Friday October 20, 2017
Latest Updates

സൗദിയില്‍ നിന്നും പതിനായിരക്കണക്കിന് മലയാളികളടക്കമുള്ള വിദേശികള്‍ക്ക് തിരികെ പോരേണ്ടി വരും

സൗദിയില്‍ നിന്നും പതിനായിരക്കണക്കിന് മലയാളികളടക്കമുള്ള വിദേശികള്‍ക്ക് തിരികെ പോരേണ്ടി വരും

റിയാദ്: സ്വദേശിവല്‍ക്കരണം തീവ്രമാക്കിയ സൗദിഅറേബ്യയില്‍ പതിനായിരക്കണക്കിന് മലയാളികള്‍ പണിയെടുക്കുന്ന വാണിജ്യ-വ്യാപാരമേഖലയില്‍ കൂട്ട പിരിച്ചുവിടല്‍ ആസന്നം.
മാളുകള്‍, വാണിജ്യവ്യാപാരസ്ഥാപനങ്ങള്‍ എന്നിവയില്‍ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണം ഏര്‍പ്പെടുത്തുമെന്ന ഉത്തരവ് പ്രവാസികളെ ആശങ്കയിലാഴ്ത്തുന്നു. മുക്കാല്‍ ലക്ഷത്തോളം മലയാളികളുടെ തൊഴില്‍ നഷ്ടപ്പെടുത്തിയ മൊബെയില്‍ മേഖലയിലെ സ്വദേശിവല്‍ക്കരണത്തിനുശേഷം ഏറ്റവും വലിയ ആഘാതമുണ്ടാക്കുന്നതാണ് ഈ മേഖല. മലയാളികള്‍ക്ക് ഏകദേശം പൂര്‍ണാധിപത്യമുള്ള ‘ബഖാല’ എന്നറിയപ്പെടുന്ന പലചരക്കുകടകളും സ്വദേശിവല്‍ക്കരിക്കുന്നതോടെ ലോകത്ത് ഏറ്റവുമധികം മലയാളികള്‍ ജോലി ചെയ്യുന്ന സൗദിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചൊഴുക്കാണ് പ്രവാസികളെ കാത്തിരിക്കുന്നത്. ഫാര്‍മസി മേഖലയില്‍ നടത്തിയ സ്വദേശിവല്‍ക്കരണത്തിലും ഏറ്റവുമധികം പണി പോയത് മലയാളികള്‍ക്കാണ്.
നഴ്‌സിങ്, പാരാമെഡിക്കല്‍ മേഖലകളിലും ഘട്ടം ഘട്ടമായി സ്വദേശികളെ കുടിയിരുത്താന്‍ തീരുമാനിച്ചുകഴിഞ്ഞു. ഇതിന്റെ ഫലമായി ആദ്യഘട്ടത്തില്‍ കാല്‍ ലക്ഷത്തോളം മലയാളി നഴ്‌സുമാരെയാണ് പിരിച്ചുവിടുക. വിദേശത്ത് ഉള്‍പ്പെടെ ഇതിനകം പരിശീലനം നേടിയ പതിനായിരത്തോളം സൗദി നഴ്‌സുമാരെ ജോലിയില്‍ പ്രവേശിപ്പിക്കാനുള്ള നടപടികളും പൂര്‍ത്തിയായി വരുന്നതിനിടയിലാണ് വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിലെ സ്വദേശിവല്‍ക്കരണത്തിന്റെ വെള്ളിടി. ഇത്തരം സ്ഥാപനങ്ങളില്‍ പരമ്പരാഗതമായി ജോലി ചെയ്തിരുന്നവരാണ് മലയാളികള്‍. നാലാം തലമുറയിലെ സൗദി പ്രവാസി മലയാളികള്‍ വരെ ഇവിടെ പണിയെടുക്കുന്നു. ഈ രംഗത്ത് മൂന്ന് ലക്ഷത്തില്‍പരം വിദേശികള്‍ക്കാണ് സ്വദേശിവല്‍ക്കരണ ഉത്തരവുമൂലം തൊഴില്‍ നഷ്ടപ്പെടുന്നതെന്ന് പ്രവാസി സംഘടനകള്‍ കണക്കുകൂട്ടുന്നു. ഇവരില്‍ രണ്ട് ലക്ഷവും ഇന്ത്യാക്കാരാണ്. അവരില്‍ ഒന്നരലക്ഷത്തിലേറെ മലയാളികളും.
ബഖാലകള്‍ എന്ന ചെറുകിടവ്യാപാര സ്ഥാപനങ്ങള്‍ ആയിരക്കണക്കിനുണ്ട് സൗദി അറേബ്യയില്‍. പരമ്പരാഗതമായി ഇവയില്‍ 80 ശതമാനവും മലയാളികളുടേതാണ്. ബഖലകളും സ്വദേശിവല്‍ക്കരിക്കണമെന്ന് സൗദി ചേംബര്‍ ഓഫ് കോമേഴ്‌സ് ഇന്നലെ ആവശ്യപ്പെട്ടു.
ഓരോ ബഖലയിലും മൂന്ന് മുതല്‍ അഞ്ച് വരെ ജീവനക്കാരുള്ളതിനാല്‍ ഈ രംഗത്തുനിന്ന് എടുത്തെറിയപ്പെടുന്നതും ആയിരക്കണക്കിന് മലയാളികളായിരിക്കും.
സൗദിയിലെ തൊഴില്‍രഹിതരായ സ്വദേശികള്‍ പത്ത് ലക്ഷത്തോടടുക്കുന്ന സാഹചര്യത്തിലാണ് എല്ലാ മേഖലകളിലും സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുന്നതെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ വിശദീകരണം.

Scroll To Top