Tuesday November 21, 2017
Latest Updates

അയര്‍ലണ്ടിലെ ചൈല്‍ഡ് കെയര്‍ പോളിസി നവീകരിക്കുമെന്ന് പ്രഖ്യാപനം:കാര്യമായ പുതിയ പദ്ധതികളില്ലാതെ സ് പ്രിംഗ് സ്റ്റേറ്റ്‌മെന്റ് പുറത്തിറക്കി 

അയര്‍ലണ്ടിലെ ചൈല്‍ഡ് കെയര്‍ പോളിസി നവീകരിക്കുമെന്ന് പ്രഖ്യാപനം:കാര്യമായ പുതിയ പദ്ധതികളില്ലാതെ സ് പ്രിംഗ് സ്റ്റേറ്റ്‌മെന്റ് പുറത്തിറക്കി 

ഡബ്ലിന്‍ :അടുത്ത വര്‍ഷം നടത്തപ്പെടുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ ഭരണ മുന്നണി മുന്‍കൂട്ടി തയാറാക്കിയ പബ്ലിക് റിലേഷന്‍ തന്ത്രങ്ങള്‍ എന്ന് മാത്രം വിശേഷിപ്പിക്കാവുന്ന വിധമായി ഏറെ കൊട്ടിഘോഷിച്ചു ഇന്ന് പുറത്തിറക്കിയ സര്‍ക്കാരിന്റെ സ് പ്രിംഗ് സ്റ്റേറ്റ്‌മെന്റ്.

ജനങ്ങളെ മോഹിപ്പിക്കാന്‍ പലതവണ ഭരണ മുന്നണി നേതാക്കള്‍ ചര്‍വിതചര്‍വണം ആവര്‍ത്തിച്ച ‘സുന്ദര’വാഗ്ദാനങ്ങള്‍ മാത്രം ഒരുമിച്ചു കൂട്ടി അവതരിപ്പിക്കുകയാണ് ധനമന്ത്രി മൈക്കില്‍ നൂനനും,പബ്ലിക് എക്‌സ്പന്‍ഡിച്ചര്‍ മന്ത്രി ബ്രെണ്ടന്‍ ഹൌളിനും ചെയ്തത്. വീണ്ടും ഒരിക്കല്‍ കൂടി അധികാരത്തിലെത്താനുള്ള ഫിനഗേല്‍ ലേബര്‍ കൂട്ടുകെട്ടിന്റെ തന്ത്രങ്ങളുടെ ഭാഗമായിരിക്കും ഇത്.

സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് വെട്ടിക്കുറച്ച പൊതുമേഖലാ ജീവനക്കാരുടെ ശമ്പളം പുനസ്ഥാപിക്കും എന്ന പ്രതീക്ഷയ്ക്ക് പെട്ടന്നുള്ള ഉത്തരം ഇന്നത്തെ പ്രഖ്യാപനത്തില്‍ ലഭിച്ചില്ല.സര്‍ക്കാര്‍ ഇതേപറ്റി ചര്‍ച്ച ആരംഭിക്കുമെന്ന മുന്‍പ്രഖ്യാപനം മാത്രമാണ് മന്ത്രി ബ്രെണ്ടന്‍ ഹൌളിന്‍ ഇന്നും ആവര്‍ത്തിച്ചത്. 

അയര്‍ലണ്ടിലെ കോര്‍പ്പറേഷന്‍ ടാക്‌സ് 12.5 ശതമാനമായി തന്നെ നിലനിര്‍ത്തും. ഇതില്‍ മാറ്റമുണ്ടാകില്ലെന്ന് മൈക്കിള്‍ നൂനന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞത് കുറഞ്ഞ കോര്‍പ്പറേഷന്‍ ടാക്‌സിന്റെ മികവ് കൊണ്ട് മാത്രം അയര്‍ലണ്ടിലേയ്ക്ക് എത്തുന്ന വന്‍കിട വിദേശ നിക്ഷേപത്തെ നിലനിര്‍ത്താന്‍ സഹായിക്കും.മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഉയര്‍ത്തിയ ഭീഷണിയെ അയര്‍ലണ്ട് വകവയ്ക്കുന്നില്ലെന്ന ധനമന്ത്രിയുടെ വാദത്തെ ശരിവെച്ചു. 

എഐബി, ബാങ്ക് ഓഫ് അയര്‍ലണ്ട്, പിടിഎസ്ബി എന്നീ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് പൂര്‍ണ്ണമായ ഗ്യാരണ്ടി നല്കുമെന്ന് മന്ത്രി പറഞ്ഞു. പലിശനിരക്ക് കുറയ്ക്കാനുള്ള സമ്മര്‍ദ്ദം പ്രധാന ധനകാര്യ സ്ഥാപനങ്ങള്‍ക്കുമേല്‍ ചെലുത്തി വരികയാണ്.

അയര്‍ലണ്ടിന്റെ സ്ഥിതി മെച്ചപ്പെടുന്നത് അനുസരിച്ച് വിദേശരാജ്യങ്ങളില്‍ തൊഴില്‍തേടി പോയിരിക്കുന്ന യുവതി യുവാക്കളെ നാട്ടിലേക്ക് തിരികെഎത്തിക്കാനുള്ള പ്രത്യേക പദ്ധതികള്‍ മന്ത്രി വാഗ്ദാനം ചെയ്തു. വിദേശങ്ങളിലെ പോലെതന്നെ ഇവിടെയും മികച്ച ശബളം ലഭിക്കുമെന്നും മന്ത്രി വാഗ്ദാനം ചെയ്തു.

