Thursday April 27, 2017
Latest Updates

സിന്‍ ഫിനുമായി സഖ്യത്തിനില്ലെന്ന് ലേബര്‍ പാര്‍ട്ടി

സിന്‍ ഫിനുമായി സഖ്യത്തിനില്ലെന്ന് ലേബര്‍ പാര്‍ട്ടി

ഡബ്ലിന്‍: സിന്‍ ഫിനുമായി സഖ്യത്തിനില്ലെന്ന് ലേബര്‍ പാര്‍ട്ടി. ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. വരുന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം സിന്‍ ഫിനുമായി സഖ്യം രൂപീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. സിന്‍ ഫിന്റെയും ലേബറിന്റെയും സാമ്പത്തിക നയങ്ങള്‍ രണ്ടാണ് അതുകൊണ്ട് തന്നെ അവരുമായി ഒരു സഖ്യം സാധ്യമല്ലെന്ന് ജോണ്‍ ബര്‍ട്ടന്‍ വ്യക്തമാക്കി.

വോട്ടിന് വേണ്ടി സിന്‍ ഫിന്‍ സ്വീകരിക്കുന്ന നയങ്ങള്‍ ലേബറിന് സ്വീകരിക്കാനാകില്ലെന്നും ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു. സിന്‍ ഫിന്റെ സാമ്പത്തികനയങ്ങള്‍ ജനപ്രിയത നേടാനും വോട്ട് നേടാനും സഹായിച്ചേക്കും. എന്നാല്‍ അത് എത്രമാത്രം പ്രായോഗികമാണെന്ന് ജോണ്‍ ബര്‍ട്ടന്‍ സംശയം പ്രകടിപ്പിച്ചു. ലേബര്‍ പാര്‍ട്ടിക്ക് യോജിക്കാനാകാത്ത നയങ്ങളാണ് സിന്‍ ഫിന്‍ കാലങ്ങളായി സ്വീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

അതേസമയം വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ ലേബര്‍ എത്ര സീറ്റുകള്‍ പ്രതീക്ഷിക്കുന്നു എന്ന ചോദ്യത്തിന് ജോണ്‍ ബര്‍ട്ടന്‍ കൃത്യമായ മറുപടിപറഞ്ഞില്ല. ഈ മാസം നടന്ന അഭിപ്രായ സര്‍വെയില്‍ ലേബറിന്റെ ജനപ്രീതിയില്‍ 5 ശതമാനം ഇടിവ് സംഭവിച്ച സാഹചര്യത്തില്‍ കൂടിയായിരുന്നു ഈ ചോദ്യം. പാര്‍ട്ടിയുടെ നഷ്ടപ്പെട്ട ജനസ്വാധീനം വീണ്ടെടുക്കാന്‍ കഠിന ശ്രമം വേണ്ടി വരുമെന്ന് ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു.

രാജ്യം പുരോഗതിയിലേക്ക് നീങ്ങുന്നുവെന്നു ജനങ്ങള്‍ക്ക് കൂടി തോന്നിയാല്‍ മാത്രമേ ലേബറിന്റെ നഷ്ടപ്പെട്ട ജനസ്വാധീനം തിരിച്ച് പിടിക്കാനാകുമെന്ന് ജോണ്‍ ബര്‍ട്ടന്‍ പറഞ്ഞു. 2011 ല്‍  38 ടിഡിമാരും 19 ശതമാനം വോട്ടുമായാണ് ലേബര്‍ ജയിച്ചു വന്നത്. എന്നാല്‍ 2016 ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അത്രയുംസീറ്റുകള്‍ നേടാനാകില്ലെന്ന് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നു.

Scroll To Top