Sunday March 25, 2018
Latest Updates

സാമൂഹ്യക്ഷേമ ആനുകൂല്യങ്ങള്‍ വാരിക്കോരികൊടുത്തിട്ടും അയര്‍ലണ്ട് യൂറോപ്പിലെ ക്ഷേമരഹിതരാജ്യമെന്ന് പഠനം!

സാമൂഹ്യക്ഷേമ ആനുകൂല്യങ്ങള്‍ വാരിക്കോരികൊടുത്തിട്ടും അയര്‍ലണ്ട് യൂറോപ്പിലെ ക്ഷേമരഹിതരാജ്യമെന്ന് പഠനം!

ഡബ്ലിന്‍:ഏറ്റവും കുറഞ്ഞ സാമൂഹ്യക്ഷേമ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്ന യൂറോപ്യന്‍ രാജ്യമെന്ന അവസ്ഥയിലേയ്ക്ക് അയര്‍ലണ്ട് കൂപ്പുകുത്തുന്നതായി പഠനം.എമ്പ്‌ലോയര്‍ കമ്പാരിസണ്‍ ഗ്രൂപ്പായ ഗ്ലാസ്‌ഡോര്‍ ലോക വ്യാപകമായി നടത്തിയ പഠനത്തില്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും വിതരണം ചെയ്യുന്നതിലുംഏറ്റവും പിശുക്ക് കാട്ടുന്ന അമേരിക്കയ്ക്ക് തൊട്ടു മുകളിലാണ് അയര്‍ലണ്ടിന്റെ സ്ഥാനം.

ഡെന്‍മാര്‍ക്ക്,ഫ്രാന്‍സ്,സ്‌പെയിന്‍,എന്നി രാജ്യങ്ങളാണ് വെല്‍ഫയറിന്റെ കാര്യത്തില്‍ ഉദാര സമീപനം സ്വീകരിക്കുന്നത്..ഇവരെ അപേക്ഷിച്ച് സ്വിസ്സ്ര്‍ലണ്ട്,ബ്രിട്ടന്‍ എന്നി വികസിതരാജ്യങ്ങളാവട്ടെ സോഷ്യല്‍ വെല്‍ഫയര്‍ നല്‍കുന്നതില്‍ ഏറെ പിന്നിലാണ്.

അയര്‍ലണ്ടിലെ വെല്‍ഫയര്‍ സംവിധാനത്തില്‍ അടുത്തകാലത്തുണ്ടായ കുറവ് അമ്പരപ്പിക്കുന്നതാണ്.ഒട്ടേറെ ആനുകൂല്യങ്ങള്‍ ലഭിച്ചു കൊണ്ടിരുന്ന അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് അവയൊക്കെ നിലനില്‍ക്കെ തന്നെയാണ് കഴിഞ്ഞ എട്ടു വര്‍ഷക്കാലത്തിനിടയില്‍ വെല്‍ഫയര്‍ ബെനഫിറ്റുകള്‍ ജീവിത ചിലവിന് അനുസരിച്ചു വര്‍ദ്ധിക്കാതിരുന്നത്.സിക്ക് ലീവ് അടക്കമുള്ളവ വെട്ടിക്കുറയ്ക്കുകയും ചെയ്തു.

ജോബ് സീക്കര്‍ അലവന്‍സ് അയര്‍ലണ്ടില്‍ ആഴ്ച്ചയില്‍ വെറും 188 യൂറോയാണ്.ഡെന്‍മാര്‍ക്കില്‍ ഇത് ഏറ്റവും അവസാനം ജോലി ചെയ്ത സമയത്തെ ആഴ്ചവരുമാനത്തിന്റെ 90 % ലഭിക്കും.ഫിനഗേല്‍ പാര്‍ട്ടി അവരുടെ ഇലക്ഷന്‍ പ്രകടന പത്രികയില്‍ ജോബ് സീക്കിങ് അലവന്‍സ് ആദ്യകാലയളവില്‍ 225 യൂറോ വരെയാക്കി വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

സിക്ക് ലീവിന്റെയും മെറ്റേണിറ്റി ലീവിന്റെയും കാര്യത്തിലും യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിലവാരപ്പട്ടികയില്‍ അയര്‍ലണ്ടും ഉള്‍പ്പെടും.real

അതേ സമയം നിരവധി ആനുകൂല്യങ്ങളുടെ കുറവുണ്ടെങ്കിലും,ഡബ്ലിന്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ ജിവിത ചിലവിന്റെ കുറവും,വരുമാനത്തിലെ ഉയര്‍ന്ന വിതരണവും ഇത്തരം കുറവുകളെ അതിജീവിക്കാന്‍ അയര്‍ലണ്ടിനെ സഹായിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.എങ്കിലും വെല്‍ഫയര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ അധികൃതരും ശക്തമായ സ്‌ക്രീനിംഗ് മാര്‍ഗങ്ങള്‍ സ്വീകരിച്ചത് ആനുകൂല്യങ്ങളുടെ അളവു കുറയുന്നതിലേയ്ക്കും സാഹചര്യമൊരുക്കി.