വസ്തു കൈമാറ്റ നികുതിയെ മാത്രം ആശ്രയിച്ച് സാമ്പത്തിക മേഖല നിലനിര്‍ത്താനുള്ള ശ്രമം ഇനിയുണ്ടാകില്ല. അയര്‍ലണ്ടിന് പണം
ചെലവാക്കുന്നതില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണമെന്നുള്ള തന്റെ അവകാശവാദം യൂറോപ്യന്‍ കമ്മീഷന്‍ അംഗീകരിച്ചിട്ടുണ്ട്.കൂടുതല്‍ പണം സര്‍ക്കാര്‍ ചിലവിനത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ എത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് നാല് ശതമാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയാണ്. 2020 വരെ എല്ലാ വര്‍ഷങ്ങളിലും 3.75 ശതമാനം സാമ്പത്തിക വളര്‍ച്ച നേടാന്‍
കഴിയുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

ഇക്കൊല്ലം മുതല്‍ 2020 വരെയുള്ള എല്ലാ വര്‍ഷങ്ങളിലും തുടര്‍ച്ചയുള്ള പദ്ധതിയോട് കൂടിയ ബജറ്റ് അവതരിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. തൊഴില്‍ മേഖലയില്‍ അടുത്ത വര്‍ഷത്തോടെ രണ്ട് മില്യണ്‍ പേര്‍ക്ക് ജോലി ഉണ്ടെന്ന് ഉറപ്പാക്കും എന്ന് മന്ത്രി പറഞ്ഞു.നേരത്തെ നഷ്ടപ്പെട്ടു പോയ തൊഴിലവസരങ്ങള്‍ നേടിയെടുക്കാന്‍ 2018 ഓടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ശമ്പളത്തിന്റെ കാര്യത്തില്‍ പബ്ലിക് സെക്ടര്‍ യൂണിയനുകളുമായി ചര്‍ച്ച ആരംഭിക്കാന്‍ ക്യാബിനറ്റിന്റെ അംഗീകാരം നേടിയെടുത്തതായി ബ്രണ്ടന്‍  ഹൗളിന്‍ പറഞ്ഞു. ആരോഗ്യത്തിനും, വിദ്യാഭ്യാസത്തിനും സാമൂഹിക ക്ഷേമത്തിനുമായി 750 മില്യണ്‍ യൂറോ വകയിരുത്തിയിട്ടുണ്ട്.

920 മെയിന്‍സ്ട്രീം അധ്യാപകര്‍ക്കും, 480 റിസോര്‍സ് ടീച്ചര്‍മാര്‍ക്കും 365 സ്‌പെഷ്യല്‍ ടീച്ചര്‍മാര്‍ക്കും അവസരം ഒരുക്കും.. 2021
ആകുമ്പോഴേക്കും 3500 പ്രൈമറി, സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍മാരെ അധികമായി വേണ്ടി വരും. തേര്‍ഡ് ലെവല്‍ സ്‌കൂള്‍ കുട്ടികളുടെ എണ്ണം 20,000-മായി വര്‍ദ്ധിക്കാനാണ് സാധ്യതയെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക വളര്‍ച്ചയുടെ ഗുണമേന്മ എല്ലാ പൗരന്മാര്‍ക്കും ലഭിക്കുന്ന തരത്തിലുള്ള സംവിധാനം ഒരുക്കും.കഴിഞ്ഞ ബജറ്റില്‍ ചൈല്‍ഡ് ബെനഫിറ്റ് പെയ്‌മെന്റ്, ലീവിംഗ് എലോണ്‍ അലവന്‍സ് എന്നിവയില്‍ വര്‍ദ്ധനവ് വരുത്തിയത് അനുസ്മരിച്ച മന്ത്രി വരും മാസങ്ങളില്‍ കാര്യക്ഷമമായ ചൈല്‍ഡ് കെയര്‍ നയം രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചു.2026 ഓട് കൂടി പെന്‍ഷന്‍ പെയ്‌മെന്റുകളുടെ ചെലവ് 200 മില്യണ്‍ യൂറോയായി വര്‍ദ്ധിക്കും. ജൂണില്‍ പുതിയ ക്യാപിറ്റല്‍ പ്ലാന്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു

2016 ലെ ഇലക്ഷനിലേയ്ക്ക് കാലേകൂട്ടി ഒരുങ്ങാനുള്ള ഉദ്ദേശ്യമാണ് സര്‍ക്കാര്‍ ഇത് സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റിലൂടെ ലക്ഷ്യമിടുന്നത്.ഒക്‌റ്റോബറില്‍ അടുത്ത വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഇലക്ഷന്‍ ലക്ഷ്യമാക്കി കൊണ്ടുള്ള കൂടുതല്‍ ആനുകൂല്യ പ്രഖ്യാപനങ്ങള്‍ ഉണ്ടാവും എന്ന് ഉറപ്പാണ്.എന്നാല്‍ ഇത് ജനങ്ങളില്‍ എത്തിക്കാന്‍ ഒക്‌റ്റോബറിന് ശേഷം ഇലക്ഷന്‍ കാലത്തോളമുള്ള സമയം പോര എന്ന വിലയിരുത്തലാണ് സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റിലൂടെ കാലേ കൂട്ടി ഭരണ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കാന്‍ ഭരണ മുന്നണിയെ പ്രേരിപ്പിക്കുന്നത്.

Scroll To Top