Sunday May 27, 2018
Latest Updates

ഹാലോവീന്റെ കാണാപ്പുറങ്ങളും കത്തോലിക്കാ സഭയും

ഹാലോവീന്റെ കാണാപ്പുറങ്ങളും കത്തോലിക്കാ സഭയും

നിയുള്ള ദിവസങ്ങള്‍ അയര്‍ലണ്ടിലെ പ്രധാന ആഘോഷങ്ങളിലൊന്നായ ഹാലോവിന്റേത്. ഒക്ടോബറിന്റെ അവസാന ദിവസങ്ങളിലാണ് ഹാലോവിന്‍ ആഘോഷങ്ങള്‍ നടക്കുക.

ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ്, വിഗ്രഹാരാധനയുടെ കാലത്താണ് ഹാലോവിന്റെ തുടക്കം.അക്കാലത്ത് അയര്‍ലണ്ടിലെ ജനങ്ങള്‍ മിക്കവരും കര്‍ഷകരായിരുന്നു.അവര്‍ ഒക്ടോബറിലെ വേനല്‍ക്കാലത്തിന്റെ അവസാനവും, തണുപ്പുകാലത്തിന്റെ ആരംഭവും ഒരു ആഘോഷമായിക്കണ്ടുപോന്നു. ഈ സമയത്ത് ദുരാത്മാക്കള്‍ എത്തുമെന്നായിരുന്നു ഇവരുടെ വിശ്വാസം. ഈ ദുരാത്മാക്കളെ പേടിപ്പിച്ചോടിക്കാനായി ആളുകള്‍ ഭീകരവേഷങ്ങള്‍ കെട്ടുകയും മറ്റും ചെയ്തു. ഇതാണ് ഇന്ന് ഹാലോവിന്‍ ആഘോഷമായി തുടര്‍ന്നു പോരുന്നത്.അയര്‍ലണ്ടില്‍ നിന്നും അമേരിക്കയിലേയ്ക്ക് കുടിയേറിയവരാണ് ഇന്ന് കാണുന്ന തരത്തിലുള്ള ആഘോഷമായി ഹാലോവിനെ മാറ്റിയത്.

നാം ഓണത്തിന് ഓണത്തപ്പനെ പ്രതിഷ്ഠിക്കുന്നത് പോലെ ഐറിഷ് ഭവനങ്ങളില്‍ ഇക്കാലത്ത് പ്രകാശിതമായ മത്തങ്ങാ തൂങ്ങി കിടക്കുന്നത് കാണാറില്ലേ?ഹാലോവിന്റെ പ്രധാന സൂചകമാണ് ആ മത്തങ്ങ.

സ്വര്‍ഗത്തിലോ നരകത്തിലോ പ്രവേശനമില്ലാത്ത ‘സ്റ്റിങ്കി ജാക്കിനെ’ പേടിപ്പിക്കുക എന്ന സങ്കല്‍പ്പത്തിലാണ് മത്തങ്ങയില്‍ ഭീകര രൂപങ്ങള്‍ ഉണ്ടാക്കുന്നത്.അയര്‍ലണ്ടിലെ ഒരു ഗ്രാമത്തില്‍ വളര്‍ന്ന തെമ്മാടിയായ ഒരു ചെറുപ്പക്കാരനായിരുന്നു സ്റ്റിങ്കി ജാക്ക് എന്നാണ് ഐതിഹ്യം.കള്ളുകുടിയന്‍,അനുസരണയില്ലാത്തവന്‍ എന്നൊക്കെ ആളുകള്‍ വിളിച്ചെങ്കിലും ആളൊരു സൂത്രക്കാരനായിരുന്നു.തനിക്ക് ഭാഗ്യം തരുന്നതില്‍ നിന്നും ദൈവത്തെ തടയുന്നത് ചെകുത്താന്റെ പ്രവര്‍ത്തനം കൊണ്ടാണ് എന്ന് അവന്‍ വിശ്വസിച്ചിരുന്നു!

