്നത് ഒരിക്കലും കണ്ടിട്ടില്ല ആറ് ആനകള്‍ ഒഴുകി പോകുന്നത് പോലെ ഒഴുകി പോകാതെ ”ആ ഒഴുക്ക്” എന്റെ തറവാട്ട് കടവില്‍ നിലച്ചത് ഞാന്‍ കണ്ടിട്ടുണ്ട്.വളരെ നടുക്കത്തോടെ ആയിരുന്നു ആ കാഴ്ച കണ്ടത് .ആ നിലവിളികള്‍, കൂട്ട കരച്ചില്‍ എല്ലാം ഇന്നും ഓര്‍മ്മയില്‍ ഉണ്ട് .മറക്കാന്‍ ശ്രമിക്കാഞ്ഞിട്ടും അല്ല .ചില വേദനകള്‍ വളരെ ആഴത്തില്‍ തന്നെ പതിഞ്ഞ് പോകുന്ന മനസിനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ….

ആ സംഭവം നടക്കുമ്പോള്‍ ,ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടി ആണ്.ക്രിസ്മസ് അവധിക്കാലം ആയത് കൊണ്ട് എല്ലാവരും അവരുടെ വീടുകളില്‍ ഉണ്ട്.ബോര്‍ഡിംഗ് സ്‌കൂളിലെ വലിയ സഞ്ചിക്കെട്ടും പുസ്തവും എല്ലാം മാറ്റി വച്ച് എല്ലാവരും സന്തോഷായി പുഴയിലും,പറമ്പിലും കളിയും ചിരിയുമായി നടക്കുന്നു.ക്രിസ്മസ് കഴിഞ്ഞ് കുറച്ച് കുട്ടികളുടെ അവധിക്കാലം തറവാട്ടില്‍ ആവും .അപ്പന്റെ സഹോദരിമാരുടെ മക്കള്‍ ആണ്.എന്റെ വീടും അതിന് അടുത്ത് തന്നെ.ഇനി എല്ലാവരും കൂടി ഒന്നു കൂടി ന്യൂ ഇയര്‍ തലേന്ന് വരാം എന്ന് പറഞ്ഞ് കുറച്ച് പേര്‍ തിരിച്ച് അവരുടെ വീടുകളിലേക്ക് പോയി.ഒരു സന്ധ്യാനേരം ഞാന്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നത് വീട്ടിലെ ജോലിക്കാരിയുടെ കരച്ചില്‍ കേട്ട് ആണ്.അതിന് കുറച്ച് മുന്‍പ് വരെ കുട്ടികള്‍ എല്ലാവരും കൂടി തറവാട്ടില്‍ ചീട്ട് കളി ആയിരുന്നു.എനിക്ക് അത് അത്ര താല്പര്യം ഇല്ലാത്തതു കൊണ്ട് ഞാന്‍ എന്റെ വീട്ടിലേക്കുപോന്നു.ആ നിലവിളിയുടെ സ്വരം ഇതുപോലെ ആയിരുന്നു.”പുഴയില്‍ കുളിക്കാന്‍ പോയ രണ്ട് കുട്ടികളെ കാണുന്നില്ല”,

ഇത് കേട്ട് എല്ലാവരും കൂടി തറവാട്ട് കടവിലേക്ക് ഓടുന്നത് കണ്ടു.ആ സമയത്ത് എന്റെ വീട്ടില്‍ അപ്പനും,അമ്മയും ഉണ്ടായിരുന്നില്ല അവര് ഒരു വിവാഹത്തിന് പോയിരിക്കുന്നു.അന്ന് രാത്രിതന്നെ തിരിച്ച് വരും.നിലവിളി കേട്ടപ്പോള്‍ ഞാനും വേഗം പുഴ കടവിലേക്ക് ഓടി ..

