Monday December 05, 2016
Latest Updates

ഇന്‍ഷുറന്‍സ് പ്രീമിയം: പ്രതിഷേധറാലി പരാജയപ്പെട്ടു,ആറായിരം കാറുകള്‍ക്ക് പകരം എത്തിയത് ആറ് പേര്‍ !

ഇന്‍ഷുറന്‍സ് പ്രീമിയം: പ്രതിഷേധറാലി പരാജയപ്പെട്ടു,ആറായിരം കാറുകള്‍ക്ക് പകരം എത്തിയത് ആറ് പേര്‍ !

ഡബ്ലിന്‍:മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് ഇന്നലെ ഡബ്ലിനിലെ മെറിയോണ്‍ സ്‌ക്വയറില്‍ നടത്താനിരുന്ന റാലി ആളുകള്‍ പങ്കെടുക്കാതെ പരാജയപ്പെട്ടു. കെറിയിലെ സാധാരണക്കാരനായ ട്രാവല്‍ ഏജന്റായ കിയാന്‍ ഗ്രിഫിന്‍ ആഹ്വാനം ചെയ്ത റാലിയില്‍ 6,000 കാറുകളും 15,000 ജനങ്ങളും പങ്കെടുക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ഒരു മണിയോടെ റാലിയില്‍ പങ്കെടുക്കാനെത്തിയത് വെറും ആറു പേരായിരുന്നു.

വന്‍ ജനാവലി എത്തുമെന്ന പ്രതീക്ഷയില്‍ മെറിയോണ്‍ സ്‌ക്വയറിലേക്കുള്ള മാര്‍ഗങ്ങള്‍ ഗാര്‍ഡ അടച്ചിരുന്നു.

രണ്ടു മണിയോടെ കുറച്ച് ഷിന്‍ ഫെന്‍ പ്രവര്‍ത്തകരും സ്ഥലത്ത് എത്തിച്ചേര്‍ന്നു. റാലിയില്‍ പങ്കെടുക്കുമെന്ന് 7,000ഓളം പേര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നെങ്കിലും, റാലി ആരംഭിച്ചപ്പോള്‍ ആകെ 70 പേര്‍ മാത്രമാണ് പങ്കെടുക്കാനുണ്ടായിരുന്നത്. സ്വതന്ത്ര ടിഡി തോമസ് പ്രിങ്കിള്‍, ഫിയനാഫാള്‍ ടിഡി ജോണ്‍ ലാഹര്‍ട്ട് എന്നിവര്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ടിഡി ജിനോ കെന്നി ഗ്രിഫിനുമായി നേരിട്ട് ബന്ധപ്പെട്ടു.

റാലി പരാജയമല്ല എന്നും, ഇതൊരു തുടക്കം മാത്രമാണെന്നും റാലിയിലെ പ്രധാന പ്രാസംഗികനായ മാധ്യമപ്രവര്‍ത്തകന്‍ ചാര്‍ലി വെസ്റ്റണ്‍ അഭിപ്രായപ്പെട്ടു. പ്രീമിയം കുത്തനെ വര്‍ദ്ധിപ്പിച്ച ഇന്‍ഷുറന്‍സ് കമ്പനികളെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.കോടതിയില്‍ കേസ് എത്തിക്കാതെ പുറത്തുവച്ച് കൂടിയ പണം കൊടുത്ത് ഒത്തു തീര്‍പ്പിലെത്തുകയാണ് കമ്പനികള്‍ എന്ന് അദ്ദേഹം പറഞ്ഞു.സോളിസിറ്റര്‍മാരും ഇതുമായി ബന്ധപ്പെട്ടവരും ഇത്തരം ബാധ്യതകള്‍ പൊതുജനത്തിന്റെ തലയില്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Scroll To Top