Thursday December 08, 2016
Latest Updates

ഉയര്‍ന്ന ശബ്ദം സ്ഥിരമായി കേള്‍ക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനം

ഉയര്‍ന്ന ശബ്ദം സ്ഥിരമായി കേള്‍ക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പഠനം

ഉയര്‍ന്ന ശബ്ദം നിരന്തരം കേള്‍ക്കുന്നത് രക്തസമ്മര്‍ദവും പ്രമേഹവുമടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍. ഉയര്‍ന്ന തീവ്രതയിലുള്ള ശബ്ദം കേള്‍വിക്ക് തകരാറുണ്ടാക്കുമെന്ന് പൊതുവെ ധാരണയുണ്ടെങ്കിലും ശബ്ദ മലിനീകരണം കൊണ്ടുണ്ടാകുന്ന മറ്റ് ഗുരുതര പ്രശ്‌നങ്ങളെപ്പറ്റി ജനങ്ങള്‍ ബോധവാന്മാരല്ലെന്ന് നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ട് പ്രസിഡന്റ് ഡോ. സി ജോണ്‍ പണിക്കര്‍ പറഞ്ഞു.

അമിതശബ്ദം കേള്‍ക്കുമ്പോള്‍ ശരീരത്തിലെ രക്തക്കുഴലുകള്‍ ചുരുങ്ങുകയും ഇത് രക്തസമ്മര്‍ദം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ലൗഡ് സ്പീക്കറിന്റെ അടുത്ത് നില്‍ക്കുമ്പോള്‍ നമ്മള്‍ അറിയാതെ തന്നെ ശരീരത്തിലെ രക്തസമ്മര്‍ദം ഉയരും. അലര്‍ജി, ആസ്തമ തുടങ്ങിയ അസുഖങ്ങളുള്ളവര്‍ക്ക് രോഗം വര്‍ധിക്കും. ഗര്‍ഭിണികളില്‍ രക്തക്കുഴലിലുണ്ടാവുന്ന ചുരുക്കം കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിച്ചേക്കാം. ശബ്ദം കേള്‍ക്കുമ്പോള്‍ ശരീരത്തിലെ അസിഡിറ്റി വര്‍ധിക്കുമെന്നും പ്രമേഹ രോഗികളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിക്കുമെന്നും പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

വാര്‍ധക്യത്തില്‍ ബാധിക്കുന്ന കേള്‍ക്കുറവ് ഇപ്പോള്‍ അധികം ആളുകളിലും 40 വയസ്സിനു മുന്‍പു തന്നെ കാണപ്പെടുന്നുണ്ട്. ശ്രവണ സഹായികളുടെ ഉപയോഗം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നതിന്റെ 10 മടങ്ങ് ഇപ്പോള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള സംസാരം ശരാശരി 30 ഡെസിബലാണ്. മിക്ക വാഹനങ്ങളിലുമുപയോഗിക്കുന്ന ഹോണ്‍ 90 ഡെലിബലിന് മുകളില്‍ ശബ്ദമുണ്ടാക്കുന്നതാണ്. ഉച്ചഭാഷിണികളിലാവട്ടെ ഇത് 110 ഡെസിബലായി ഉയരും. 120 ഡെസിബെലില്‍ കുറഞ്ഞ ശബ്ദമാണ് മനുഷ്യന് ശ്രവണ യോഗ്യം.

10 മിനിറ്റില്‍ കൂടുതല്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ച് പാട്ടുകേള്‍ക്കുന്നതും കേള്‍വിക്ക് പ്രശ്‌നങ്ങളുണ്ടാവുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗാര്‍ഹിക മേഖലകളില്‍ പകല്‍സമയങ്ങളില്‍ 55 ഡെസിബലിലും രാത്രി 45 ഡെസിബലിലും കൂടിയ ശബ്ദം പുറപ്പെടുവിക്കാന്‍ പാടില്ലെന്നാണ് നിയമമെങ്കിലും ഇത് പൊതുവേ പാലിക്കപ്പെടാറില്ല.

 

Scroll To Top