രണ്ട് കുട്ടികളെ കാണാന്‍ ഇല്ല എന്ന് പറയുമ്പോളും എല്ലാവരുടെയും മനസ്സില്‍ ചോദ്യം ആണ്.ആദ്യംഏത് കുട്ടികള്‍ ആണെന്ന് ആര്‍ക്കും മനസിലായും ഇല്ല.കുട്ടികള്‍ എന്ന് പറയുന്നത് ഇരുപത് വയസുള്ള രണ്ടുപേര്‍ ആണ്.ആ പുഴയെ എല്ലാവര്ക്കും അത്ര നല്ലപ്പോലെ അറിയാം.ആ ഒഴുക്കിന്,അനുസരിച്ച് നീന്തി പോകാനും ഇത്രയും സൂക്ഷ്മമായി അറിയുന്ന കുട്ടികളെ കാണ്മാനില്ല എന്ന് കേട്ടപ്പോള്‍ ഒരു ഞെട്ടല്‍ ആയിരുന്നു എല്ലാവര്ക്കും തോന്നിയത്.ചേട്ടന്മാരുടെ നീന്തല്‍ കണ്ടാല്‍ എല്ലാവരും പറയും അവരൊക്കെ നീന്താന്‍ വേണ്ടി ജനിച്ചവര്‍ ആണെന്ന്.
അപ്പാപ്പന്‍ പുഴക്കടവില്‍ നിന്നും ഉറക്കെ നിലവിളിക്കുന്നത് കാണാം,അതിനിടയില്‍ ഇതുപോലെയും പറയുന്നുണ്ട്.
”എന്റെ രണ്ട് പേരക്കുട്ടികളും പോയി” .
ഇത് കേട്ടപ്പോള്‍ ആണ്എനിക്കും മനസിലായത് അതില്‍ ഒന്ന് എന്റെ പ്രിയ ചേട്ടന്‍,കൂടെ ഉള്ളത് ചേട്ടന്റെ പ്രിയ കളി തോഴനും ആയ ഷൈന്‍ ചേട്ടന്‍ (അപ്പന്റെ ചേട്ടന്റെ മകന്‍,ഞങ്ങളുടെ കസിന്‍) ആണ്.ഒരു നിമിഷത്തില്‍ രണ്ടുപേരെ ഒരുമിച്ച് നഷ്ട്ടപ്പെട്ടത് കണ്ട് നില്‍ക്കുന്ന ഒരു കൂട്ടം മനുഷ്യരും. ആ തെങ്ങിന്‍ തോപ്പിനെ മുഴുവന്‍ കരച്ചില്‍ എന്ന മഹാസമുദ്രം കീഴടിക്കഴിഞ്ഞു .

ചേട്ടന്മാരെ തിരയാന്‍ കുറെ പേര്‍ വെള്ളത്തിലേക്ക് എടുത്ത് ചാടുന്നു.വേറെ ചിലരെ വിഷമം കൊണ്ട് വെള്ളത്തില്‍ പോകാതെ പിടിച്ച് നിര്‍ത്തിയിരിക്കുന്നു. നേരം കുറച്ച് കൂടി ഇരുട്ടി തുടങ്ങി .

ഇതിനിടയില്‍ എന്റെ രണ്ടാമത്തെ ചേട്ടന് എന്നെ ചേര്‍ത്ത് പിടിച്ച് പറയും.”മോള് വിഷമിക്കണ്ട അവന്‍ വരും നമ്മുടെ ചേട്ടനെ കിട്ടും ”,ഈ പുഴയില്‍ ചേട്ടന്‍ എവിടെ ഒളിച്ചിരിക്കാന്‍ എന്ന് ആയിരുന്നു എന്റെ മനസിലെ ചോദ്യവും?ഈ ബഹളത്തിനിടയില്‍ എന്റെ അപ്പനും അമ്മയും യാത്ര കഴിഞ്ഞ് തിരിച്ചു വന്നു..
”കുട്ടികളെ എവിടെ നിന്നും കിട്ടാന്‍ അവര് ഒലിച്ച്‌പോയി പോയി കാണും! പുഴയോരത്തു നിന്ന ആള്‍ക്കാര്‍ പിറുപിറുക്കുന്നത് കേള്‍ക്കാമായിരുന്നു.

നാട്ടിലെ ആളുകള്‍ മുഴുവന്‍ ഓരോ കടവിലും ഉണ്ട് .കുട്ടികളെ കിട്ടുംമോ എന്ന് അറിയാന്‍ കണ്ണ് ചിമ്മാതെ നോക്കി നില്‍ക്കുന്നു .ആ നാട്ടില്‍ ഒരു കുട്ടി പോലും പുഴയില്‍ പോയി മരിച്ച കാര്യം കേട്ടിട്ടും ഇല്ല.രാത്രി ആയി തുടങ്ങിയത് കൊണ്ട് അവരെ തപ്പി എടുക്കുവാന്‍ വളരെ പ്രയാസം ആയിരുന്നു. മണല്‍ വാരുന്ന കുറെ ആളുക്കള്‍ പുഴയില്‍ അവരെ നോക്കി നടക്കുന്നു .അവരുടെ കഠിന അദ്ധ്വാനത്തിന് ഇടയിലും , ആ പുഴയെ എല്ലാവരും കൂടി ശാപ വാക്കുകള്‍ കൊണ്ട് മൂടുകയായിരുന്നു

ഇതിനിടയില്‍ ആരോ ഉറക്കെ വിളിച്ച് പറയുന്നത് കേട്ടു.

