Sunday December 11, 2016
Latest Updates

നിരത്തുകളിലെ വേഗനിയന്ത്രണം :റോഡ് സൈനുകളിലും സ്ലോ സോണുകളിലുമുള്ള മാറ്റങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

നിരത്തുകളിലെ വേഗനിയന്ത്രണം :റോഡ് സൈനുകളിലും സ്ലോ സോണുകളിലുമുള്ള മാറ്റങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

ഡബ്ലിന്‍ :നിരത്തുകളിലെ വേഗനിയന്ത്രണം സംബന്ധിച്ച് പുതിയ നിയമങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. കണ്‍ട്രി റോഡുകളിലെ പുതിയ സൈനുകളും ഹൗസിംഗ് എസ്റ്റേറ്റുകളിലെ അര്‍ബന്‍ സ്ലോ സോണുകളും ഇന്നത്തെ പ്രഖ്യാപനത്തിലുണ്ടാകും. ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ പാസ്‌കല്‍ ഡൊണഗു ആയിരിക്കും പുതിയ വേഗപരിധി സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ നടത്തുക. 

കണ്‍ട്രി റോഡുകളില്‍ നിലവിലുള്ള 80 കിലോ മീറ്റര്‍ സ്പീഡ് ലിമിറ്റ് ബോര്‍ഡുകള്‍ക്ക് പകരം രണ്ട് വരയോട് കൂടിയ കറുത്ത വൃത്തത്തിലുള്ള ബോര്‍ഡ് വെയ്ക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൈന്‍ ബോര്‍ഡ് സംവിധാനമാണിത്. ഡ്രൈവര്‍മാര്‍ക്ക് അവരുടെ യുക്തിയെ ഉപയോഗിച്ച് വേഗത നിര്‍ണയിക്കാം. പക്ഷെ അത് 80 കിലോ മീറ്ററില്‍ കൂടുതലാകരുത്. 

ബൊറീന്‍സിലും വീതി കുറഞ്ഞ കണ്‍ട്രി റോഡുകളിലും അപര്യാപ്തമായ സൈന്‍ ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നതെന്നതിന്റെ ഉദാഹരണങ്ങള്‍ മുന്‍പ് പല റിപ്പോര്‍ട്ടുകളിലും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. പ്രാദേശിക ഭരണകൂടങ്ങളെയും കമ്മ്യൂണിറ്റി ഗ്രൂപ്പുകളെയും വിളിച്ചു ചേര്‍ത്ത് പുതിയ സ്ലോ സോണ്‍സ് മന്ത്രിയുടെ നേതൃത്വത്തില്‍ നിജപ്പെടുത്തും. ഹൗസിംഗ് എസ്റ്റേറ്റുകളിലുള്ള അത്തരം പ്രദേശങ്ങളില്‍ 30 കിലോ മീറ്ററായിരിക്കും പരമാവധി വേഗത. അപകടങ്ങള്‍ കുറയ്ക്കുന്നതിനാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്. വഴിയില്‍ സ്പീഡ് ബംപുകള്‍ സ്ഥാപിക്കുകയും അടയാളങ്ങള്‍ വരയ്ക്കുകയും ചെയ്യും. 

30 കിലോ മീറ്റര്‍ വേഗപരിധിയുള്ള പ്രദേശങ്ങളില്‍ വെയ്ക്കുന്ന പുതിയ സൈന്‍ ബോര്‍ഡില്‍ കാറിന് സമീപത്ത് ഫുട്‌ബോള്‍ കളിക്കുന്ന ആളുകളും ഹൗസിംഗ് എസ്‌റ്റേറ്റാണെന്ന് സൂചിപ്പിക്കാന്‍ വീടിന്റെ ചിത്രവുമുണ്ടാകും. 

റോഡപടകത്തില്‍ കൊല്ലപ്പെട്ട ജേക്ക് ബ്രണ്ണന്റെ കുടുംബം വേഗപരിധി കുറയ്ക്കുന്ന കാര്യത്തില്‍ ക്യാംപെയ്ന്‍ നടത്തും. കില്‍ക്കെന്നിയിലുണ്ടായ അപകടത്തിലാണ് ജേ്ക്ക് കൊല്ലപ്പെട്ടത്. ജേക്കിന്റെ മാതാവ് റോസ്ആന്‍ വാദിക്കുന്നത് 20 കിലോമീറ്റര്‍ സ്പീഡ് ലിമിറ്റ് കൊണ്ടു വരണമെന്നാണ്. 

വേഗപരിധിയെ ഡ്രൈവര്‍മാര്‍ അവരുടെ ഉന്നമായി കാണരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. പ്രാദേശിക അധികാരികളും ദേശിയ പാത അധികൃതരും വേഗപരിധികളുടെ കാര്യത്തില്‍ പരിഷ്‌ക്കരണം നടത്തണമെന്നും ഇത് രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അതേസമയം ചെറിയ പാതകളിലൂടെ സഞ്ചരിക്കുമ്പോള്‍ പ്ലാന്റിംഗ് സീസണായതിനാല്‍ വേഗത കുറഞ്ഞ് നീങ്ങുന്ന ട്രാക്ടറുകളെ കണ്ടേക്കാമെന്നും ഡ്രൈവര്‍മാര്‍ ഇതിനോട് സഹകരിക്കണമെന്നും പുതിയ നിയമ നിര്‍ദ്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്


Scroll To Top