Saturday December 03, 2016
Latest Updates

ഫേസ്ബുക്കിലുള്ള 80% പേരും കള്ളം പറയുന്നവരെന്ന് പഠനം

ഫേസ്ബുക്കിലുള്ള 80% പേരും കള്ളം പറയുന്നവരെന്ന് പഠനം

ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് ഉപയോക്താക്കളില്‍ അഞ്ചില്‍ നാലു പേരും സ്വന്തം ജീവിതത്തെക്കുറിച്ച് കള്ളം പറയുന്നവരെന്ന് യു.കെയില്‍ നടന്ന പഠനം തെളിയിക്കുന്നു. അതായത് ഫേസ്ബുക്കിലെയുെ മറ്റും ആളുകളില്‍ വെറും 20 ശതമാനത്തില്‍ താഴെ മാത്രമേ സത്യം പറയുന്നവരുള്ളൂ എന്നര്‍ത്ഥം. ബാക്കി 80 ശതമാനം പേരും പറയുന്ന പല കാര്യങ്ങളും കളവാണത്രേ.

2,000 ബ്രിട്ടിഷുകാരെയാണ് പഠനത്തില്‍ സര്‍വ്വേയ്ക്കായി തെരഞ്ഞെടുത്തത്. ഇതില്‍ 18% മാത്രമാണ് തങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നതെല്ലാം സത്യമാണെന്നു പറഞ്ഞത്. മറ്റുള്ളവരാകട്ടെ തങ്ങളുടെ ജീവിതം ശരിക്കുമുള്ളതിനെക്കാള്‍ സന്തോഷകരമാണെന്നു വരുത്തിത്തീര്‍ക്കാനായി കൊച്ചു കൊച്ചു കള്ളങ്ങള്‍ പറയുന്നവരാണ്. ഇതില്‍ത്തന്നെ പുരുഷന്മാരാണ് സ്ത്രീകളെക്കാള്‍ കള്ളം പറയുന്നതത്രേ.

സര്‍വ്വേയില്‍ പങ്കെടുത്ത 43% പുരുഷന്മാരും പറഞ്ഞത് തങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും ഏറെ മാറ്റങ്ങള്‍ നിറഞ്ഞതാണ് എന്നാണ്. ഇതില്‍ 14% പേര്‍ തങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തിലുള്ളതിനെക്കാള്‍ ആക്ടീവ് ആണ് എന്ന് മറ്റുള്ളവരെ അറിയിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രമിക്കുന്നുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു.

സര്‍വ്വേയിലെ മറ്റൊരു രസകരമായ ചോദ്യം ‘മറ്റുള്ളവരുടെ പോസ്റ്റുകളില്‍ ഏറ്റവും ശല്യമായി തോന്നുന്നത് ഏത്’ എന്നതായിരുന്നു. ഇതിന് 42% പേര്‍ നല്‍കിയ മറുപടി ‘കുഞ്ഞുങ്ങളെയും പങ്കാളികളെയും കുറിച്ച് അമിതമായി പുകഴ്ത്തുന്ന പോസ്റ്റുകള്‍,’ ‘മറ്റുള്ളവരെക്കുറിച്ച കുറ്റം പറയുന്ന പോസ്റ്റുകള്‍’ എന്നിവയായിരുന്നു. മറ്റൊരു 40 ശതമാനത്തിന്റെ ഉത്തരം ‘ധാരാളം സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്നതാണ്’ ഏറ്റവും ശല്യമായി തോന്നുന്നത് എന്നായിരുന്നു.

യു.കെയിലെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഏജന്‍സിയായ കസ്റ്റാര്‍ഡ് (Custard) നടത്തിയ ഈ രസകരമായ പഠനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് ibtimes.co.uk ആണ്.

Scroll To Top