”എന്റെ വീട്ടിലെ കടവിന്റെ അടുത്തുള്ള പരുത്തി കാട്ടില്‍ നിന്നും ഒരാളെ കിട്ടി ”.
ഇത് കേട്ടപ്പോള്‍ ആദ്യം എന്റെ ശ്വാസം നിലച്ചപോലെ ആണ് തോന്നിയത് . .ആ കടവില്‍ കാണുന്നത് ആരെ ആവും ,ചേട്ടന്മാര്‍ രണ്ടുപേരും വീടിന്റെ വിളക്കുകള്‍ ആണ്.അവിടെ വരെ ഓടി പോയി നോക്കിയപോള്‍ കണ്ടത് പുഴയില്‍ മീന്‍ പിടിക്കാന്‍ വേണ്ടി ഇട്ടിരുന്ന ഇലക്ട്രിക് കമ്പിയില്‍ തട്ടി,ബോധം ഇല്ലാതെ കിടക്കുന്ന എന്റെ ചേട്ടനെ ആണ്.അതുപോലെ അവിടെ മീന്‍ പിടിക്കരുത് എന്ന് പല തവണ എല്ലാവരും വിലക്കിയത് ആയിരുന്നു.കരീമീനെ പിടിക്കാന്‍ വേണ്ടിയുള്ള സൂത്രപണിയാണ്.എന്റെ ചേട്ടനെ വെള്ളത്തില്‍ നിന്ന് പൊക്കി എടുത്ത് നോക്കിയപ്പോള്‍ ശ്വാസം ഉണ്ടായിരുന്നു.പക്ഷേ ഓര്‍മ്മ ഇല്ലാത്തവനെ പോലെ ആയിരുന്നു .ചേട്ടനെ കിട്ടിയ സന്തോഷത്തില്‍ എല്ലാവരും നില്‍ക്കുമ്പോള്‍ പുഴയില്‍ നിന്നും ആരോ വിളിച്ച് പറയുന്ന കേള്‍ക്കാം .
”ശവം കിട്ടി ,ശവം കിട്ടി” ആ ഇരുട്ടില്‍ നിന്നും ഷൈന്‍ ചേട്ടനെയും പൊക്കി കൊണ്ട് അവര്‍ വെള്ളത്തിലൂടെ കയറി വന്നു.

ചേട്ടനെ ആ തറവാട്ട് കടവില്‍ കിടത്തി,എന്തൊക്കെയോ ചെയ്തു നോക്കി,ഒരു അനക്കവുമില്ല.രണ്ട് മണിക്കൂര്‍ മുന്‍പ് എന്റെ തലയില്‍ തട്ടി ”സിയക്കുട്ടി ,ചേട്ടന്‍ കുളിച്ചിട്ടു വരാം ട്ടോ” കുളി കഴിഞ്ഞ് വന്ന് ബാക്കി സിനിമ കഥ എല്ലാ കുട്ടികള്‍ക്കും പറഞ്ഞ് തരാം എന്ന് ഉറപ്പ് പറഞ്ഞ് പോയ ആള്‍ ആണ് മുന്‍പില്‍ നീല നിറത്തോടെ കിടക്കുന്നത്.എല്ലാവരും മാറി മാറി വിളിച്ചു നോക്കി.ആ ശരീരത്തിന് ഒരു മാറ്റവും ഇല്ല .ആ നിമിഷം ഞാനും പ്രാര്‍ത്ഥിച്ചു ചേട്ടന്റെ കണ്ണ് തുറന്ന് എല്ലാവരുടെയും ഇടയിലെ താരമാകാന്‍ ചേട്ടന്ഇനി കഴിയുംമോ ?ഒന്നും ഉണ്ടാവില്ല എന്ന് നല്ലപോലെ അറിയാം .എന്നിട്ടും വിശ്വാസം വരാതെ ആശുപത്രി വരെ ചേട്ടനെ എടുത്ത് കൊണ്ട് പോയി .ജീവിതത്തില്‍ഒന്നും ആവാതെ ഇരുപതാം വയസില്‍ എല്ലാവരോടും വിട പറഞ്ഞു.ജീവിച്ചക്കാലം മുഴുവന്‍ എല്ലാവരുടെയും പ്രിയ സ്‌നേഹിതനുമായി ജീവിച്ചു തീര്‍ത്തു .kuttanad.jpg.image.784.410

