Tuesday April 25, 2017
Latest Updates

ചെറുകിട ബാങ്കുകള്‍ക്ക് ആഗസ്‌തോടെ ലൈസന്‍സ് അനുവദിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ചെറുകിട ബാങ്കുകള്‍ക്ക് ആഗസ്‌തോടെ ലൈസന്‍സ് അനുവദിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

രാജ്യത്ത് പുതിയ ചെറുകിട ബാങ്കുകള്‍ക്കും പേയ്‌മെന്റ് ബാങ്കുകള്‍ക്കുമുള്ള ലൈസന്‍സുകള്‍ ആഗസ്‌തോടെ നല്‍കാനാവുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ചെറുകിട ബാങ്കുകള്‍ക്കായി 72 അപേക്ഷകളും പേയ്‌മെന്റ് ബാങ്കുകള്‍ക്കായി 41 അപേക്ഷകളും റിസര്‍വ് ബാങ്കിന് ലഭിച്ചിട്ടുണ്ട്.

ഒരു ലക്ഷം രൂപ വരെ നിക്ഷേപം സ്വീകരിക്കാനും കറന്റ് അക്കൗണ്ട്, സേവിങ്ങ്‌സ് അക്കൗണ്ട് എന്നീ സേവനങ്ങള്‍ ലഭ്യമാക്കാനും കഴിയുന്നവയാണ് പേയ്‌മെന്റ് ബാങ്കുകള്‍. ഡെബിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിങ്ങ് എന്നിവയും ഇവയ്ക്ക് ലഭ്യമാക്കാനാകും. ചെറുകിട ബാങ്കുകള്‍ നിലവിലുള്ള വാണിജ്യ ബാങ്കുകള്‍ക്ക് സമാനമാണ്. അസംഘടിത മേഖലയ്ക്കും ചെറുകിട കര്‍ഷകര്‍ക്കും ചെറു ബിസിനസ് യൂണിറ്റുകള്‍ക്കും ബാങ്കിങ്ങ് സേവനം എത്തിക്കുകയാണ് ചെറുകിട ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

വീഡിയോകോണ്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആദിത്യ ബിര്‍ള ഗ്രൂപ്പ്, ഭാരതി എയര്‍ടെല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ വന്‍കിട ഗ്രൂപ്പുകളും അപേക്ഷകരില്‍ പെടുന്നു. തപാല്‍ വകുപ്പും പേയ്‌മെന്റ് ബാങ്കിനായി അപേക്ഷിച്ചിട്ടുണ്ട്. ഇവര്‍ക്കു പുറമെ വിദേശ മലയാളി വ്യവസായി എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പും 113 അപേക്ഷകരില്‍ പെടുന്നു.

Scroll To Top