Thursday September 21, 2017
Latest Updates

പൊതു ബജറ്റ് പോലെ പ്രധാനം ഇന്നത്തെ സ്റ്റേറ്റ്‌മെന്റ്:അയര്‍ലണ്ട് കാത്തിരിക്കുന്നത് ശുഭ പ്രതീക്ഷയോടെ 

പൊതു ബജറ്റ് പോലെ പ്രധാനം ഇന്നത്തെ സ്റ്റേറ്റ്‌മെന്റ്:അയര്‍ലണ്ട് കാത്തിരിക്കുന്നത് ശുഭ പ്രതീക്ഷയോടെ 

ഡബ്ലിന്‍ :ധനകാര്യമന്ത്രിയും പൊതുചിലവ് വകുപ്പു മന്ത്രിയും സംയുക്തമായി ഇന്ന് വൈകിട്ട് സ് പ്രിംഗ് സ്റ്റേറ്റ്‌മെന്റ് അവതരിപ്പിക്കുമ്പോള്‍ ആകാംഷയോടെയാണ് ജനങ്ങള്‍ കാത്തിരിക്കുന്നത് .2016മുതല്‍ നിലവില്‍ വരുന്ന സര്‍ക്കാറുകള്‍ക്ക് നികുതിയിളവിലും, പൊതു ചിലവിലും അധിക ബാധ്യത നല്‍കുന്നതാവും സ്റ്റേറ്റ്‌മെന്റ് എന്നാണു പ്രാഥമിക വിലയിരുത്തല്‍.2020 വരെയുള്ള കാലാവധി മുന്‍കൂട്ടി കണ്ടുള്ള ബഡ്ജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടേക്കാവുന്ന വര്‍ദ്ധനവിനെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം നോക്കിക്കാണുന്നത്.പൊതുമേഖലാ യൂണിയനുകള്‍ ശമ്പള വര്‍ദ്ധനവില്‍ പ്രതീക്ഷ വെയ്ക്കുമ്പോള്‍ സാധാരണ തൊഴിലാളികളുടെ പ്രതീക്ഷ നികുതിയിളവിലാണ്.നഴ്‌സുമാരുള്‍പ്പെടെയുള്ള പൊതു മേഖല ജീവനക്കാര്‍ക്ക് 2 മുതല്‍ 3 ശതമാനം വരെ ശമ്പളവര്‍ദ്ധനവ് ഉണ്ടാകുമെന്നും,യൂണിവേഴ്‌സല്‍ സോഷ്യല്‍ സര്‍വീസ് ചാര്‍ജ് ഗണ്യമായ തോതില്‍ കുറവ് വരുത്തുമെന്നും ഭരണ കക്ഷി വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്.

അടുത്ത വര്‍ഷത്തെ ബഡ്ജറ്റില്‍ 1.5 ബില്യണ്‍ യൂറോയുടെ വര്‍ദ്ധന വരുത്താനാണു സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതോടെ 2018ല്‍ കൂടുതല്‍ സന്തുലിതമായ ബഡ്ജറ്റ് അവതരിപ്പിക്കാനാവുമെന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 

ഫ്രാന്‍സ്, ബ്രിട്ടന്‍ പോലെയുള്ള രാജ്യങ്ങളില്‍ നിലവിലുണ്ടെങ്കിലും ഇതാദ്യമായാണ് അയര്‍ലണ്ടില്‍ സ്പ്രിങ്ങ് സ്റ്റേറ്റ്‌മെന്റ് അവതരിപ്പിക്കുന്നത്.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് ജനങ്ങളുടെ ശ്രദ്ധ രണ്ടു വട്ടം ക്ഷണിക്കുക എന്നതാണ് ലക്ഷ്യം.

അടുത്ത വര്‍ഷം നടത്തപ്പെടുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ ഭരണ മുന്നണിയുടെ തിരക്കിട്ട ശ്രമങ്ങളാണ് ഇന്നത്തെ പ്രഖ്യാപനങ്ങള്‍. വീണ്ടും ഒരിക്കല്‍ കൂടി അധികാരത്തിലെത്താനുള്ള ഫിനഗേല്‍ ലേബര്‍ കൂട്ടുകെട്ടിന്റെ തന്ത്രങ്ങളുടെ ഭാഗമായിരിക്കും ഇത്.

2016 ലെ ഇലക്ഷനിലേയ്ക്ക് കാലേകൂട്ടി ഒരുങ്ങാനുള്ള ഉദ്ദേശ്യമാണ് സര്‍ക്കാര്‍ ഇത് വഴി ലക്ഷ്യമിടുന്നത്.ഒക്‌റ്റോബറില്‍ അടുത്ത വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഇലക്ഷന്‍ ലക്ഷ്യമാക്കി കൊണ്ടുള്ള ആനുകൂല്യ പ്രഖ്യാപനങ്ങള്‍ ഉണ്ടാവും എന്ന് ഉറപ്പാണ്.എന്നാല്‍ ഇത് ജനങ്ങളില്‍ എത്തിക്കാന്‍ ഒക്‌റ്റോബറിന് ശേഷം ഇലക്ഷന്‍ കാലത്തോളമുള്ള സമയം പോര എന്ന വിലയിരുത്തലാണ് സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റിലൂടെ കാലേ കൂട്ടി ഭരണ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കാന്‍ ഭരണ മുന്നണിയെ പ്രേരിപ്പിക്കുന്നത്.