ഒരിക്കല്‍ കള്ളുകുടിക്കാന്‍ ജാക്കിന് കൂട്ട് കിട്ടിയത് ഒരു ചെകുത്താനെ തന്നെ ആയിരുന്നു.കള്ളുകുടിയൊക്കെ കഴിഞ്ഞു പണം കൊടുക്കേണ്ട സമയമായപ്പോഴാണ് രണ്ടു പേരുടെ കീശയിലും കാശില്ലെന്ന് മനസിലായത്.സൂത്രക്കാരനായ ജാക്ക് ചെകുത്താനോട് ഒരു നാണയമായി മാറാന്‍ ആവശ്യപ്പെട്ടു.ആ നാണയം പബ്ബില്‍ കൊടുത്ത് രക്ഷപ്പെടാനായിരുന്നു പദ്ധതി.

ചെകുത്താന്‍ സമ്മതിച്ചു.സ്വയം നാണയമായി മാറി.ഇതോടെ ജാക്ക് പദ്ധതി മാറ്റി.നാണയം പോക്കറ്റില്‍ ഒളിപ്പിച്ചു.കീശയില്‍ കിടന്ന ക്രൂശിതരൂപം കൊണ്ട് ചെകുത്താനെ ബന്ധിച്ച് ഒതുക്കി.പബ്ബുകാരനെ കബളിപ്പിച്ച് പണം കൊടുക്കാതെ അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു.

രക്ഷപ്പെടാന്‍ വേണ്ടി നിലവിളിച്ച ചെകുത്താനോട് അടുത്ത ഒരു വര്‍ഷത്തേക്ക് തന്നെ ശല്യം ചെയ്യരുതെന്നും,ഭാഗ്യം തേടുന്നതില്‍ നിന്നും തടയരുതെന്നും ജാക്ക് ആവശ്യപ്പെട്ടു.അത് സമ്മതിച്ച ചെകുത്താന്‍ അങ്ങനെ മോചിതനായത്രേ.പിന്നീട് ഒരു വര്ഷം കഴിഞ്ഞപ്പോള്‍ വീണ്ടും ജാക്കിന്റെ തന്ത്രത്തില്‍ കുടുങ്ങിയ ചെകുത്താനെ വിട്ടയച്ചത് പത്തു വര്‍ഷത്തേയ്ക്ക് തന്നെ ശല്യം ചെയ്യരുത് എന്ന കരാറോടെയാണ്.ഒപ്പം പുതിയ ഒരു വ്യവസ്ഥയും കൂട്ടി ചേര്‍ത്തു.’ഞാന്‍ മരിച്ചാലും നരകത്തില്‍ പോകാന്‍ ഇട വരുത്തരുത്!…

അങ്ങനെ ചെകുത്താന്‍ സ്വതന്ത്രനായെങ്കിലും അധികം താമസിയാതെ ജാക്ക് മരിച്ചു.കുതന്ത്രങ്ങളുടെ ആശാനും,മുക്കുടിയനുമായിരുന്ന ജാക്കിനെ സ്വര്‍ഗത്തില്‍ കയറ്റി വിടാന്‍ ദൈവം അനുവദിച്ചില്ല…മാത്രമല്ല നരകത്തിലേക്ക് അയയ്ക്കുകയും ചെയ്തു.അവിടെ ചെന്നപ്പോഴല്ലേ രസം…മുന്‍ കരാര്‍ അനുസരിച്ച് നരകത്തില്‍ കയറ്റാന്‍ ചെകുത്താനും അനുവദിച്ചില്ല,

നിരാശനായ ജാക്ക് അങ്ങനെ ഭൂമിയിലേയ്ക്ക് തിരിച്ചു പോരാനുള്ള അനുവാദം ചെകുത്താനോട് ചോദിച്ചു.ദയാലുവായ ചെകുത്താന്‍ അതനുവദിച്ചു.പക്ഷെ ഒരു കണ്ടീഷന്‍…രാത്രിയില്‍ മാത്രമേ പോകാവൂ.അതിനായി ഒരു റാന്തല്‍ വിളക്കും ജാക്കിന് അനുവദിച്ചു കൊടുത്തു!