നാലംഗങ്ങളുള്ള കുടുംബത്തില്‍ ആരും തന്നെ തൊഴിലുള്ളവരായി ഇല്ലെങ്കില്‍ അവര്‍ക്ക് റെന്റ് സപ്ലിമെന്റടക്കമുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കും.

തൊഴിലന്വേഷകര്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍, ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സഹായങ്ങള്‍, ഇന്ധന അലവന്‍സ്,ഇങ്ങനെ തുടരുന്ന സഹായങ്ങളിലൂടെ ഒരു തൊഴിലും ഇല്ലാത്ത കുടുംബത്തിന് ഐറിഷ് സര്‍ക്കാര്‍ 33,185യൂറോയാണ് വര്‍ഷം തോറും സാമൂഹ്യ ക്ഷേമ അലവന്‍സുകളിലൂടെ നല്‍കുന്നത്

അതേസമയം ഇവരില്‍ ഒരാള്‍ക്ക് മിനിമം വേജ് ലഭിക്കുന്ന ജോലി ഉണ്ടെങ്കില്‍ അവരുടെ വാര്‍ഷിവരുമാനം വെറും29,164 യൂറോ മാത്രമായിരിക്കും. അപ്പോള്‍ തൊഴിലിനൊന്നും പോകാത്ത കുടുംബത്തിന് 4000യൂറോയുടെ അധിക വരുമാനം സോഷ്യല്‍ വെല്‍ഫെയര്‍ വരുമാനത്തില്‍ നിന്ന് ലഭിക്കുന്നുണ്ട്.’ അല്‍പ്പം ഉള്ളവനില്‍ നിന്നും നിന്നും ഉള്ളത് കൂടി ടാക്‌സായി എടുത്തു ഇല്ലാത്തവന് കൊടുക്കാനായി ക്രമീകരിച്ചിരിക്കുകയാണ് ഇവിടുത്തെ നിയമം.

അയര്‍ലണ്ടില്‍ മിനിമം വേജ് തൊഴില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വാര്‍ഷിക വരുമാനമാണ് തൊഴില്‍ രഹിതനായ ഒരാള്‍ക്ക് ലഭിക്കുന്നത്.കുടുംബത്തില്‍ ഒരംഗത്തിന് മിനിമം വേജ് ലഭിക്കുന്ന ജോലി ഉണ്ടെങ്കില്‍ സോഷ്യല്‍ വെല്‍ഫെയര്‍ സഹായമായി ലഭിക്കുന്ന ബഹുഭൂരിപക്ഷം ആനുകൂല്യങ്ങളും നഷ്ട്ടപ്പെടും.

ജോലിയില്ലാത്ത കുടുംബത്തിന് 33185 യൂറോ കിട്ടുമ്പോള്‍ ഒരാള്‍ക്ക് മിനിമം വേജ് ജോലിയുള്ള കുടുംബത്തിനു ലഭിക്കുന്നത് 29,164 യൂറോ ! പൂര്‍ണ്ണ സോഷ്യല്‍വെല്‍ഫയര്‍ ആനുകൂല്യങ്ങള്‍ കിട്ടുന്നവരെക്കാള്‍ 4000യൂറോ വരെ വര്‍ഷത്തില്‍ കുറവ്.കുറഞ്ഞ വേതനത്തിലുള്ളതായാല്‍പ്പോലും ഒരു തൊഴിലിനും ശ്രമിക്കാതെ ദാരിദ്ര്യവും പറഞ്ഞ് രാജ്യത്തിന്റെ സഹായധനങ്ങള്‍ സ്വീകരിക്കുകയാണ് പലരും ചെയ്യുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

ഒരാള്‍ക്കെങ്കിലും തൊഴിലുള്ള കുടുംബത്തിന് വാര്‍ഷികവരുമാനം 17,414യൂറോ വരികയാണെങ്കില്‍ റെന്റ് സപ്ലിമെന്റ് ലഭിക്കുകയില്ല. മറ്റു സഹായധനങ്ങള്‍ ലഭിച്ചാലും മോര്‍ട്ട്‌ഗേജില്‍ കുടുങ്ങുകയാണെങ്കില്‍ പകുതിയോളം ചിലവുകള്‍ അത്തരത്തില്‍ പോവുകയും ചെയ്യും.

82,000ത്തില്‍പ്പരം വീട്ടുകാര്‍ക്ക് ഇപ്പോള്‍ കൂടിയത് 823യൂറോയോളം പ്രതിമാസം റെന്റ് സപ്ലിമെന്റ് നല്‍കിവരുന്നുണ്ട്. ഇത് വര്‍ഷക്കണക്കനുസരിച്ചുനോക്കിയാല്‍ ഏതാണ്ട് 10,000യൂറോയെങ്കിലും ഇത്തരത്തില്‍ ഒരു കുടുംബത്തിന് ലഭിക്കുന്നുണ്ട്.

സാമൂഹികക്ഷേമവകുപ്പിന്റെ സഹായങ്ങള്‍ ഒരാള്‍ ജോലിചെയ്യുന്ന ഒരു കുടുംബത്തിലേക്ക് എത്തിച്ചേരണമെങ്കില്‍ വളരെ കടുപ്പമേറിയ വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്.

സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കുത്തഴിഞ്ഞ ആനുകൂല്യ വിതരണം നിര്‍ത്തലാക്കാത്തിടത്തോളം കാലം ഈ രാജ്യം നന്നാകില്ലെന്നു അവസാനം സര്‍ക്കാരിന് ബോധ്യമായി തുടങ്ങിയതോടെയാണ് ആനുകൂല്യങ്ങള്‍ പരിശോധിക്കാനുള്ള കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു തുടങ്ങിയത്.

ചൈല്‍ഡ് ബെനഫിറ്റ് കൃത്യമായി വിതരണം നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ വര്‍ഷത്തില്‍ രണ്ടു തവണയും ,മറ്റെല്ലാ ക്ഷേമപദ്ധതികള്‍ക്കും ഒരു തവണയെങ്കിലുവും പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.ഏതെങ്കിലും ക്ഷേമ പദ്ധതികള്‍ ദുരുപയോഗിക്കുന്നുണ്ടെങ്കില്‍ ജയില്‍ ശിക്ഷ അടക്കമുള്ള നിയമ നടപടികളാണ് അത്തരക്കാരെ കാത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം എട്ടുശതമാനത്തോളം തൊഴിലില്ലാത്ത ആളുകള്‍ പല മേഖലകളിലായി തൊഴിലില്‍ പ്രവേശിച്ചപ്പോള്‍ അവര്‍ക്ക് പണനഷ്ടമാണ് ഉണ്ടായതത്രേ ! പലര്‍ക്കും റെന്റ് സപ്ലിമെന്റ് പോലും ലഭിക്കാതെയുമായതായാണ് ഇകണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഇഎസ്ആര്‍ഐ) നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്.

.മെഡിക്കല്‍ കാര്‍ഡുകളുടെ സഹായങ്ങള്‍ വെട്ടിച്ചുരുക്കാനും സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പദ്ധതിയിട്ടിട്ടുണ്ട്. തൊഴിലിലേക്കു പ്രവേശിക്കുന്ന ഒരാള്‍ക്ക് മുന്‍പ് ലഭിച്ചിരുന്ന മെഡിക്കല്‍ കാര്‍ഡ് സഹായങ്ങള്‍ മൂന്നു വര്‍ഷം വരെ തുടരാം എന്നായിരുന്നു ഇതുവരെ.എന്നാല്‍ ഈ സമ്പ്രദായം അടുത്ത വര്‍ഷം മുതല്‍ നിര്‍ത്തലാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്

10ല്‍ 8ഓളം പേര്‍ക്കും തൊഴിലില്‍ പ്രവേശിക്കുന്നുവെന്നു കരുതി വരുമാനത്തില്‍ 50 ശതമാനം വളര്‍ച്ച മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന് ഇഎസ്ആര്‍ഐയുടെ പഠനം തെളിയിക്കുന്നതായി സാമൂഹികക്ഷേമ വകുപ്പ് പറയുന്നു. തൊഴിലില്ലാതിരിക്കുമ്പോള്‍ ഉള്ളതിനേക്കാളും തൊഴില്‍ ലഭിച്ചപ്പോള്‍ ഇവരില്‍ 8ശതമാനം പേര്‍ക്ക് വരുമാനം കുറയുകയാണ് ചെയ്തതെന്ന് ഇഎസ്ആര്‍ഐയുടെ’വര്‍ക്ക് ഇന്‍സെന്റിവ്‌സ്: ന്യൂ എവിഡെന്‍സ് ഫോര്‍ അയര്‍ലണ്ട് ‘ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു.

ഏതായാലും അയര്‍ലണ്ടില്‍ ജീവിക്കാത്തവര്‍ പോലും ഇത്തരം സഹായധനങ്ങള്‍ കൈപ്പറ്റുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.വീട് വാടകയ്‌ക്കെന്നു പറഞ്ഞു ഇടനിലക്കാരുമായി ചേര്‍ന്ന് കരാര്‍ ഉണ്ടാക്കുന്ന ഇവര്‍ റെന്റ് സപ്ലിമെന്റ് ആയി കിട്ടുന്ന തുകയുടെ 50 % തുക വരെയാണത്രെ കമ്മീഷനായി ഇടനിലക്കാര്‍ക്ക് കൊടുക്കുന്നത്. ഇത്തരം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സാമൂഹിക ക്ഷേമ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്.

സാമൂഹ്യക്ഷേമ പദ്ധതികള്‍ വേണ്ടവിധം പ്രയോജനപ്പെടുത്തുകയും വിതരണം ചെയ്യുന്നത് പരിശോധിക്കപ്പെടാതെ പോവുകയും ചെയ്യുന്നതാണ് ഐറിഷ് സോഷ്യല്‍ വെല്‍ഫയര്‍ മേഖലയെ കുറിച്ചുള്ള പരാതികള്‍ക്ക് ആധാരമെന്നാണ് സാമൂഹ്യക്ഷേമ വകുപ്പിന്റെ വിശദീകരണം.

Scroll To Top