Sunday December 11, 2016
Latest Updates

സ്ലൈഗോയില്‍ സംഗീതോത്സവം ഇന്ന് മുതല്‍,ഉദ്ഘാടനവേദിയില്‍ ഭാരതീയ നൃത്ത സംഗീതവും 

സ്ലൈഗോയില്‍ സംഗീതോത്സവം ഇന്ന് മുതല്‍,ഉദ്ഘാടനവേദിയില്‍ ഭാരതീയ നൃത്ത സംഗീതവും 

രാജ്യാന്തരസംഗീതത്തിന്റെ വര്‍ണ്ണചാര്‍ത്തിന് സ്ലൈഗോ നഗരം അണിഞ്ഞൊരുങ്ങി.അന്താരാഷ്ട്ര തലത്തില്‍ പ്രമുഖര്‍ മുതല്‍ സാധാരണ തെരുവ് ഗായകര്‍ വരെ അണിനിരക്കുന്ന ഐറിഷ് സംഗീതോത്സവം ഇന്ന് വൈകിട്ട് സ്ലൈഗോയില്‍ ആരംഭിക്കും.സംഗീതത്തിന്റെ സമസ്തമേഖലകളില്‍ നിന്നുമുള്ള വിശാരദര്‍ സ്ലൈഗോയിലെയ്ക്ക് എത്താന്‍ തുടങ്ങി കഴിഞ്ഞു.

സംഗീതത്തെ ഹൃദയത്തിലേറ്റ് വാങ്ങി നിറപ്പകിട്ടാക്കുന്ന ജീവിതശൈലിയില്‍ ചേര്‍ത്ത് വെച്ചാസ്വദിക്കുന്ന പതിനായിരങ്ങള്‍ സംഗീതോത്സവത്തിന് എത്തും.ഇന്ന് ഐറിഷ് പ്രസിഡണ്ട് ഉദ്ഘാടനം നിര്‍വഹിക്കുമ്പോള്‍ മുതല്‍ മുതല്‍ എട്ടു ദിവസങ്ങള്‍ സ്ലൈഗോയുടെ തെരുവീഥികള്‍ രാപകലന്യേ സംഗീത സാന്ദ്രമാവും.ഉദ്ഘാടക സമ്മേളന വേദിയില്‍ കുടിയേറ്റക്കാര്‍ക്കുപ്രത്യേക പരിഗണന നല്‍കി ഭാരതീയ സംഗീതത്തിനും നൃത്തത്തിനും നല്‍കാനും സംഘാടകര്‍ അവസരം ഒരുക്കിയിട്ടുണ്ട്.

പ്രസിഡണ്ടിന്റെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞാലുടന്‍ ആരംഭിക്കുന്ന പ്രത്യേക കലാപരിപാടികളിലൊന്ന് ബോളിവുഡ് നൃത്ത സംഗീതമാണ്.ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ വനിതാ വിഭാഗം അവതരിപ്പിക്കുന്ന രാജസ്ഥാനി നാടോടി നൃത്തം നാളെ 3.30 ന് സെന്റ് സ്റ്റീഫന്‍സ് കാര്‍ പാര്‍ക്കില്‍ നടത്തപ്പെടും.

2.30 നു ആരംഭിക്കുന്ന പരേഡില്‍ ഡാന്‍സ് ടീമും അണിചേരുന്നുണ്ട്.ഡാന്‍സ് ടീമിനൊപ്പം പരേഡില്‍ അണിചേരാന്‍ താത്പര്യപ്പെടുന്നവര്‍ 2.30 നു തന്നെ സിറ്റി ഹാളിനു മുമ്പിലെത്തണമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ സ്ലൈഗോയുടെ പി ആര്‍ ഓ ബെബില്‍ ബേബി അഭ്യര്‍ഥിച്ചു.

ഓഗസ്റ്റ് 14 ന് വൈകിട്ടും സംഗീതോത്സവത്തോടനുബന്ധിച്ച് ഇന്ത്യന്‍ കിഡ്‌സ് ഡാന്‍സ് അവതരിപ്പിക്കപ്പെടും.സിറ്റി ലൈബ്രറിയ്ക്ക് മുമ്പിലായുള്ള സ്റ്റേജിലാണ് കിഡ്‌സ് ഡാന്‍സ് അരങ്ങേറുന്നത് .

നാല് ലക്ഷത്തില്‍ അധികംപേര്‍ ,ഐറിഷ് ജനസംഖ്യയുടെ പത്തിലൊന്നോളം പേര്‍ ഐറിഷ് സംഗീതോത്സവത്തിന് എത്തിച്ചേരുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

Scroll To Top