Tuesday December 06, 2016
Latest Updates

ഓഫീസില്‍ ഒരേ ഇരുപ്പ് ഇരുന്നാല്‍ അലസതയും ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാകുമെന്ന് മുന്നറിയിപ്പ്

ഓഫീസില്‍ ഒരേ ഇരുപ്പ് ഇരുന്നാല്‍ അലസതയും ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാകുമെന്ന് മുന്നറിയിപ്പ്

ഓഫീസ് ജോലികള്‍ ചെയ്യുന്നവര്‍ ഇടയ്ക്കിടെ ഒന്നെഴുന്നേറ്റ് പുറത്തൊക്കെ ചുറ്റണമെന്ന് ആരോഗ്യ വിദഗ്ധര്‍. കൂടുതല്‍ സമയം ഇരിക്കുന്നത് ശരീരത്തെ അലസതയിലേക്കും രോഗത്തിലേക്കും നയിക്കുമെന്നത് തന്നെ കാരണം. ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇടക്കിടെ അല്‍പസമയം എഴുന്നേറ്റ് നില്‍ക്കുന്നത് നല്ലതാണെന്നും യുവര്‍ ഫീറ്റ് ബ്രിട്ടണ്‍ എന്ന ഗവേഷക സംഘം പറയുന്നു.

ഇരുന്ന് ജോലിചെയ്യുന്നവരില്‍ ഹൃദ്രോഗം, ടൈപ് 2 ഡയബറ്റീസ്, ക്യാന്‍സര്‍, മാനസിക വൈകല്യങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിലെ പഞ്ചസാരയുടെ അളവ്, രക്ത സമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കുന്നതില്‍ തകര്‍ച്ച നേരിടാന്‍ ഇതിടയാക്കും. 2000 ഓഫീസ് ജോലിക്കാരിലാണ് ഗവേഷകര്‍ സര്‍വ്വെ നടത്തിയത്.

45 ശതമാനം സ്ത്രീകളും 37 ശതമാനം പുരുഷന്‍മാരും വെറും അര മണിക്കൂര്‍ മാത്രമെ കാലില്‍ നില്‍ക്കുന്നുള്ളൂ. 78 ശതമാനം ജോലിക്കാരും മണിക്കൂറുകളോളം ഇരുന്നാണ് ജോലി ചെയ്യുന്നത്. ഇത് അവരില്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടവരുത്തിയിട്ടുണ്ടെന്നും സര്‍വെ കണ്ടെത്തുന്നു.

അധിക സമയം ഇരിക്കുന്നത് ഒഴിവാക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടണമെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു. ലിഫ്റ്റ് ഉപയോഗിക്കുന്നതിന് പകരം കോണിപ്പടികള്‍ കയറിയിറങ്ങുക, കംപ്യൂട്ടറിന് മുന്നില്‍ നിന്നും ഓരോ അര മണിക്കൂര്‍ കൂടുമ്പോള്‍ ഇടവേളയെടുക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് നന്നാകും.

Scroll To Top