Friday September 22, 2017
Latest Updates

എട്ടു മക്കളെ പട്ടിണിയ്ക്കിട്ട് പീഡിപ്പിച്ച്, ഉല്ലസിക്കാന്‍ പോയ അമ്മയുടെ കേസ് ഗോള്‍വേ കോടതിയില്‍ വിചാരണ തുടങ്ങി

എട്ടു മക്കളെ പട്ടിണിയ്ക്കിട്ട് പീഡിപ്പിച്ച്, ഉല്ലസിക്കാന്‍ പോയ അമ്മയുടെ കേസ് ഗോള്‍വേ കോടതിയില്‍ വിചാരണ തുടങ്ങി

ഗോള്‍വേ; അയര്‍ലണ്ടിലെ ഒരമ്മ തന്റെ എട്ടു മക്കളെ പട്ടിണിയ്ക്കിട്ടു പീഡിപ്പിച്ചുവെന്ന കേസിലെ വിചാരണ ഗോള്‍വേ കോടതിയില്‍ ആരംഭിച്ചു.

ക്രൂരമായ അവഗണനയിലൂടെ ഒന്നര വയസു മുതല്‍ പതിനെട്ടു വയസു വരെ പ്രായമുണ്ടായിരുന്ന കുട്ടികളോട് പെരുമാറുകയും അവരുടെ സാന്നിധ്യത്തില്‍ മദ്യപിക്കുകയും,കൂട്ടുകാരോടൊത്ത് ഉല്ലസിക്കുകയും ചെയ്തിരുന്ന ഈ അമ്മയുടെ പേരില്‍ 2011 ലാണ് കേസ് ചാര്‍ജ് ചെയ്തത്.

സാമൂഹ്യക്ഷേമവകുപ്പിലെ ഉദ്യോഗസ്ഥര്‍ നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനസമയത്താണ് അമ്മയുടെ അഴിഞ്ഞാട്ടവും ഉത്തരവാദിത്വരാഹിത്യവും കണ്ട് അവര്‍ ഞെട്ടിപ്പോയത്.ഒരു തരി ഭക്ഷണം പോലുമില്ലാതെ വിശന്നു കേഴുകയായിരുന്നു എട്ടു കുട്ടികള്‍.ഇളയകുഞ്ഞിനുള്ള പാല്‍ക്കുപ്പിയില്‍ ഉണ്ടായിരുന്നത് കഷ്ടിച്ച് ഒരു തുടം പാല്‍!കുട്ടികളെ പരിപാലിക്കാന്‍ ഏല്‍പ്പിച്ചു പോയെന്നു പറയപ്പെടുന്ന അമ്മയുടെ രണ്ടു പുരുഷ സുഹൃത്തുക്കളാവട്ടെ മദ്യലഹരിയില്‍ ആയിരുന്നു 

ഉദ്യോഗസ്ഥര്‍ അടിയന്തര നടപടിയായി ചെയ്തത് ഉത്തരവാദിത്വമില്ലാത്ത അമ്മയുടെയടുക്കല്‍ നിന്നും മക്കളെ സോഷ്യല്‍ കെയറിലേയ്ക്ക് മാറ്റുകയായിരുന്നു.ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തുന്നതിന് മുമ്പേ അമ്മ അവിടെ നിന്നും സ്ഥലം വിട്ടിരുന്നു.ഒരു ദിവസം വ്യത്യസ്തമായ മൂന്നു തവണ ഉദ്യോഗസ്ഥര്‍ വന്നപ്പോഴും അമ്മയെ കാണാതായപ്പോഴാണ് അവര്‍ അനന്തര നടപടികളിലേയ്ക്ക് കടന്നത്.

പിന്നീട് നടന്നത് ഹൃദയഭേദകങ്ങളായ സംഭവങ്ങളായിരുന്നു.പട്ടിണിയുടെ കരിനിഴലിലും ഉള്ളത് പങ്കു വെച്ച് ഒരു പായില്‍ ഉറങ്ങിയ എട്ടു മക്കളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എട്ടു വ്യത്യസ്തമായ സ്ഥലങ്ങളിലെ ഫോസ്റ്റര്‍ കെയറുകളിലേയ്ക്ക് മാറ്റി.

