Wednesday September 20, 2017
Latest Updates

സ്വപ്നങ്ങള്‍ തീരാത്ത ജീവിതരാവുകള്‍ ( കഥ- സെബി സെബാസ്റ്റ്യന്‍ )

സ്വപ്നങ്ങള്‍ തീരാത്ത ജീവിതരാവുകള്‍ ( കഥ- സെബി സെബാസ്റ്റ്യന്‍ )

മ്മ കോഴികളെ തീറ്റ കൊടുക്കാനായി വിളിക്കുന്ന ശബ്ദം കേട്ടാണ് അന്നും ഉണര്‍ന്നത് .കൂടാതെ അയല്‍ വീട്ടിലെ മേരിചേച്ചിയും വന്നിട്ടുണ്ട്. അവര്‍ തമ്മില്‍ നാട്ടുവിശേഷങ്ങള്‍ പങ്കുവക്കുന്നതും കേള്‍ക്കാം. രാവിലെ തന്നെ നല്ല സൂര്യപ്രകാശം ജനാലയിലൂടെ മുറിയിലേക്ക് വരുന്നുണ്ട് .എഴുന്നേറ്റു ബാത്‌റൂമില്‍ പോയി ഫ്രഷ് ആയി വന്നു ഡൈനിങ്ങ് ടേബിളില്‍ ഇരുന്നപ്പോഴേക്കും ഭാര്യ ആവി പറക്കുന്ന പുട്ടും കടലക്കറിയും കൊണ്ട് വച്ചു .അത് കഴിച്ചു ചായയും കുടിച്ചു എഴുന്നേറ്റു ഡ്രസ്സ് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ തേച്ചു വച്ചിരുന്ന ഷര്‍ട്ട് ഭാര്യ അലമാരിയില്‍ നിന്ന് എടുത്തു തന്നിട്ട് പറഞ്ഞു , ‘വൈകീട്ട് പോരുമ്പോള്‍ മാര്‍ക്കറ്റില്‍ നിന്ന് നല്ല മീന്‍ കിട്ടുമെങ്കില്‍ കുറച്ചു വാങ്ങിയേരെ’ . ker

ലഞ്ച് ബോക്‌സും ബാഗിലാക്കി ബൈക്ക് സ്റ്റാര്‍ട്ട് ആക്കി നേരെ സ്‌കൂളിലേക്ക് . 9.50 നു പീയുണ്‍ ബെല്‍ അടിക്കുമ്പോഴേക്കും സ്‌കൂളില്‍ എത്തണം. എന്ത് സുഖമുള്ള ജോലി. 10 മണി മുതല്‍ 4 മണി വരെ. വീടിനടുത്തുതന്നെയുള്ള സ്‌കൂളില്‍ അധ്യാപകനായി ജോലി കിട്ടുന്നത് ഒരു ഭാഗ്യം തന്നെയാണ്. ധാരാളമായി ലഭിക്കുന്ന ഒഴിവു സമയങ്ങളില്‍ നാട്ടു കാര്യങ്ങളും പള്ളികാര്യങ്ങളും നോക്കി നടക്കാം .ഈ ഗ്രാമത്തില്‍ ആകയുള്ള ഒരു അദ്ധ്യാപകന്‍ .സ്‌കൂളിന്റെ ഗേറ്റില്‍ എത്താറായി.. പീയുണ്‍ ബെല്‍ അടിക്കാന്‍ വരാന്തയിലൂടെ വരുന്നത് കാണാം .

ടര്‍.. ടര്‍…. ടര്‍ ….

ങേ,.. എന്താണ് സ്‌കൂള്‍ ബെല്ലിനു ഇന്ന് വേറിട്ട ഒരു ശബ്ദം ! ഒന്ന് കൂടി ചെവി കൂര്‍പ്പിച്ചു ശ്രദ്ധിച്ചു.

ടര്‍.. ടര്‍…. ടര്‍…
ങേ.., സമയം 9.50 അല്ല.. !ഞാന്‍ ബൈക്കില്‍ സ്‌കൂളില്‍ എത്തിയിട്ടില്ല.. !

അയര്‍ലണ്ടിലെ ഒരു വാടക അപ്പാര്‍ട്ടുമെന്ടിലെ കട്ടിലില്‍ കിടക്കുകയാണ്..! സമയം രാവിലെ 7 മണി…. മൊബൈല്‍ ഫോണിലെ അലാറം ആയിരുന്നു അത് ..!!.