എന്റെ, ചേട്ടനും ഷൈന്‍ ചേട്ടനും കൂടി ഒരുമിച്ച് കുളിക്കാന്‍ പോയത് ആയിരുന്നു.എല്ലാവരും അവധിക്ക് തറവാട്ടില്‍ കൂടുമ്പോള്‍ പുഴയില്‍ കുളിക്കും.കുട്ടികള്‍ എല്ലാവരും തന്നെ ബോര്‍ഡിംഗ് ജീവിതത്തിന്റെ മടുപ്പ്തീര്‍ക്കുന്നത് ഈ പുഴയിലെ കുളിയില്‍ ആവും .പുഴ കണ്ടാല്‍ ആദ്യം അതിലേക്കു ചാടുകാ എന്നുള്ളത് ആണ്.പിന്നെ ഇഷ്ട്ടമുള്ളവര്‍ അക്കരെ വരെ നീന്തും .എന്നിട്ട് തിരിഞ്ഞു നോക്കും .ആദ്യം ആര് അക്കരെ എത്തി എന്ന്.ഈ നീന്തലും ,ബഹളവും എല്ലാം അവിടെ കുറെ വര്‍ഷമായി നടക്കുന്ന കലാപരിപാടികള്‍ ആണ് .അതുപോലെ ചേട്ടന്മാര് രണ്ടുപേരും കൂടി നീന്താന്‍തുടങ്ങി ,അവര് പോകാന്‍ നേരം വേറെ ചേട്ടന്മാരെ കുളിക്കാന്‍ വിളിച്ചതും ആണ്. ചീട്ട് കളി ആയത് കൊണ്ട് വേറെ ആര്‍ക്കും കുളിക്കാന്‍ പോകാന്‍ തോന്നിയില്ല .

ഷൈന്‍ചേട്ടന്, കുറച്ച്‌നാള്‍ മുന്‍പ് ഒരുവലിയ അപകടം കാലിന്റെ മുട്ടിന്പറ്റിയിരുന്നു.അത് കഴിഞ്ഞ് ആദ്യമായാണ് പുഴയില്‍ നീന്തിയത്.ഡ്രൈവിംഗ് ചെയ്യാനും കുറച്ച് ബുദ്ധിമുട്ട് പറഞ്ഞിരുന്നു.നീന്തി കുറച്ച് കഴിഞ്ഞപ്പോള്‍ വേദന തോന്നി കാണണം .ചേട്ടന്‍ വേദന കൊണ്ട് നീന്താന്‍ പറ്റാതെ വിഷമിച്ച സമയത്ത് അതിലൂടെ വന്ന ഒരു മണല്‍ വഞ്ചിയില്‍ കയറി പിടിച്ചതും ആയിരുന്നു .പുഴയുടെ നടുക്ക് എല്ലാം മണല്‍ വരി വലിയകുഴികള്‍ ഉണ്ട് അവര്‍ക്ക് ഇത് സ്ഥിരം കാഴ്ച ആണ് ,”മുങ്ങാന്‍ പോകുന്നു രക്ഷിക്കണേ” എന്ന് പറഞ്ഞ് കളിക്കുന്ന കുട്ടികളെ എന്നും കണ്ടിരിക്കുന്ന അവര്‍ ഷൈന്‍ ചേട്ടന്‍ പറഞ്ഞത് അത്ര കാര്യമായി എടുത്തില്ല .ചേട്ടനെ ആ കോല് കൊണ്ട് വെറുതെ തട്ടി മാറ്റി.ഇത് ഒന്നും അറിയാതെ എന്റെ ചേട്ടന്‍ അപ്പോളും നീന്തല്‍ തന്നെ .അക്കരെ ചെന്ന് തിരിഞ്ഞ് നോക്കിയപ്പോള്‍ ഷൈന്‍ ചേട്ടനെ കണ്ടുമില്ല .