കെട്ടു പോകാതിരിക്കാന്‍ റാന്തല്‍ സൂക്ഷിച്ചു വെയ്ക്കാന്‍ ഒരു മത്തങ്ങയും നല്‍കിയത്രേ ചെകുത്താന്‍.ആ വിളക്കുമായി ജാക്ക് അനന്തകാലത്തോളം ഇവിടെ രണ്ടിടത്തുമല്ലാതെ അലഞ്ഞുനടക്കുമെന്നാണ് വിശ്വാസം.ജാക്കിനെയാണ് ഹാലോവിനിലെ ‘മത്തങ്ങാ വിളക്ക്’ അനുസ്മരിപ്പിക്കുന്നത് എന്നാണ് ഐറിഷുകാര്‍ കരുതുന്നത്.പക്ഷെ നല്ലവനാണത്രെ ജാക്ക്.അത് കൊണ്ട് തന്നെ കുട്ടികള്‍ക്ക് പോലും ജാക്കിനെ പേടിയില്ല..!

ദുഷ്ടശക്തികള്‍ക്കെതിരെ പ്രേതരൂപം കെട്ടി ആഘോഷിക്കുന്ന ഹാലോവീനെതിരെ വത്തിക്കാനില്‍ 2014ല്‍ ഒരു യോഗം നടന്നിരുന്നു. ബാധയൊഴിപ്പിക്കുന്നവര്‍ (എക്സോര്‍സിസ്റ്റ്സ്) നടത്തിയ ആ യോഗത്തില്‍ ഹാലോവീനെ, ‘ഹോളിവീന്‍’ ആക്കി മാറ്റണമെന്നുള്ളതായിരുന്നു പ്രധാന ചര്‍ച്ച. പ്രേതരൂപികളായി ആളുകള്‍ വേഷം കെട്ടുന്നതിനു പകരം, കുട്ടികളെ സന്ന്യാസിമാരും പുരോഹിതരുമായി വേഷം ധരിപ്പിച്ച്, പ്രാര്‍ത്ഥനയുമായി ‘ഹോളിവീന്‍’ ആഘോഷിക്കുക എന്നതായിരുന്നു ഇവര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം.

ഐറിഷ് സംസ്‌കാരത്തില്‍ സ്ഥാനം പിടിച്ച ഹാലോവീനെ ഒഴിവാക്കുകയെന്നത് ഒരു വിഭാഗം കേരളീയര്‍ ‘ഓണത്തെ’ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് പോലെയൊരു പാഴ്വേലയാകാനാണ് സാധ്യത.എന്നാല്‍ 2016ലെ ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായിട്ടും ആ നിര്‍ദ്ദേശം നടപ്പായില്ല എന്നു മാത്രം.

മരിച്ചവരുടെ ഓര്‍മ്മ പുരാതന കെല്‍റ്റിക് സമൂഹവും ആചരിച്ചിരുന്നു.സമ്മറിന്റെ അവസാനവും വിന്ററിന്റെ ആരംഭവും കണക്കാക്കിയാണ് ആഘോഷം നടത്തുക.ഇതിന്റെ ചുവടു പിടിച്ചാണ് ആധുനിക കത്തോലിക്കാ സഭയും പിന്നീട് ഇതേ കാലഘട്ടത്തില്‍ തന്നെ സകല മരിച്ചവരുടെയും തിരുനാള്‍ ആചരിച്ചത് എന്നും ചരിത്രരേഖകള്‍ പറയുന്നു.കാലാന്തരത്തില്‍ പല മാറ്റങ്ങളും ആഘോഷങ്ങള്‍ക്ക് വന്നുചേര്‍ന്നു എന്നു മാത്രം.

ഹാലോവീന്‍ ആഘോഷങ്ങള്‍ തങ്ങളുടെ കുട്ടികള്‍ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്ന് പല രക്ഷിതാക്കളും പരാതിപ്പെട്ടതാണ് ആഘോഷത്തെ നിരോധിക്കാന്‍ എക്സോര്‍സിസ്റ്റുകളെ പ്രേരിപ്പിച്ചത്. ഇതാണ് ഹോളിവീന്‍ എന്ന സാധ്യതയെപ്പറ്റി അവരെ ചിന്തിപ്പിച്ചതും. വത്തിക്കാന്‍ 2014ല്‍ ദി ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റ്സിനെ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു.

ഓണമില്ലാത്ത ഒരു കാലത്തെ പറ്റി മലയാളിക്ക് ചിന്തിക്കാന്‍ ആവുമോ?അതുപോലെ തന്നെയാവും പക്ഷേ,ഹാലോവിനില്ലാത്ത അയര്‍ലണ്ടും.
റെജി സി ജേക്കബ്

Scroll To Top