Saturday December 03, 2016
Latest Updates

അയര്‍ലണ്ടിലെ ഇന്ത്യാക്കാരെ സ്ലൈഗോയിലേയ്ക്ക് ക്ഷണിക്കുന്നു!..

അയര്‍ലണ്ടിലെ ഇന്ത്യാക്കാരെ സ്ലൈഗോയിലേയ്ക്ക് ക്ഷണിക്കുന്നു!..

സ്ലൈഗോ:മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനായി ചൊവ്വാഴ്ച്ച സ്ലൈഗോയില്‍ നടത്തപ്പെടുന്ന പ്രൌഡഗംഭീരമായ ചടങ്ങിലേയ്ക്ക് അയര്‍ലണ്ടിലെ എല്ലാ ഇന്ത്യാക്കാരെയും സ്വാഗതം ചെയ്യുന്നതായി സ്ലൈഗോ ഇന്ത്യന്‍ അസോസിയേഷന്‍ അറിയിച്ചു.23 ന് ചൊവ്വാഴ്ച്ച വൈകിട്ട് 7.30 നാണ് വൈന്‍ സ്ട്രീറ്റില്‍ പഴയ പോളെക്‌സ്ഫിന്‍ ബില്‍ഡിങ്ങിന് അഭിമുഖമായാണ് ടാഗോറിന്റെ പ്രതിമ അനാച്ഛാദനം. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ഡോ: വി.കെ സിംഗ്, ഐറിഷ് നീതിന്യായ മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് എന്നിവര്‍ സംയുക്തമായാണ് സ്മാരകം അനാച്ഛാദനം ചെയ്യുക.

തുടര്‍ന്ന് 8 മണി മുതല്‍ സ്ലൈഗോ സിറ്റി ഹാളില്‍ വിദേശകാര്യമന്ത്രി ജനറല്‍ വി കെ സിംഗിനും,ഐറിഷ് നീതിന്യായ മന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌സ്‌ജെറാള്‍ഡിനും സ്ലൈഗോ ഇന്ത്യന്‍ അസോസിയേഷനും സ്ലൈഗോ കൌണ്ടി കൌണ്‍സിലും ചേര്‍ന്നൊരുക്കുന്ന പൗരസ്വീകരണം നടത്തപ്പെടും.ഇതോടനുബന്ധിച്ച് ടാഗോറിന്റെ ജീവതവുമായി ബന്ധപ്പെടുത്തിയ വിവിധ സാംസ്‌കാരിക പരിപാടികള്‍ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കും.

ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ഐറിഷ് കവിയും ടാഗോറിന്റെ സമകാലീനനുമായ ഡബ്ല്യൂ. ബി യീറ്റ്‌സിന്റെ നൂറ്റി അമ്പതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് സ്ലൈഗോയില്‍ ടാഗോര്‍ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.ടാഗോറും യീറ്റ്‌സും തമ്മിലുണ്ടായിരുന്ന സൌഹൃദത്തിന്റെ അംഗീകാരമായിക്കൂടെയാണ് ഇന്ത്യാ സര്‍ക്കാര്‍ ഈ സ്മാരകം അയര്‍ലണ്ടിന് നിര്‍മ്മിച്ചു നല്‍കുന്നത്.

ടാഗോറിന്റെ അര്‍ദ്ധകായ പ്രതിമയുടെ രൂപത്തിലുള്ള സ്മാരകം അയര്‍ലണ്ടുകാര്‍ക്ക് ഇന്ത്യന്‍ ജനതയുടെ സമ്മാനമായി നല്‍കപ്പെടുന്ന ചൊവ്വാഴ്ച്ചത്തെ സാംസ്‌കാരിക ചടങ്ങുകളില്‍ അയര്‍ലണ്ടിലെ മുഴുവന്‍ ഇന്ത്യക്കാരും പങ്കെടുക്കണമെന്ന് സ്ലൈഗോ ഇന്ത്യന്‍ അസോസിയേഷന്‍  ട്രഷറര്‍ തോമസ് മാത്യു മൂഞ്ഞേലില്‍ അഭ്യര്‍ഥിച്ചു.ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാ ലാല്‍ ലോകേഷ്,ഡപ്യൂട്ടി ജോണ്‍ പെറി തുടങ്ങി ഇന്ത്യന്‍ സമൂഹത്തിലെയും അയര്‍ലണ്ടിലെയും പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും 

Scroll To Top