Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലെ ഇന്ത്യാക്കാരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പ്രത്യേക കാമ്പയിന്‍ ആരംഭിക്കുന്നു 

അയര്‍ലണ്ടിലെ ഇന്ത്യാക്കാരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പ്രത്യേക കാമ്പയിന്‍ ആരംഭിക്കുന്നു 

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ 2016 ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് തയാറെടുക്കുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താനായി ഇന്ത്യന്‍ സമൂഹത്തിന്റെ ആവശ്യങ്ങള്‍ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി.

പ്രത്യേകമായ ആവശ്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഏതു പാര്‍ട്ടി അധികാരത്തില്‍ വന്നാലും ഒരു സമൂഹത്തിനുള്ള പ്രത്യേക ആവശ്യം നിലയ്ക്ക് അത് നടപ്പാക്കാനുള്ള സാഹചര്യം ഉണ്ടാവും.മാത്രമല്ല അയര്‍ലണ്ടിലെ രാഷ്ട്രീയ ഭൂമികയില്‍ ഇന്ത്യന്‍ സമൂഹമടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് സവിശേഷമായ സ്ഥാനവും ഉണ്ടാകുവാനുള്ള സാധ്യതയും ഇതുവഴി ഉണ്ടാകും.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കുടിയേറ്റക്കാരായവര്‍ക്ക് വേണ്ടി ഒരൊറ്റ പദ്ധതി പോലും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.അത്തരം ഒരവസ്ഥ ഇനിയും ഉണ്ടാകാതിരിക്കാന്‍ ഉള്ള പരിശ്രമങ്ങളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.

ഇമിഗ്രേഷന്‍ നിയമങ്ങള്‍,വിദ്യാഭ്യാസപരവും സാമൂഹികവുമായ പ്രത്യേക അവകാശങ്ങള്‍,തൊഴില്‍ മേഖലയിലും കാര്‍ഷിക മേഖലയിലും നേരിട്ട് ഇടപെടുന്നതിന് കുടിയേറ്റക്കാര്‍ക്കുള്ള പ്രശ്‌നങ്ങള്‍,കുടിയേറ്റക്കാരുടെ മാതൃഭാഷ പഠനത്തിനുള്ള സൗകര്യം ഒരുക്കല്‍,കുടിയേറ്റക്കാരുടെ ബന്ധുക്കള്‍ക്കുള്ള പ്രത്യേക യാത്രാവകാശങ്ങള്‍,തുടങ്ങി കുടിയേറ്റക്കാരുടെ ക്ഷേമത്തിനും ഉന്നതിയ്ക്കും വേണ്ട നിര്‍ദേശങ്ങള്‍ ഇലക്ഷന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സമര്‍പ്പിക്കുകയും അവ നടപ്പാക്കുമെന്ന് ഉറപ്പു വാങ്ങുകയും ചെയ്യുകയാണ് ഈ പ്രത്യേക കാമ്പയിന്റെ ഉദ്ദേശ്യം.

ഈ വിഷയത്തില്‍ താത്പര്യമുള്ള അയര്‍ലണ്ടിലെ ഏതു കുടിയേറ്റക്കാര്‍ക്കും കാമ്പയിനില്‍ പങ്കെടുത്തു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.മാര്‍ച്ച് ,ഏപ്രില്‍ മാസങ്ങളിലായി കുടിയേറ്റക്കാരുടെ ആവശ്യങ്ങള്‍ ക്രോഡീകരിക്കാനും,മെയ് മാസത്തില്‍ എല്ലാ രാഷ്ടീയ പാര്‍ട്ടികളുടെ നയ രൂപികരണ സമിതികളെ പ്രത്യേകം പ്രത്യേകമായി വിളിച്ചു വരുത്തി അവരുടെ മുമ്പില്‍ പദ്ധതി അവതരിപ്പിക്കുവാനുമാണ് ലക്ഷ്യമിടുന്നത്.

ആം ആദ്മി പാര്‍ട്ടിയുടെ അയര്‍ലണ്ടിലെ യൂണിറ്റാണ് കാമ്പയിന്റെ ആതിഥേയത്വം വഹിക്കുന്നത്.കാമ്പയിനില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള എല്ലാ മലയാളികളും,സംഘടനാ പ്രതിനിധികളും മാര്‍ച്ച് 14 ന് (ശനിയാഴ്ച്ച)ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ താലയിലെ സ്‌ക്വയറിലുള്ള സ്‌പൈസ് ബസാര്‍ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

രണ്ടാം ഘട്ടത്തില്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇന്ത്യന്‍ സംഘടനകളുടെയും കാമ്പയിനോട് താത്പര്യമുള്ള മറ്റുള്ളവരുടെയും യോഗം ഏപ്രില്‍ മാസത്തില്‍ ചേരും.


Scroll To Top