എല്ലാം ഒരു സ്വപ്നമായിരുന്നു എന്ന് വേദനയോടെ തിരിച്ചറിയുന്നതിനു മുന്‍പേ മനസ്സില്‍ ആധികയറി. 8.30 നു ഭാര്യ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു തിരിച്ചു വരുന്നതിനു മുന്‍പ് എനിക്ക് ജോലിക്ക് പോകണം .അതിനിടയില്‍ 2 കുട്ടികളെ എഴുന്നേല്പ്പിച്ചു പല്ലുതെപ്പിച്ചു ബ്രേക്ഫാസ്റ്റ് കൊടുത്തു ലഞ്ച് ബോക്‌സ് ആക്കി യുണിഫോം ധരിപ്പിച്ചു സ്‌കൂളില്‍ ആക്കണം. അതിനിടയില്‍ ഞാന്‍ ബ്രേക്ഫാസ്റ്റ് കഴിച്ചെങ്കില്‍ ആയി …!

കട്ടിലില്‍ നിന്ന് ചാടി എഴുന്നേറ്റ് 1.30 മണികൂര്‍ നീണ്ടു നില്ക്കുന്ന ആ അങ്കത്തിനായി ഇറങ്ങി.ഞാന്‍ ജോലിക്ക് പോകുന്ന വഴിക്കാണ് കുട്ടികളെ സ്‌കൂളില്‍ ഇറക്കുന്നത് ഭാര്യക്കുള്ള അന്നത്തെ മെസ്സേജ് ഒരു കൊച്ചുപേപ്പറില്‍ എഴുതി അടുക്കളയില്‍ പതിവായി ഒട്ടിക്കാറുള്ള കബോര്‍ടിന്റെ ഡോറില്‍ ഒട്ടിച്ചുവച്ചു.

ഞാന്‍ വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു വരുമ്പോഴേക്കും എനിക്കുള്ള മെസ്സേജ് അതേ സ്ഥലത്ത് ഒട്ടിച്ചു വച്ച് അവള്‍ നൈറ്റ് ഡ്യൂട്ടി ക്ക് പോയിട്ടുണ്ടാവും.കമിതാക്കളെ പോലെ പരസ്പരം കാണാതെ ഞങ്ങള്‍ കൈമാറുന്ന ഈ കുറിപ്പടികള്‍ പക്ഷെ പ്രണയ ലേഖനങ്ങള്‍ അല്ല ഓരോരുത്തരും ചെയ്ത ജോലിയുടെയും മറ്റെയാള്‍ ഇനി ചെയ്യാനുള്ള ജോലിയുടെയും ലിസ്റ്റാണ്.. 

രോഹനെയും നീതുവിനെയും ഒരുക്കി വീടിന്റെ വാതില്‍ പൂട്ടി കാറില്‍ കയറുന്നതിനു മുന്‍ പായി ഒരിക്കല്‍ കൂടി ഫോണില്‍ സമയം നോ ക്കി 8.25 .ഇപ്പോള്‍ ഇറങ്ങിയാലെ ട്രാഫിക് ബ്ലോക്കും കഴിഞ്ഞു 9 മണിക്ക് എനിക്ക് ജോലിസ്ഥലത്ത് എത്താന്‍ കഴിയു . കുട്ടികളെ സ്‌കൂളിന്റെ ഗേറ്റില്‍ ഇറക്കി വിട്ടു ‘ബൈ ബൈ ഹാവ് എ നൈസ് ഡേ ‘എന്ന് പതിവുപോലെ യാന്ത്രികമായി പറഞ്ഞു കാര്‍ തിരിക്കുമ്പോള്‍ ഇന്നും ട്രാഫിക് ബ്ലോക്കില്‍ പെട്ട് ജോലിക്ക് കയറാന്‍ ലേറ്റ് ആകുമോ എന്ന ആധിയായിരുന്നു മനസ്സില്‍.

