Sunday December 04, 2016
Latest Updates

നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ്; നിയമലംഘനം നടത്തിയ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് പ്രാട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സ്

നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ്; നിയമലംഘനം നടത്തിയ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് പ്രാട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സ്

1983ലെ എമിഗ്രേഷന്‍ നിയമം ലംഘിച്ച് റിക്രൂട്ടിങ്ങ് നടത്തിയ ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് പ്രാട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സ്. കേന്ദ്രസര്‍ക്കാര്‍ നേരത്തെ കരിമ്പട്ടികയില്‍ പെടുത്തിയ ഏജന്‍സികള്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നതിനെ കുറിച്ചന്വേഷിച്ച് സ്വത്തുക്കള്‍ കണ്ടു കെട്ടാനും ഉത്തരവിടും.

മേയ് ഒന്നുമുതല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വിദേശ റിക്രൂട്ട്‌മെന്റ് ഏറ്റെടുക്കുന്നതിനുമുന്നോടിയായി സ്വകാര്യ ഏജന്‍സികളോടു റിക്രൂട്ട്‌മെന്റ് നിര്‍ത്തിവയ്ക്കാന്‍ പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്‌സ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൊച്ചിയിലെ പല ഏജന്‍സികളും ഉത്തരവു മറികടന്നു റിക്രൂട്ട്‌മെന്റ് നടത്തിയതായി വിവരം ലഭിച്ചതിനേത്തുടര്‍ന്നു നടത്തിയ റെയ്ഡില്‍ പാലാരിവട്ടത്തെ മാത്യു ഇന്റര്‍നാഷണല്‍ ഏജന്‍സിയില്‍നിന്നും ആദായനികുതി വകുപ്പ് ഒന്നരക്കോടി രൂപ പിടികൂടി. നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു നടത്തിയ അല്‍സറഫ ഏജന്‍സിക്കെതിരായ സി.ബി.ഐ. കേസ് പുരോഗമിക്കുന്നതിനിടെയാണ് നടപടി.

പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്യു ഇന്റര്‍നാഷണലിനെതിരേയും സി.ബി.ഐ. കേസെടുത്ത് അന്വേഷണം തുടങ്ങി.
കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ ജോലിക്കെത്തുന്ന നഴ്‌സുമാരെ അല്‍സറഫ ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസ് ഭീഷണിപ്പെടുത്തി പണം തട്ടുന്നതായി നേരത്തേ ആരോപണമുണ്ടായിരുന്നു. നല്കാത്തവരുടെ ശമ്പളത്തില്‍നിന്നു തുക ഈടാക്കുമെന്നാണു ഭീഷണി. ഒരുമാസം മുമ്പു കൊച്ചിയില്‍ അഭിമുഖം കഴിഞ്ഞ നഴ്‌സുമാര്‍ 510 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയതായാണ് വിവരം.

എം.കെ. ട്രാവല്‍സ്, പാന്‍ ഏഷ്യന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, എം.ടി. ട്രാവല്‍സ്, ഹൈസ്പീഡ് ട്രാവല്‍സ്, ഹഫീസ് ട്രാവല്‍സ്, ഫോറിന്‍ എംപ്‌ളോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ബാലാജി എന്റര്‍പ്രൈസസ്, രാജസ്ഥാന്‍ ട്രാവല്‍ ആന്‍ഡ് ട്രേഡ് ലിങ്ക്, റിക്കി ഇന്റര്‍നാഷണല്‍, സാഗര്‍ എന്റര്‍പ്രൈസസ് തുടങ്ങി വിദേശകാര്യമന്ത്രാലയം കരിമ്പട്ടികയില്‍പെടുത്തിയ പല സ്ഥാപനങ്ങളും ഇപ്പോഴും റിക്രൂട്ട്‌മെന്റ് രംഗത്തു സജീവമാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

 

 

Scroll To Top