Tuesday May 30, 2017
Latest Updates

അയര്‍ലണ്ട് അഭയം നല്‍കിയില്ല,അലിയെ മരണത്തിന് വിട്ടു

അയര്‍ലണ്ട് അഭയം നല്‍കിയില്ല,അലിയെ മരണത്തിന് വിട്ടു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിന്ന് നാടുകടത്തിയ സോമാലിയന്‍ യുവാവ് മരിച്ച നിലയില്‍. മുഹമ്മദ് സ്ലെയും അലി എന്ന 27 കാരനാണ് മരിച്ചത്. അയര്‍ലണ്ടില്‍ അഭയ കേന്ദ്രം തേടി എത്തിയ ഇയാളെ ടാന്‍സാനിയയിലേക്ക് നാട് കടത്തുകയായിരുന്നു. ടാന്‍സാനിയില്‍ എത്തിയ ഇയാള്‍ മണിക്കൂറുകള്‍ക്കകം മരണമടഞ്ഞു. 2014 മാര്‍ച്ചില്‍ ഗാര്‍ഡ നടത്തിയ വാഹന പരിശോധനയിലാണ് ഈ യുവാവ് കുടുങ്ങിയത്. മതിയായ രേഖകള്‍ ഇല്ലാതെ പിടിയിലായ ഇയാളെ ക്ലോവര്‍ഹില്ലിലെ ജയിലിലേക്ക് അയച്ചു. 

ക്ലോവര്‍ഹില്‍ ജയിലില്‍ കഴിഞ്ഞു വന്നിരുന്ന ഇയാളെ കഴിഞ്ഞ ദിവസമാണ് ടാന്‍സാനിയയിലേക്ക് നാട് കടത്താന്‍ തീരുമാനിച്ചത്. 2007 ല്‍ ബ്രിട്ടനില്‍ കുടിയേറിയ മുഹമ്മദ് അവിടെ നിന്നാണ് അയര്‍ലണ്ടില്‍ എത്തിയത്. എന്നാല്‍ അഭയം തേടിക്കൊണ്ടുള്ള അപേക്ഷ നിരസിക്കപ്പെട്ടതോടെയാണ് ഇയാളെ നാട് കടത്താന്‍ ഐറിഷ് അധികൃതര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ടാന്‍സാനിയില്‍ എത്തി മണിക്കൂറുകള്‍ക്കകം ഇയാളെ ആരോ കൊലപ്പെടുത്തുകയാണ് ഉണ്ടായതെന്ന് കരുതപ്പെടുന്നു.മുഹമ്മദിന് മേലാസകലം മര്‍ദനമേറ്റിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

അഭയം തേടിയ മനുഷ്യനെ മരണത്തിലേയ്ക്ക് തള്ളിവിട്ട ഐറിഷ് സര്‍ക്കാരിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 

Scroll To Top