Wednesday September 20, 2017
Latest Updates

അയര്‍ലണ്ടിലെ ഇന്ത്യന്‍ സംഘടനകളുടെ ഐക്യത്തിന് വീണ്ടും ചരമഗീതം!,’ഫിക്കി’ പിളര്‍ന്നു,വിഷന്‍ ഇന്ത്യയുമായി പുതിയ ഗ്രൂപ്പ് 

അയര്‍ലണ്ടിലെ ഇന്ത്യന്‍ സംഘടനകളുടെ ഐക്യത്തിന് വീണ്ടും ചരമഗീതം!,’ഫിക്കി’ പിളര്‍ന്നു,വിഷന്‍ ഇന്ത്യയുമായി പുതിയ ഗ്രൂപ്പ് 

ഡബ്ലിന്‍:കൊട്ടിഗ്‌ഘോഷിച്ച് രൂപീകരിച്ച ഇന്ത്യന്‍ സംഘടനകളുടെ ഏകോപന സമിതി ‘ഫിക്കി’ നെടുകെ പിളര്‍ന്നു.രാജസ്ഥാനില്‍ നിന്നുള്ള ബാബു ലാല്‍ യാദവ് ചെയര്‍മാനായി ആദ്യം രൂപീകരിച്ച സംഘടനയെ ഭാഗീകമായി നിരാകരിച്ച് ഒത്തു ചേര്‍ന്ന മറ്റു സംഘടനകളുടെ യോഗം ഇന്നലെ ഡബ്ലിനില്‍ യോഗം ചേര്‍ന്ന് ‘വിഷന്‍ ഇന്ത്യ’ എന്ന പേരില്‍ പദ്ധതി രൂപീകരിക്കുകയും,അതിന്റെ ഫലപ്രാപ്തിക്കായി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.

പ്രശാന്ത് ശുക്ല,ഡോ.പൂരി,ബാബുലാല്‍ യാദവ് തുടങ്ങി ഇന്ത്യാ ഡേ പരിപാടിയുടെ മുഖ്യ സംഘാടകരായി ഫിക്കിയുടെ തലപ്പത്തുണ്ടായിരുന്ന പല നേതാക്കളും ഇന്നലത്തെ യോഗത്തില്‍ നിന്നും വിട്ടുനിന്നു.നേതാക്കള്‍ തമ്മിലുള്ള വടം വലിയും,ചിലരുടെ ഏകാധിപത്യ പ്രവണതകളുമാണ് ഫിക്കിയെ തകര്‍ച്ചയിലേയ്ക്ക് എത്തിച്ചത്.

യൂണിത്താസിന്റെ ആദ്യകാല നേതാവായിരുന്ന ഭരത് കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്ന്ന യോഗത്തില്‍ പതിനഞ്ചോളം ഇന്ത്യന്‍ സംഘടനകളുടെ പ്രധിനിധികളാണ് പങ്കെടുത്തത്.എങ്കിലും ഇന്നലത്തെ യോഗത്തിലും അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനസംഘടനകളെ പോലും ക്ഷണിച്ചിരുന്നില്ല.അഭിപ്രായ വ്യത്യാസം ഉള്ള നേതാക്കള്‍ ഒന്ന് ചേര്‍ന്ന ഗ്രൂപ്പ് സമ്മേളനമായി ഇന്നലത്തേതും.

ഡബ്ലിന് പുറത്തുള്ള സംഘടനകളെ പടിക്ക് പുറത്തു നിര്‍ത്തിയാണ് ഡബ്ലിന്‍ സംഘടനകള്‍ ഏകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചത് എന്നതും അഭിപ്രായവ്യത്യാസത്തിന് ഇടയാക്കി.എല്ലാ കൌണ്ടികളിലും തന്നെ ഇന്ത്യന്‍ സംഘടനകള്‍ സജീവമായി ഉണ്ടെങ്കിലും ഇവരെ ഏകോപിപ്പിച്ചു നിര്‍ത്താനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല.