2011 ല്‍ ഇവരില്‍ അന്ന് 13 വയസ് പ്രായമുണ്ടായിരുന്ന ഒരു കുട്ടിയുടെ മൊഴി റിക്കോര്‍ഡ് ചെയ്തത് ഇന്നലെ കോടതി കേട്ടു.സംഭവദിവസത്തെ ആ മകള്‍ ഓര്‍ത്തെടുക്കുന്ന ഒരു തെളിവായിരുന്നു അത്.അവള്‍ അതില്‍ ഇങ്ങനെയാണ് പറയുന്നാത്.’അന്ന് വീട് മുഴുവന്‍ വൃത്തികേടായി കിടക്കുകയായിരുന്നു.എനിക്ക് ഭയങ്കര വിശപ്പുണ്ടായിരുന്നു.എന്റെ ഇളവരെല്ലാം വിശന്നു കരയുന്നത് കണ്ടപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്ന അല്‍പ്പം ചിപ്‌സ് എടുത്ത് വറുത്ത് കൊടുത്തു.വീട്ടിനകത്തെല്ലാം പുകയായിരുന്നു.

ഉദ്യോഗസ്ഥര്‍ ഞങ്ങളെ തേടി വന്നത് അപ്പോഴാണ്..അവര്‍ ഞങ്ങളെ എങ്ങോട്ടോ കൊണ്ട് പോകുകയാണെന്ന് പറഞ്ഞു.എന്തെങ്കിലും ഉണ്ടെങ്കില്‍ പായ്ക്ക് ചെയ്‌തെടുക്കാന്‍ പറഞ്ഞു.എന്റെ ഇളയ അനുജന്‍മാരുടെ മുഖത്തേയ്ക്ക് ഞാന്‍ നോക്കി.അവരെല്ലാം എന്നെ ത്തന്നെ നോക്കുകയായിരുന്നു.ഇനി എന്തും സംഭവിക്കാമെന്നു അവര്‍ക്കും തോന്നിക്കാണും.മൂന്നു വയസും നാല് വയസും പ്രായമുള്ള എന്റെ ഏറ്റവും ഇളയ അനുജന്മാര്‍ പേടിച്ച് കരച്ചിലിന്റെ വക്കില്‍ എത്തിയിരുന്നു.അവര്‍ക്ക് ധൈര്യം കൊടുക്കാന്‍ എനിക്കായില്ല.അവര്‍ കുഞ്ഞുങ്ങളല്ലേ ?ഞാനും കരഞ്ഞു.അവസാനം ഓരോരുത്തരെയായി ഓരോ ഫോസ്റ്റര്‍ കെയററുടെയും വീട്ടില്‍ ഇറക്കി.ഞങ്ങള്‍ എട്ടിടത്തായി.

കരഞ്ഞു കൊണ്ട് വേര്‍പ്പെട്ടു പോകുന്ന എന്റെ അനുജന്‍മാരുടെ മുഖമായിരുന്നു എന്റെ മനസ് മുഴുവന്‍.അവര്‍ എത്ര മാത്രം തീ തിന്നു കാണും?

ഞങ്ങള്‍ ആരും നേരത്തെ കണ്ടിട്ടില്ലാത്ത അപരിചിതരുടെ അടുത്തേയ്ക്കാണ് ഞങ്ങളെ കൊണ്ടുപോയത്.ഞാന്‍ എന്റെ സഹോദരങ്ങളുടെ അടുക്കല്‍ നിന്നും ഒറ്റപ്പെട്ടു പോയി.അവരും.നിങ്ങള്‍ക്ക് ഊഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു ഞങ്ങളുടെ വിഷമം.തികച്ചും അന്യായമായ വേര്‍പ്പിരിയ്ക്കല്‍…അവള്‍ പറഞ്ഞത് കോടതി കേട്ടു.’മൂന്നു മാസത്തെ ഇടവേളയില്‍ ഞാനെന്റെ കുടുംബത്തിലെ ആരെയും കണ്ടില്ല.എന്റെ അനുജന്മാര്‍,അനുജത്തിമാര്‍,ചേച്ചി,അമ്മ ആരെയും.അവര്‍ക്കെന്ത് സംഭവിക്കുന്നു എന്നുപോലും ആരും പറഞ്ഞിരുന്നില്ല’.പെണ്‍കുട്ടി നല്കിയ മൊഴിയില്‍ പറയുന്നു.

