Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ ഗ്രഹണം ശാന്തം,ഭാഗീകം 

അയര്‍ലണ്ടില്‍ ഗ്രഹണം ശാന്തം,ഭാഗീകം 

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ഇന്ന് രാവിലെ മുതല്‍ അനുഭവപ്പെട്ടത് ഭാഗീകമായ സൂര്യഗ്രഹണം. സൂര്യഗ്രഹമം നടന്നുകൊണ്ടിരുന്ന സമയത്ത് ആകാശം മേഘപാളികളാല്‍ മൂടപ്പെട്ടിരുന്നതിനാല്‍ അയര്‍ലണ്ടിന്റെ ചില ഭാഗങ്ങളില്‍നിന്ന് മാത്രമാണ് സൂര്യഗ്രഹണം ശരിയായ രീതിയില്‍ കാണാന്‍ സാധിച്ചത്. മേഘപാളികള്‍ക്കിടയിലൂടെ ചില ഭാഗങ്ങളില്‍ ഗ്രഹണം കാണാന്‍ സാധിക്കുമായിരുന്നെങ്കിലും വ്യക്തതകുറവുണ്ടായിരുന്നു. 

സോളാര്‍ ആസ്‌ട്രൊണെറ്റ്‌സും സോളാര്‍ ക്ലബുകളും ഏര്‍പ്പെടുത്തിയിരുന്ന താത്ക്കാലിക സോളാര്‍ സ്‌റ്റേഷനുകളില്‍ ആളുകള്‍ തിങ്ങിനിറഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു. കോര്‍ക്ക് ആസ്‌ട്രോണമി ക്ലബിന്റെ കാസിലിലെ സോളാര്‍ സ്‌റ്റേഷനിലും ബ്ലാക്ക്‌റോക്ക് കാസില്‍ ആസ്‌ട്രോണമേഴ്‌സിന്റെ സോളാര്‍ സ്‌റ്റേഷനിലും നിരവധി ആളുകളാണ് എത്തിയിരുന്നത്. 

ഈ പ്രദേശങ്ങളിലുള്ള സ്‌കൂളുകളില്‍ സോളാര്‍ വര്‍ക്ക്‌ഷോപ്പുകളും, പ്ലാനറ്റേറിയം ഷോയും, സോളാര്‍ ടോക്ക് ഷോകളും സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. 

സൂര്യഗ്രഹണം നടക്കുന്ന സമയത്ത് സൂര്യനിലേക്ക് നഗ്‌ന നേത്രത്തിലൂടെ നോക്കരുതെന്നും ഇത് കാഴ്ച്ചശക്തിയെ പോലും പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടായിരുന്നു. സാധാരണ ടെലിസ്‌കോപ്പുകളും, ബൈനോക്കുലറുകളും, ഫില്‍റ്ററുകളും ഉപയോഗിക്കരുതെന്നും മുന്നറിയിപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സോളാര്‍ സ്‌റ്റേഷനിലും മറ്റും സൂര്യഗ്രഹണം വീക്ഷിക്കാന്‍ മാത്രമായി തയാറാക്കിയ ഉപകരണങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. 

ലോകത്തിന്റെ പല ഭാഗത്തും സോളാര്‍ എക്ലിപ്‌സ് എന്ന് അറിയപ്പെടുന്ന സൂര്യഗ്രഹണം സംഭവിക്കാറുണ്ടെങ്കിലും അയര്‍ലണ്ടില്‍ ഇത് വളരെ അപൂര്‍വമായി മാത്രമെ കാണാന്‍ സാധിക്കുകയുള്ളു. ഇതിന് മുന്‍പ് സൂര്യഗ്രഹണം സംഭവിച്ചത് 16 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഇനിയൊരു സൂര്യഗ്രഹണം കാണണമെങ്കില്‍ അയര്‍ലണ്ടുകാര്‍ 2026 വരെയെങ്കിലും കാത്തിരിക്കണം. 

ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്റെ നിഴല്‍ പതിക്കുമ്പോള്‍ വെളിച്ചം കുറയും, ഈ പ്രതിഭാസത്തിനാണ് സൂര്യഗ്രഹണം എന്ന് പറയുന്നത്. അയര്‍ലണ്ടില്‍ ഏകദേശം രാവിലെ 8.30 ഓട്കൂടി സൂര്യഗ്രഹണം ദൃശ്യമായി തുടങ്ങിയിരുന്നു. രാവിലെ 9.30 ആയപ്പോഴേക്കും സൂര്യന്റെ 90 ശതമാനവും ചന്ദ്രന്റെ നിഴല്‍ കൊണ്ട് മറഞ്ഞിരുന്നു. മേഘങ്ങള്‍ കൊണ്ട് മറഞ്ഞിരുന്നതിനാല്‍ പല അവസരങ്ങളിലും ഗ്രഹണം കാണാന്‍ സാധിച്ചിരുന്നില്ല.

Scroll To Top