Thursday September 21, 2017
Latest Updates

മെറ്റ് എറാന്‍ പ്രവചിച്ച വഴിയില്‍ റേച്ചല്‍ വന്നില്ല ,ഡബ്ലിനില്‍ വിമാനങ്ങള്‍ റദ്ദാക്കി 

മെറ്റ് എറാന്‍ പ്രവചിച്ച വഴിയില്‍ റേച്ചല്‍ വന്നില്ല ,ഡബ്ലിനില്‍ വിമാനങ്ങള്‍ റദ്ദാക്കി 

ഫോട്ടോ :റേച്ചല്‍ പ്രധാനമന്ത്രിയ്ക്ക് നേരേ 🙁വഴി തെറ്റി ഡബ്ലിനില്‍ എത്തിയ റേച്ചല്‍ കൊടുങ്കാറ്റ് പ്രധാനമന്ത്രി എന്ടാ കെന്നിയ്ക്കും ,മന്ത്രി ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാല്‍ഡിനും വേണ്ടി അകമ്പടിക്കാര്‍ കരുതിയ കുട ശക്തമായ കാറ്റില്‍ ഒടിച്ചു പറത്തുന്നു !(ഫീനിക്‌സ് പാര്‍ക്കിലെ ഗാര്‍ഡ ഹെഡ് ക്വാര്‍ട്ടെഴ്‌സില്‍ നിന്നുള്ള ദൃശ്യം )
ലീമറിക്ക് :മെറ്റ് എറാന്റെ റെഡ് അലര്‍ട്ട് പ്രഖ്യാപനം കേട്ട് ഭീതിതമായ പുലര്‍ച്ചയെ സ്വപ്നം കണ്ടുറങ്ങാന്‍ പോയ ലീമറിക്കുകാര്‍ നേരം വെളുത്തപ്പോള്‍ അന്തിച്ചു പോയി.സൂര്യന്‍ അതിരാവിലെ തന്നെ പുഞ്ചിരി തൂകി ലീമറിക്കിനെ അനുഗ്രഹിച്ചു നില്‍ക്കുന്നു !ശുഭോദാര്‍ക്കമായ ഇളം കാറ്റ് …ഇത്ര സുന്ദരമായ ഒരു ദിവസം അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ല എന്ന ചിലരുടെ പ്രഖ്യാപനം കൂടി കേട്ടപ്പോള്‍ ഒരിക്കലും നാണം കെടാത്ത മെറ്റ് എറാന്‍ പോലും നാണം കെട്ടു പോയി.

റേച്ചലിനെ കാണാന്‍ അതിരാവിലെ ഉറക്കം എഴുനേറ്റ പലരും കാത്തിരുന്നത് വെറുതെയായി.കിട്ടിയ അവധി ഘോഷിക്കാന്‍ തന്നെ പലരും തീരുമാനിച്ചു.കുട്ടികള്‍ക്ക് അവധിയായതു കൊണ്ട് പല വീടുകളിലും രക്ഷിതാക്കളും അവധിയെടുത്തിരുന്നു.റേച്ചല്‍, ഒരു അവധി നഷ്ടപ്പെടുത്തിയ സങ്കടത്തിലായിരുന്നു ഇന്ന് ലിമറിക്കുകാര്‍.എങ്കിലും ഉച്ചകഴിഞ്ഞ് പെയ്ത ശക്തമായ മഴ ‘മോശം കാലാവസ്ഥ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് ‘സമാധാനം’ നല്‍കി 

പലരും മെറ്റ് എറാനെ പഴിച്ചു.ലോക്കല്‍ എഫ് എം റേഡിയോയിലൂടെയാണ് പരാതി പ്രകടിപ്പിക്കാന്‍ മിക്കവരും തുനിഞ്ഞത്.സഹികെട്ട മെറ്റ് എറാന്‍ വക്താവ് അവസാനം മറുപടിയുമായിയെത്തി.കാലാവസ്ഥാ പ്രവചനത്തില്‍ ഇങ്ങനെയൊക്കെ ഉണ്ടാവാം എന്നും സുരക്ഷയും മുന്‍ കരുതലും പരിഗണിച്ച് അല്‍പ്പമൊക്കെ കൂട്ടിപ്പറയാറുണ്ട് എന്നും അദ്ദേഹം വെളിപ്പെടുത്തി.