ഇന്ത്യാ ഡേയുമായി ബന്ധപ്പെട്ട സംഭവങ്ങളും ഗ്രൂപ്പ് തിരിവിന് കാരണമായി.ഓഗസ്റ്റ് 15 നു നടത്താനിരുന്ന ഇന്ത്യാ ഡേ അവസാന നിമിഷം മാറ്റി വെച്ചതു ചില നേതാക്കളുടെ പാലം വലി മൂലമായിരുന്നു എന്നത് പരസ്യമായ രഹസ്യമായിരുന്നു.രണ്ടാം തവണ സെപ്റ്റംബര്‍ 5 നു നടത്താന്‍ നിശ്ചയിച്ചിരുന്ന ആഘോഷവും ഇല്ലാതാക്കാനുള്ള ഭഗീരഥ പ്രയത്‌നം ഹിന്ദി ബെല്‍റ്റിലെ ചില പ്രമുഖരുടെ നേതൃത്വത്തില്‍ നടന്നിരുന്നു.സ്‌പോണ്‍സര്‍ഷിപ്പിന്റെയും,കലാ വിഭാഗത്തിന്റെ എകൊപനത്തിന്റെയും ചുമതലയുണ്ടായിരുന്ന രണ്ടു മലയാളി സംഘടനാനേതാക്കളുടെ അക്ഷീണവും ,കര്‍ശനവുമായ നിലപാടുകള്‍ മാത്രമാണ് രണ്ടാം ഘട്ടത്തില്‍ ഇന്ത്യാ ഡേ പരിപാടി വിജയകരമായി നടപ്പാക്കാന്‍ കാരണമായത്,

അയര്‍ലണ്ടിലെ നൃത്തമേഖലയില്‍ പ്രമുഖ പങ്കു വഹിച്ചു പോന്ന ഒരുവ്യക്തിഗത സംഘടന കലാപരിപാടികളുടെ ചുമതല ഏറ്റെടുത്തെങ്കിലും അവസാന നിമിഷം പിന്മാറിയിരുന്നു.പരിപാടിയ്ക്കായി ഫണ്ട് കണ്ടെത്താന്‍ വില്‍ക്കാനേല്‍പ്പിച്ച കൂപ്പണുകളുടെ കണക്കുകള്‍ പലരും ഇതേ വരെ നല്കിയിട്ടില്ല.സ്‌പോണ്‍സര്‍ഷിപ്പ് നല്‍കാമെന്ന് ഏറ്റിരുന്ന ചില ഐറിഷ് സര്‍ക്കാര്‍ എജന്‍സികളെ കൊണ്ട് അതില്‍ നിന്നും പിന്മാറാന്‍ അവസാന നിമിഷം വരെ സമ്മര്‍ദമുണ്ടായി.അങ്ങനെ പല വിധത്തില്‍ ഇന്ത്യാഡേ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ നിരവധിയാണ്.ഇതൊക്കെ സംഘടനയിലെ അഭിപ്രായ വ്യത്യാസം മൂര്‍ച്ഛിക്കാന്‍ ഇടയാക്കി.മേള കഴിഞ്ഞിട്ടും പരിപാടിയുടെ കണക്കുകള്‍ അവതരിപ്പിക്കാനോ ലഭിച്ച വരുമാനത്തിന്റെ കണക്കുകള്‍ കമ്മിറ്റി വിളിച്ചു ചേര്‍ത്ത് ബോധിപ്പിക്കാനോ കമ്മിറ്റി നേതൃത്വത്തിന് കഴിഞ്ഞില്ലെന്നതും ഭിന്നിപ്പിന് ആക്കം കൂട്ടി.

ഒരു കോടി രൂപയിലധികം ചിലവഴിച്ചു നടത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അഞ്ചു മണിക്കൂര്‍ ഡബ്ലിന്‍ സന്ദര്‍ശന പരിപാടിയില്‍ സംഘടനാ നേതാക്കള്‍ പങ്കെടുത്തുവെങ്കിലും എല്ലാവര്‍ക്കും പൊതുജനങ്ങള്‍ക്കൊപ്പമായിരുന്നു സ്ഥാനം.ആദ്യഘട്ടത്തില്‍ സംഘടനാ നേതാക്കളെ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ സജീവമായി സഹകരിപ്പിക്കാന്‍ എംബസി വൃത്തങ്ങള്‍ ഉത്സാഹിച്ചെങ്കിലും സംഘടനയിലെ ചേരിപ്പോരുകള്‍ കാരണം എംബസി ഇവരെ അടുപ്പിച്ചില്ല എന്നതാണ് സത്യം.

ഇന്ത്യന്‍ എംബസിയുടെ ശ്രമഫലമായി രൂപീകരിച്ച ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിറ്റീസ് ഇന്‍ അയര്‍ലണ്ട് രണ്ടു മാസത്തെ പ്രവര്‍ത്തനത്തിന് ശേഷം പൊട്ടിത്തകരുന്ന കാഴ്ച്ചയാണ് കാണുന്നത്.എല്ലാവരെയും ഒരു കുടക്കീഴിലാക്കി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ‘വിഷന്‍ ഇന്ത്യ’പരിപാടികള്‍ എവിടെ വരെ എത്തും എന്ന് ഇനി കണ്ടറിയണം. 

Scroll To Top