എന്നും ഞാന്‍ വരുമ്പോള്‍ ബോസ്സിന്റെ കണ്ണുകള്‍ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന ക്ക്‌ലോക്കിലേക്ക് പായുന്നത് ഞാന്‍ കാണാറുണ്ട്. ഇവരോട് ഞാന്‍ ലേറ്റ് ആയതിനു എന്തുകാരണമാണ് എല്ലാദിവസവും പറയുക? ഒരു ഐറിഷ് മലയാളിയുടെ ജീവിതവും ഒരു ഐറിഷ്‌കാരന്റെ ജീവിതവും തമ്മില്‍ മഞ്ഞു മലയും മരുഭൂമിയും പോലത്തെ അന്തരമുണ്ടെന്നു ഞാന്‍ എങ്ങനെയാണ് ഇവര്‍ ക്ക് മനസ്സിലാകി കൊടുക്കുക? അന്നും പതിവുപോലെ N 7 നില്‍ ഒച്ചി നെപോലെ ഇഴയുന്ന കാറുകളുടെ വാലറ്റത്ത് എന്റെ കാറും സ്ഥാനം പിടിച്ചു.
അപ്പോള്‍ രാവിലെ കണ്ട സ്വപ്നത്തെപറ്റി ഓര്‍ത്തു. പിന്നിട് മനസ്സ് 8 വര്‍ഷങ്ങള്‍ പുറകിലേക്ക് സഞ്ചരിച്ചു .അന്ന് ഗ്രാമത്തിലെ സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ഒരു നേഴ്‌സിനെ വിവാഹം ചെയ്തത് . പണമോഴിച്ചു മറ്റെല്ലാം ഉണ്ടായിരുന്ന നാളുകള്‍ .കുട്ടികാലത്ത് ഒപ്പം കളിച്ചു നടന്ന വര്‍ഗീസ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തി വലിയ വീട് വച്ചു.ഒരുമിച്ചു പഠിച്ച ജോസും രാജേഷും എല്ലാം വലിയ വീടുകള്‍ പണിതു .നേഴ്‌സിനെ ഭാര്യയായി ലഭിച്ചപോള്‍ എന്റെ മനസ്സിലും പുതിയ സ്വപ്നങ്ങള്‍….. വിദേശത്തുപോയാല്‍ വലിയൊരു വീട് അതുപോലെ എനിക്കും പണിയാം.അല്ലാതെ ഈ മാസ ശമ്പളം കൊണ്ട് ഒരിക്കലും അതിനു കഴിയില്ല.ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വിമാനയാത്ര…. സമൂഹ്യപാഠ പുസ്തകത്താളുകളില്‍ മാത്രം കണ്ട യുറോപ്പിന്റെ ഭൂപ്രകൃതി.. നഗരങ്ങള്‍ …. അവിടെ ഒരു ജീവിതം …. 

പിന്നെ അവധിക്കു വരുമ്പോള്‍ നമ്മെ കാത്തിരിക്കുന്ന ബന്ധു മിത്രാദികള്‍.. അവരോടു യുറോപ്പിലെ വിശേഷങ്ങള്‍ ഒരു പട്ടാളക്കാരന്റെ വാക് ചാതുരിയോറെ വര്‍ണ്ണിക്കല്‍ ..VIP യെ പോലെ ഒരു മാസത്തെ അവധിക്കാലം കഴിഞ്ഞു കേരളത്തിനെയും കണ്ട്രി മലയാളികളെയും കുറച്ചു കുറ്റം പറഞ്ഞു വീണ്ടും വിമാനത്തില്‍ തന്നെ ഒരു തിരിച്ചു പോക്ക്…ഇതെല്ലം നടക്കാത്ത സ്വപ്നങ്ങള്‍ അല്ലെ…?

പക്ഷെ ഒരു ദിവസം ആ സ്വപ്നങ്ങള്‍ എല്ലാം യാധാര്‍ഥ്യമായി .ഭാര്യ അയര്‍ലണ്ടിലേക്ക് തിരിച്ചു.
‘ ദെ ,നമ്മുടെ സാറ് സ്‌കൂളില്‍ നിന്ന് അവധിയെടുത്ത് അയര്‍ലണ്ടിലേക്ക് പോകുന്നു ‘ കാട്ടുതീ പോലെ ആ വാര്‍ത്ത നാടെങ്ങും പരന്നു. കവലകളിലും പള്ളിയിലും വച്ച് കുശലം പറഞ്ഞു കളിച്ചു ചിരിച്ചിരുന്നവര്‍ക്കെല്ലാം പിന്നീട് എന്നെ കാണുമ്പോഴെല്ലാം എന്തോപോലെ ആയിരുന്നു.. അത് വെറും ഒരു അസൂയ മാത്രമായിരുന്നു എന്ന് ഞാന്‍ ഇന്നും വിശ്വ സിക്കുന്നില്ല !!