തിരിച്ച് നീന്തി വരുമ്പോള്‍ ആ കമ്പിയില്‍ തട്ടി ചേട്ടന്‍ അവിടെ കിടന്നു.അതിന് അടുത്ത് തന്നെ കടത്ത് വഞ്ചി കര ഉണ്ടായിരുന്നു .അവരുടെ അടുത്ത് വരെ ചേട്ടന് നീന്തി ഏതാനും സാധിച്ചില്ല .ആരോടും സഹായം ചോദിക്കാനും പറ്റിയില്ല.ഉച്ച സമയം ആയത് കൊണ്ട് ഒരു കടവിലും ആരും ഉണ്ടായിരുന്നില്ല.പറമ്പില്‍ എന്തോ പണി ചെയ്യാന്‍ പോയ ജോലിക്കാരാണ് കടവില്‍ ഇവരുടെ ഷര്‍ട്ടും ,മുണ്ടും ,മാലയുമെല്ലാം ഇരിക്കുന്നത് കണ്ടത്.ആരാവും കുളിക്കാന്‍ പോയിരിക്കുന്നത് എന്ന് അറിയാത്തത് കൊണ്ട് ”കുട്ടികളെ കാണുന്നില്ല ”എന്ന് പറഞ്ഞ് നിലവിളിച്ചതും അവരായിരുന്നു .

അമ്മാമ്മയോട് ഷൈന്‍ ചേട്ടന്‍ ”പഴം പൊരി ഉണ്ടാക്കി വയ്ക്കണം” ഞാന്‍ ഒന്ന് ഓടി കുളിച്ചിട്ടു വരാം എന്ന്പറഞ്ഞ് എന്റെ വീട്ടില്‍ വന്ന് ചേട്ടനെയും വിളിച്ച് ,എന്റെ തലയില്‍ ഒരു തട്ട് തട്ടി അവസാന യാത്രയും പറഞ്ഞ് പോയി ………………
ഷൈന്‍ ചേട്ടന്റെ അടക്കിന്റെ സമയത്ത് ആ മണല്‍ വഞ്ചിയില്‍ ഉണ്ടായിരുന്നവര്‍ വന്നിരുന്നു . അവരുടെ കരച്ചില്‍ ,ആ സമയം വല്ലാത്ത വേദന തന്നെ ആയിരുന്നു.അപ്പാപ്പന്റെ കാലില്‍ വീണു ക്ഷമ ചോദിച്ച അവരുടെ മുഖം മറക്കാന്‍ സാധിക്കില്ല .അവര്‍ക്ക് ഷൈന്‍ ചേട്ടനെ രക്ഷിക്കാമായിരുന്നു,എന്ന് അവരുടെ വിഷമം .

ഇതിനിടയിലും എന്ത് സംഭവിച്ച് എന്ന് അറിയാതെ കിടക്കുന്ന എന്റെ ചേട്ടന്‍ കണ്ണ് തുറന്നു.പക്ഷേ ഒരു ദിവസം മുഴുവന്‍ ഒന്നും മിണ്ടിയുമില്ല.ഈ വിഷമം കൂടി കണ്ടപ്പോള്‍ എല്ലാവര്ക്കും വല്ലാത്ത പേടിയും ആയി.വെള്ളത്തില്‍ നിന്നും എന്റെ ചേട്ടനെ പൊക്കി എടുത്തപ്പോള്‍,ഷൈന്‍നെ കാണാനില്ല എന്ന് ചേട്ടന്‍ തന്നെ പറഞ്ഞിരുന്നു .

ഷൈന്‍ ചേട്ടന്റെ സഹോദരന്‍ വരാന്‍ ഉള്ളത് കൊണ്ട് അടക്ക് ഒരു ദിവസം കഴിഞ്ഞ് ആയിരുന്നു.’നിനക്ക് അവനെ രക്ഷിക്കാന്‍ പറ്റിയില്ലയല്ലേ?എന്റെ ചേട്ടനോട് അവന്റെ സങ്കടം പറച്ചില്‍ അതായിരുന്നു.എന്റെ ചേട്ടന്‍ ഷൈന്‍ ചേട്ടനെ കെട്ടി പിടിച്ച് ആ അടക്ക് കഴിയുന്നവരെ അവിടെ അടുത്ത് ഇരുന്നു.അവര് മൂന്ന് പേരും അടുത്ത പ്രായം ആയിരുന്നു.ആ നടുക്കത്തില്‍ നിന്നും ആ പൊട്ടി കരച്ചിലൂടെ ഒരു മുക്തി കിട്ടി കാണു .ഈ സംഭവം കഴിഞ്ഞതില്‍ പിന്നെ ആരും പുഴയില്‍ പോകാറില്ല.എന്റെ നീന്തല്‍ പഠനം എല്ലാം പകുതിയില്‍ നിന്ന് പോയി.കുട്ടിക്കാലത്ത് തന്നെ പുഴയോട് എല്ലാവര്ക്കും പേടിയുമായി.ആരും പുഴയില്‍ പോയി കുളിക്കാനും ഇഷ്ട്ടപ്പെട്ടിരുന്നില്ല.

