Thursday December 08, 2016
Latest Updates

തീഹാര്‍ ജയിലില്‍ കൊല്ലാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി മുന്‍ക്രിക്കറ്റ് താരം ശ്രീശാന്ത്

തീഹാര്‍ ജയിലില്‍ കൊല്ലാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി മുന്‍ക്രിക്കറ്റ് താരം ശ്രീശാന്ത്

ശ്രീശാന്തിനെ ജയിലില്‍ കൊല്ലാന്‍ ശ്രമിച്ചെന്ന മധു ബാലകൃഷ്ണന്റെ മുന്‍വെളിപ്പെടുത്തലിനെ സ്ഥിരീകരിച്ച് മുന്‍ക്രിക്കറ്റ് താരം ശ്രീശാന്തും. ഐപിഎല്‍ ഒത്തുകളി കേസില്‍ വിധി വരാനിരിക്കെയാണ് ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത്.

ഐപിഎല്‍ ഒത്തുകളി കേസില്‍ ജയിലിലായ ശ്രീശാന്തിനെ തീഹാര്‍ ജയിലിനുള്ളില്‍വെച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് സഹോദരി ഭര്‍ത്താവും ഗായകനുമായ മധു ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. കൈരളി ചാനലിന്റെ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയിലായിരുന്നു മധു ശ്രീശാന്തിനെതിരെയുള്ള വധശ്രമത്തിന്റെ കാര്യം വെളിപ്പെടുത്തിയത്.

‘തിഹാറില്‍ എന്റെ ജീവനെടുക്കാന്‍ സദാസമയവും പിന്നിലാളുകളുണ്ടായിരുന്നു. അവരെന്നെ കൊല്ലുന്നതിനുമുമ്പ് ആത്മഹത്യചെയ്താലോ എന്നുപോലും ചിന്തിച്ചിരുന്നു. കൊലപാതകികള്‍, ബലാത്സംഗ കേസില്‍പെട്ടവര്‍ അങ്ങനെ വലിയൊരു സംഘം ക്രിമിനലുകള്‍ക്കൊപ്പമായിരുന്നു എന്നെ സെല്ലിലടച്ചത്. ചിലര്‍ ബ്ലേഡ് വെച്ച് മുറിപ്പെടുത്താന്‍ ശ്രമിച്ചു. ലോഹക്കഷ്ണം രാകിയുണ്ടാക്കിയ ആയുധംകൊണ്ട് ഒരുത്തനെന്നെ കുത്താന്‍ ശ്രമിച്ചു. ഒഴിഞ്ഞുമാറിയപ്പോള്‍ അയാള്‍ ബാലന്‍സ് തെറ്റിവീണതിനാല്‍ ഞാന്‍ രക്ഷപ്പെട്ടു. അവരെ ആരെങ്കിലും നിയോഗിച്ചതാണോയെന്നൊന്നും എനിക്കറിയില്ല” ശ്രീശാന്ത് പറഞ്ഞു.

ഐപിഎല്‍ കോഴക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പുറത്തെത്തിയ വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമായിരുന്നെന്നും ശ്രീശാന്ത് പറയുന്നുണ്ട്. ഐപിഎല്‍ കോഴക്കേസില്‍ തനിക്കെതിരെ തെളിവെന്താണെന്നും എന്തിനാണ് മക്കോക്ക ചുമത്തിയതെന്നുമുള്ള ചോദ്യങ്ങള്‍ കോടതിയില്‍നിന്ന് ഉണ്ടായതിന് പിന്നാലെ താന്‍ വീണ്ടും മടങ്ങി എത്തുമെന്നും രാജ്യത്തിന് വേണ്ടി കളിക്കുമെന്നുമുള്ള പ്രതീക്ഷകള്‍ ശ്രീശാന്ത് വിവിധ മാധ്യമങ്ങളോടായി പങ്കുവെച്ചിരുന്നു. ഈ ശുഭപ്രതീക്ഷകള്‍ മാതൃഭൂമിയുടെ അഭിമുഖത്തിലും ശ്രീശാന്ത് ആവര്‍ത്തിക്കുന്നുണ്ട്.

Scroll To Top