8 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ കണ്ട ആ സ്വപ്ന ജീവിതത്തിലാണ് ഞാന്‍ ഇന്ന് .യുറോപ്പിലെ ഭൂപ്രകൃതി കണ്ടു യുറോപ്പിലെ ഒരു നഗരത്തിലൂടെ കാര്‍ ഓടിച്ചു കൊണ്ടിരിക്കുന്നു …പക്ഷെ ദിവസവും ബ്ലോക്കില്‍ പെട്ട് ഇഴഞ്ഞു നീങ്ങുന്ന കാറിനെ പോലെ യാന്ത്രികമായ ജീവിതം .സ്വപ്നങ്ങള്‍ സ്വപ്നങ്ങളായിതന്നെ നിലനില്ക്കുന്നതാണ് സുഖം. അവ യാധാര്‍ഥ്യങ്ങളായി പരിണമിക്കുമ്പോള്‍ സ്വപ്നങ്ങള്‍ക്കും അതിന്റെ സുഖങ്ങള്‍ക്കും മരണം സംഭവിക്കുന്നു . ആയിരിക്കുന്ന അവസ്ഥയില്‍ സംതൃപ്തി കണ്ടെത്തണമെന്നാണ് ഗുരു വചനം. എന്നാല്‍ അത് ഒരുവന്‍ മനസ്സിനെ സ്വയം പറ്റിക്കുന്നതു പോലെയല്ലേ ? ഏതുനിമിഷവും പൊട്ടി പോകാവുന്ന ഒരു കുമിളയല്ല ജീവിതം, സ്വപ്നങ്ങള്‍ നിറച്ച ഭാന്ധമാണ് ജീവിതം… അതും പേറി ജീവിതരാവുകള്‍ താണ്ടണം. മറുപുറം എത്തിയാല്‍ പുലരി കാണുമോ എന്ന് നിശ്ചയമില്ലാത്ത രാവുകള്‍ …

കാര്‍ ഓഫീസിന്റെ കാര്‍പാര്‍ക്കില്‍ എത്തിയപ്പോഴേക്കും സമയം 9 മണി കഴിഞ്ഞു 2 മിനുട്ട്!! എന്‍ട്രന്‍സ് ഡോറിനെ ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു …ഇപ്പോള്‍ മനസ്സുനിറയെ മറ്റൊരു സ്വപ്നമാണ് .ഒരിക്കല്‍ കൂടി സൂര്യപ്രകാശം അരിച്ചിറങ്ങുന്ന മുറിയില്‍ അലസമായി ഉറങ്ങി എഴുന്നേല്‍ക്കണം.. അമ്മ കോഴികളെ വിളിക്കുന്ന ശബ്ദം കേട്ട്… അയല്‍വീട്ടുകാര്‍ അമ്മയോട് നാട്ടു വിശേഷങ്ങള്‍ പറയുന്ന ശബ്ദം കേട്ട് ….ഭാര്യ ഉണ്ടാക്കിയ ആവിപറക്കുന്ന പുട്ടും കടലയും കഴിച്ചു… ഒരിക്കല്‍ കൂടി ബൈക്ക് ഓടിച്ചു സ്‌കൂള്‍ മുറ്റത്ത് എത്തണം.. ഞായറാഴ്ചകളിലും കവലകളിലുംനാട്ടുകാരോ ട് വര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കണം ..

മെയിന്‍ ഡോറിലെ കോളിംഗ് ബെല്‍ നീട്ടി അടിച്ചു.

seby sപിടിതരാതെ അലഞ്ഞുനടന്ന സ്വപ്നങ്ങളെയെല്ലാം മനസ്സിന്റെ ഒരു കോണില്‍ അടച്ചു വച്ച് ശരീരത്തെയും മനസ്സിനെയും ഒരു യന്ത്രം പോലെ ഒരുക്കി ജോലിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങി.ഒരു ഐറിഷ് സ്റ്റാഫ് വന്നു വാതില്‍ തുറന്നു. മുഖത്ത് ചിരി വരുത്തി ഗുഡ്‌മോര്‍ണിംഗ് പറഞ്ഞു ഞാന്‍ അകത്തേക്ക് നടന്നു …

Sebi Sebastian , Celbridge

Scroll To Top