മെറ്റ് ഏറാന് വേണ്ടി മറുപടി പറഞ്ഞ പാറ്റ് ക്ലാര്‍ക്കിന്റെ അഭിപ്രായപ്രകാരം ‘കണ്ണില്‍ കൊള്ളേണ്ടതു പുരികത്തേല്‍ തട്ടി പോയതാണ്.’ഭീകരമായി പാഞ്ഞു വന്നിരുന്ന റേച്ചല്‍ ഇംഗ്ലണ്ടിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ പരക്കെ നാശമുണ്ടാക്കി വരവേ പിന്നീട് നിരവധി ടോര്‍ണേഡകളെ സ്രുഷ്ട്ടിച്ചു ദുര്‍ബലമായി പോയി.ഒറ്റയടിയ്ക്ക് റേച്ചല്‍ വീശിയടിക്കാതതിനാല്‍ അയര്‍ലണ്ട് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു എന്നാണ് അദ്ദേഹം പറഞ്ഞത്.

അതെ സമയം റേച്ചല്‍ പൂര്‍ണ്ണമായും ഒഴിഞ്ഞു പോയിട്ടില്ലെന്നും നാളെ പുലര്‍ച്ചെ വരെ കാറ്റ് പ്രതീക്ഷിക്കാമെന്നും മെറ്റ് എറാന്‍ അറിയിച്ചു.പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിലെയ്ക്ക് കാറ്റ് ഗതിമാറാനും സാധ്യതയുണ്ട്..എങ്കിലും റെഡ് അലേര്‍ട്ട് യെല്ലോ അലേര്‍ട്ടാക്കിയിട്ടുണ്ട്. റേച്ചലിന്റെ സാന്നിധ്യം പ്രതീക്ഷിക്കാതെയിരുന്ന ഡബ്ലിനില്‍ കാറ്റ് വൈകുന്നേരത്തോടെ ശക്തമായി.ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ 38 വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കി.20 വിമാനങ്ങള്‍ കാറ്റിനെ തുടര്‍ന്ന് ഡബ്ലിനില്‍ നിന്നും മറ്റ് എയര്‍ പോര്‍ട്ടുകളിലേയ്ക്ക് തിരിച്ചു വിട്ടു.കോര്‍ക്കിലും വ്യോമ ഗതാഗതം റദ്ദാക്കി.ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങാന്‍ ശ്രമിച്ച ശേഷം കാറ്റ് കാരണം തിരിച്ചു പറക്കുന്ന എയര്‍ലിങ്ങസ് വിമാനത്തിന്റെ വീഡിയോ താഴെ കാണാം 

ഡോണഗല്‍ ,മേയോ,സ്ലൈഗോ,ഗോള്‍വേ,ക്ലയര്‍,കെറി ,എന്നി കൌണ്ടികളിലാണ് റേച്ചലിന്റെ സാന്നിധ്യം കുറെയെങ്കിലും ശക്തമായത്.ഇവിടങ്ങളിലായി പതിനയ്യായിരത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം യുദ്ധകാലാടിസ്ഥാനത്തില്‍ പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇ എസ് ബി അറിയിച്ചു.റോഡു ഗതാഗതവും പല സ്ഥലങ്ങളിലും തടസപ്പെട്ടു.
റേച്ചലിനോപ്പം വന്ന കനത്ത മഴ ഡോണഗല്‍ ,മേയോ,സ്ലൈഗോ കൌണ്ടികളില്‍ കഴിഞ്ഞ ദിവസം ഉണ്ടായ മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് ഉരുകിപോകാത്ത മുഴുവന്‍ സ്‌നോയെയും ഒഴുക്കി കളഞ്ഞു.

ഇന്ന് സ്‌കൂളുകള്‍ അടഞ്ഞുകിടന്ന യെല്ലോ അലേര്‍ട്ട് എങ്കിലും നിലവിലുള്ള ,പ്രദേശങ്ങളില്‍ കാലാവസ്ഥയ്ക്ക് അനുസരിച്ചു നാളെയും അവധി കൊടുക്കുന്നതു പ്രാദേശിക സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് തീരുമാനിക്കാമെന്ന് അറിയിപ്പുണ്ട്.

റെജി സി ജേക്കബ് 

 

Scroll To Top