കാലം മുറിവുകള്‍ ഉണക്കും.അതും ശരി ആണ്.ഇപ്പോള്‍ എന്റെ കുട്ടികള്‍ക്കും മറ്റു കുട്ടികള്‍ക്കും പുഴയില്‍ കുളിക്കണം എന്ന വാശി ആണ് .അവരുടെ കൂടെ ആ വഴികളില്‍ കൂടി എല്ലാവരും നടന്ന് നോക്കുന്നു. മനസിലെ ഭാരവും ,ആ വേദന കണ്ട വിഷമവും എല്ലാം കൂടി ഞാനും എന്റെ പുഴയില്‍ ഒന്ന് കൂടി കുളിക്കാന്‍ ഇറങ്ങി ( ഒരു ഇരുപത് വര്ഷം കഴിഞ്ഞ്)കാലുകളില്‍ മരവിപ്പ് തന്നെ ആയിരുന്നു .എന്നാലും ആ പുഴയിലെ തണുപ്പ് എന്റെ തല വരെ നല്ലപോലെ നനച്ചപോലെ എനിക്കും തോന്നി .

എന്റെ നടുക്കവും ,പേടിയും എല്ലാം ആ കടവില്‍ തന്നെ ഉപേക്ഷിച്ച് തിരിച്ച് പോന്നു.നമ്മുടെ പ്രിയപെട്ടവര്‍ നഷ്ട്ടപ്പെടുന്ന വേദന എത്ര ആണെന്നും,അതില്‍ നിന്നും മനസ് കര കയറുവാന്‍ നാള്‍ ഏറെ എടുക്കും,അവരൊക്കെ മനസ്സില്‍ എന്നും ജീവിക്കും.എവിടെ പുഴ കണ്ടാലും എനിക്ക് ഇഷ്ട്ടം തോന്നും,ആ വെള്ളത്തില്‍ ഒന്ന് കാല് നനയ്ക്കാന്‍ എനിക്ക് തോന്നും.

എന്നാലും നമ്മിലെ നഷ്ട്ടം ഓര്‍ക്കുമ്പോള്‍ മനസ്സില്‍ നോവാവും.ആ നോവ് നമ്മളെ വിട്ട് പോവാതെയിരിക്കാന്‍ അവര്‍ നമ്മളെ ഏല്‍പ്പിച്ചു പോകുന്നത് ആവാം ‘ദുക്‌റാനാകള്‍ !

ഷൈന്‍ ചേട്ടന്റെ മരണം കഴിഞ്ഞ് ഒരു സിനിമ വന്നു ”മൂന്നാം പക്കം ” .അപ്പാപ്പന്‍ എല്ലാ കുട്ടികളെയും ആ സിനിമ കൊണ്ട് പോയി കാണിച്ചു . എല്ലാവരുടെയും മനസിലെ പേടി മാറി കിട്ടണം എന്ന് വിചാരിച്ച് ആവും ആ സിനിമയ്ക്കു എല്ലാവരെയും കൊണ്ടു പോയത് .സിനിമ കഴിഞ്ഞു ഇറങ്ങിയപ്പോള്‍ മരണം എന്നത് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ലല്ലോ എന്നുള്ള സത്യം മനസിലാക്കി ആ സിനിമയോട് കൂടെ എല്ലാവരും അവിടെ ഇരുന്ന് കരഞ്ഞു എന്നത് അതിലെ ആരും അറിയാത്ത കാര്യവും …………….

മിഷി സിയാ (അറിയപ്പെടുന്ന ബ്ലോഗറായ സിയാ അമേരിക്കന്‍ മലയാളിയാണ് )



Scroll To Top