Tuesday December 06, 2016
Latest Updates

നടന്‍ ദിലീപിന്റെ സ്ഥലം പോക്കുവരവ് ചെയ്ത സംഭവം; അന്വേഷണശേഷം തീരുമാനിച്ചാല്‍ മതിയെന്ന് കളക്ടറോട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍

നടന്‍ ദിലീപിന്റെ സ്ഥലം പോക്കുവരവ് ചെയ്ത സംഭവം; അന്വേഷണശേഷം തീരുമാനിച്ചാല്‍ മതിയെന്ന് കളക്ടറോട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍

തൃശൂര്‍ ചാലക്കുടിയില്‍ സിനിമാ താരം ദിലീപിന്റെ ഉടമസ്ഥതയിലുള്ള മള്‍ട്ടിപ്‌ളക്‌സ് തീയറ്റര്‍ കോംപ്ലക്‌സ് സ്ഥിതി ചെയ്യുന്ന സ്ഥലം പുറമ്പോക്ക് ഭൂമിയല്ലെന്ന ജില്ലാ കളക്ടറുടെ ഉത്തരവിന് സ്റ്റേ. ലാന്‍ഡ് റവന്യൂ കമ്മീഷണറാണ് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിന് ശേഷമാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നടപടി.

തിയേറ്റര്‍ നിര്‍മ്മിക്കപ്പെട്ട വസ്തുവില്‍ പുറമ്പോക്ക് ഭൂമിയുണ്ടെന്ന റവന്യു അധികൃതരുടെ റിപ്പോര്‍ട്ട് മറികടന്ന് 80 സെന്റ് ഭൂമിക്ക് പോക്കുവരവ് നടത്താന്‍ ഉത്തരവിട്ട കളക്ടറുടെ നടപടിക്കെതിരെ പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വെറും പാട്ടമുള്ള ഭൂമി ചട്ടവിരുദ്ധമായി പോക്കുവരവ് ചെയ്ത കളക്ടറുടെ നടപടി അന്വേഷിക്കുമെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അറിയിച്ചു.

ഇതുസംബന്ധിച്ച് കളക്ടര്‍ തുടരന്വേഷണം നടത്തി തീരുമാനമെടുക്കണമെന്നും ഉത്തരവിലുണ്ട്. കോടികള്‍ വില മതിക്കുന്ന സര്‍ക്കാര്‍ ഭൂമി നടന്‍ ദിലീപിനു കൈമാറാന്‍ വഴിവിട്ട നീക്കം നടത്തിയതായി നേരത്തേ തന്നെ ആരോപണം ഉയര്‍ന്നിരുന്നതാണ്. എന്നാല്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും, പരാതി കെട്ടിച്ചമച്ചതാണെന്നും ദിലീപ് പ്രതികരിച്ചു. സ്ഥലത്തിന്റെ രേഖകള്‍ കൃത്യമായതുകൊണ്ടാണ് തനിക്ക് ബാങ്ക് ലോണ്‍ അനുവദിച്ചു കിട്ടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Scroll To Top