Friday December 02, 2016
Latest Updates

പുകവലി നിരോധനം ഫലപ്രദമായി ;അയര്‍ലണ്ടില്‍ പുകവലി 25% കുറഞ്ഞു

പുകവലി നിരോധനം ഫലപ്രദമായി ;അയര്‍ലണ്ടില്‍ പുകവലി 25% കുറഞ്ഞു

ഡബ്ലിന്‍: അയര്‍ലണ്ടിലെ പുകവലി നിരോധനം ഫലപ്രദമായെന്ന് ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റി.പൊതു സ്ഥലങ്ങളില്‍  പുകവലി നിരോധിച്ചതിന് ശേഷം അയര്‍ലണ്ടിലെ പുകവലിക്കാരുടെ എണ്ണം 25% കുറഞ്ഞതായി ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റി പുറത്ത് വിട്ട കണക്ക് സൂചിപ്പിക്കുന്നു. 2004 ലാണ് അയര്‍ലണ്ടില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ പരസ്യമായി വിറ്റഴിക്കുന്നത് നിരോധിച്ചത്. ഇത് ഫലപ്രദമായ മാറ്റങ്ങള്‍ സൃഷ്ടിച്ചുവെന്നാണ് ക്യാന്‍സര്‍ സൊസൈറ്റിയുടെ അവലോകന റിപ്പോര്‍ട്ട് പറയുന്നത്.

പുകവലിക്കെതിരെ ഐറിഷ് ഗവണ്‍മെന്റ് കര്‍ക്കശ നിലപാട് സ്വീകരിച്ചതോടെ പുകയിലജന്യ രോഗങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്നവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചിരുന്ന കോടിക്കണക്കിന് യൂറോ ലാഭിക്കാന്‍ കഴിഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പുകയില ഉല്‍പ്പന്നങ്ങള്‍ പരസ്യമായി വില്‍ക്കുന്നത് നിരോധിക്കുന്നതിന് മുമ്പ് അയര്‍ലണ്ടില്‍ പുകവലി നിരക്ക് 28.86 % ആയിരുന്നു. എന്നാല്‍ ഈ പത്ത് വര്ഷത്തിനിടെ അത് 21.71 ശതമാനമായി കുറഞ്ഞു. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ അയര്‍ലണ്ട് ഗവണ്‍മെന്റ് സധൈര്യം സ്വീകരിച്ച നടപടി അഭിനന്ദനാര്‍ഹമാണെന്ന് ക്യാന്‍സര്‍ സൊസൈറ്റിയുടെ വക്താവ് കാതലീന്‍ ഓ മരീന പറഞ്ഞു. പുകവലിക്കെതിരെ അയര്‍ലണ്ട് സ്വീകരിച്ച നടപടികള്‍ മാതൃകയാക്കി ബെര്‍മുഡ, ബ്രസീല്‍, ലാത്വിയ, ലെബനന്‍ തുടങ്ങിയ വിവിധ രാജ്യങ്ങളും പുകവലിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് തുടങ്ങിയതായും കാതലീന്‍ പറഞ്ഞു.

പുകവലി ഉപയോഗത്തെ തുടര്‍ന്ന് അയര്‍ലണ്ടില്‍ പ്രതിവര്‍ഷം 5200 പേരാണ് മരണമടയുന്നത്. എന്നാല്‍ പുകവലിക്കെതിരെ നടപടി സ്വീകരിച്ചതോടെ ഇതില്‍ കുറവ് വന്നിട്ടുണ്ട്. കൂടാതെ വലിക്കാരില്‍ ഉണ്ടാകുന്ന ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളും കുറഞ്ഞിട്ടുണ്ട്. പുകവലിക്കുന്നവരുടെ നിരക്ക് കുറഞ്ഞുവെങ്കിലും പൂര്‍ണ്ണമായും പുകവലി ഇല്ലാതാക്കാന്‍ ഇനിയും നടപടികള്‍ ആവശ്യമാണെന്ന് ക്യാന്‍സര്‍ സൊസൈറ്റി ആവശ്യപ്പെട്ടു. 2025 ഓടെ പുകയിലരഹിത അയര്‍ലണ്ട് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ക്യാന്‍സര്‍ സൊസൈറ്റിയും മറ്റ് സന്നദ്ധ സംഘടന കളും പ്രവര്‍ത്തിക്കുന്നത്.

Scroll To Top