അടുത്ത വര്‍ഷങ്ങളില്‍ നടപ്പാക്കാനുള്ള ടാക്‌സ് പരിഷ്‌കരണ നടപടികള്‍ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റിലൂടെ പുറത്തു വിടുമെന്ന് ഉറപ്പായിട്ടുണ്ട്.എന്നാല്‍ ലേബര്‍ പാര്‍ട്ടിയാവട്ടെ ഈ പരിഷ്‌കരണ കാലാവധി മൂന്നു വര്‍ഷമായി പരിമിതപ്പെടുത്തണം എന്ന അഭിപ്രായം ഉയര്‍ത്തിയിരിക്കുന്നതിനാല്‍ അഞ്ചു വര്‍ഷം എന്ന ഫിനഗേലിന്റെ ലക്ഷ്യം കുറച്ചേക്കുമെന്നും വാര്‍ത്തകളുണ്ട് .

ഘട്ടം ഘട്ടമായി ഭരണ മുന്നണി നടപ്പാക്കുന്ന പരിഷ്‌കരണ ലക്ഷ്യങ്ങളാണ് ഇവ.ജനങ്ങളില്‍ വിശ്വാസം ജനിപ്പിക്കാന്‍ ഇലക്ഷന് മുമ്പേ പ്രധാന ടാക്‌സ് വെട്ടിച്ചുരുക്കല്‍ നടപടി ആരംഭിക്കും.അടുത്ത അഞ്ചു വര്‍ഷത്തേയ്ക്കുള്ള പദ്ധതിയായതിനാല്‍ ഇലക്ഷനില്‍ അധികാരത്തില്‍ നിന്നും പുറത്തായാല്‍ ഫിനഗേലിനോ ലേബര്‍ പാര്‍ട്ടിയ്‌ക്കൊ ഈ പ്രഖ്യാപനത്തിന്റെ അനുബന്ധം നടപ്പാക്കേണ്ടി വരില്ല.അതെ സമയം സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റില്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ ജന സ്വീകാര്യമായാല്‍ പൊതു തിരഞ്ഞെടുപ്പില്‍ ജയിച്ചു കയറാനുള്ള കുറുക്കു വഴിയായി അത് മാറുകയും ചെയ്യും.

ഇതിന്റെ ഭാഗമായി അയര്‍ലണ്ടിലെ ടാക്‌സ് സംവിധാനത്തില്‍ സമൂലമായ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്ന് സൂചനയുണ്ട്.യൂ കെ യിലും മറ്റു വികസിത രാജ്യങ്ങളിലും ഉള്ളതിനേക്കാള്‍ നികുതിഭാരം അയര്‍ലണ്ടിലെ മധ്യ വരുമാനക്കാര്‍ക്ക് ഉണ്ടെന്നതിനാല്‍ (പ്രത്യേകിച്ച് ഇപ്പോള്‍ 40 % ടാക്‌സ് കൊടുക്കുന്ന വിഭാഗം)അവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉണ്ടായേക്കും.ഇത് സംബന്ധിച്ച പ്രഖ്യാപനവും ഇന്ന് പുറത്തിറക്കുന്ന സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റിലൂടെ വ്യക്തമാക്കപ്പെടുമെന്നു ഭരണ മുന്നണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

തൊഴില്‍ ഇല്ലായ്മ പരിഹരിക്കാനുള്ള തീവ്ര പദ്ധതികളും സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റില്‍ ഉണ്ടായേക്കും.2018 ഓടെ രാജ്യത്തെ തൊഴിലില്ലായ്മ തുടച്ചു നീക്കി എല്ലാവര്‍ക്കും തൊഴില്‍ അവസരങ്ങള്‍ ഒരുക്കുമെന്ന് ഉപ പ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.അത്തരം ഒരു സാഹചര്യം ഒരുക്കാനുള്ള കൃത്യമായ സമയ ബന്ധിത പരിപാടികളും തയാറായി വരുന്നു.

രാജ്യത്ത് പുതിയ ആശുപത്രികള്‍,സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപിക്കുകയുള്‍പ്പെടെയുള്ള മൂലധന നിക്ഷേപ പദ്ധതികളുടെ വ്യക്തമായ ചിത്രം സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റില്‍ ഉള്‍പ്പെടുത്തും.ധനകാര്യ കമ്മി കുറച്ച് സമ്പദ് വ്യവസ്ഥ സുസ്ഥിരമാക്കാനുള്ള നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുന്നതോടെ വാട്ടര്‍ ചാര്‍ജിന്റെയും പ്രോപ്പര്‍ട്ടി ചാര്‍ജിന്റെയും പ്രഖ്യാപനത്തോടെ അകന്നു പോയ വോട്ടര്‍മാരുടെ ജനവിശ്വാസം തിരികെ പിടിയ്ക്കാമെന്ന ധാരണയിലാണ് ഭരണ മുന്നണി. 

റെജി സി ജേക്കബ് 

Scroll To Top