ആദ്യം എത്തിച്ച ഫോസ്റ്റര്‍ കെയറുടെ നിന്നും എന്നെ വീണ്ടും പല വീടുകളിലേയ്ക്കും മാറ്റി.പലയിടത്തും പല അനുഭവങ്ങളായിരുന്നു.ഇപ്പോഴുള്ള വീട്ടില്‍ ഞാന്‍ സന്തോഷവതിയാണ്.അവള്‍ പറഞ്ഞു.

എന്തിനാണ് വീട്ടില്‍ നിന്നും കൊണ്ട് സാമൂഹ്യക്ഷേമ വകുപ്പ് കൊണ്ട് പോവുന്നതെന്ന് അറിയാമായിരുന്നോ എന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് കുട്ടി മറുപടി പറഞ്ഞത് ഇങ്ങനെയാണ്:എന്റെ അമ്മ ഉത്തരവാദിത്വം ഇല്ലാതെയാണ് പെരുമാറിയിരുന്നത്.ലോകത്തില്‍ അമ്മമാര്‍ സാധാരണയായി ചെയ്തുകാണപ്പെടുന്ന ചുമതലകളൊന്നും എന്റെ അമ്മ ചെയ്യില്ലായിരുന്നു.ഒരു ദിവസം വീട്ടില്‍ നിന്ന് പോയാല്‍ ദിവസങ്ങളോളം അമ്മ എവിടെ പോയെന്നു ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.വിളിച്ചാല്‍ ഫോണും എടുക്കില്ല.വീട്ടില്‍ ഉള്ളപ്പോള്‍ ഞങ്ങളെ ചട്ടുകം കൊണ്ട് തല്ലുമായിരുന്നു അമ്മ.പക്ഷെ ഞങ്ങള്‍ അതൊരു പ്രശ്‌നമായി കണ്ടിട്ടേയില്ല.ഉള്ളിന്റെ ഉള്ളില്‍ അമ്മയോടുള്ള സ്‌നേഹം ഒളിപ്പിച്ച് പെണ്‍കുട്ടി മൊഴി നല്‍കി.

പല വീടുകളിലായി കഴിഞ്ഞിരുന്ന മൊഴി നല്‍കാന്‍ ഒത്തുചേര്‍ന്നപ്പോഴും അമ്മയുടെ ക്രൂരതയെക്കുറിച്ചുള്ള വിവരണം നല്‍കാന്‍ മറന്നില്ലെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.ചൊവ്വാഴ്ച ആരംഭിച്ച കേസിന്റെ വാദം ഗോള്‍വേ കോടതി ഈ ആഴ്ച്ച തുടരും.ഗാര്‍ഡ ആരോപിച്ച നാല്‍പ്പതിലധികം കുറ്റങ്ങള്‍ 39 വയസുകാരിയായ അമ്മ നിഷേധിച്ചിട്ടുണ്ട്. 

(കൊട്ടിഘോഷിക്കപ്പെടുന്ന ഐറിഷ് സാമൂഹ്യവ്യവസ്ഥയിലെ ഉത്തരവാദിത്വ രാഹിത്യത്തിന്റെയും മാനുഷിക പരിഗണനയുടെയും ഉത്തമ ഉദാഹരണമാണ് ഈ സംഭവമെന്ന് വിശേഷിപ്പിക്കാതിരിക്കാന്‍ ആവില്ല.അമ്മയുടെ ഉത്തരവാദിത്വ രാഹിത്യത്തെകാള്‍ എത്രയോ ഭീകരമാണ് സഹോദരങ്ങളെ ഭിന്നിപ്പിച്ച സര്‍ക്കാരിന്റെ ക്ഷേമനടപടി!’)

Scroll To Top