Sunday December 11, 2016
Latest Updates

ഗ്രീസില്‍ അടിയന്തരാവസ്ഥ ആസന്നമെന്ന് യൂറോപ്യന്‍ യൂണിയന്‍:വഴികള്‍ എല്ലാം അടഞ്ഞ് ഗ്രീസ് 

ഗ്രീസില്‍ അടിയന്തരാവസ്ഥ ആസന്നമെന്ന് യൂറോപ്യന്‍ യൂണിയന്‍:വഴികള്‍ എല്ലാം അടഞ്ഞ് ഗ്രീസ് 

ബര്‍ലിന്‍:ഗ്രീക്ക് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന ഘട്ടത്തില്‍ അടിയന്തിര സാഹചര്യം നേരിടാന്‍ ഒരുങ്ങിനില്‍ക്കണമെന്ന് ജര്‍മ്മനിയുടെ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഗ്രീസ് ജൂലൈ ഒന്നിനു മുന്‍പായി തങ്ങളുടെ അന്താരാഷ്ട്ര കടക്കാരുമായി ഒത്തുതീര്‍പ്പിലെത്തുന്നതില്‍ പരാജയപ്പെടുകയും, തിരിച്ചടവ് മുടക്കുകയും അതിന്റെ ഫലമായി യൂറോസോണില്‍ നിന്നും പുറന്തള്ളപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ അടിയന്തിര സാഹചര്യം നേരിടാന്‍ യൂറോപ്യന്‍ യൂണിയന്‍ സജ്ജമായിരിക്കണമെന്നാണ് ജര്‍മ്മനിയുടെ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ ഗുന്തര്‍ ഒട്ടിങ്ങര്‍ ആവശ്യപ്പെട്ടത്.

ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്ചെല മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (സി ഡി യു)യുടെ സമ്മേളനത്തിനു മുന്നോടിയായി ബര്‍ലിനില്‍ തിങ്കളാഴ്ച്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോസോണില്‍ നിന്നു പുറന്തള്ളപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ഗ്രീസില്‍ അടിയന്തിരാവസ്ഥ നിലവില്‍ വരുമെന്നും, അവശ്യ സാധനങ്ങളും, ആരോഗ്യ, നിയമ പരിപാലന സൗകര്യങ്ങളും ഉറപ്പു വരുത്തേണ്ടതുണ്ടെന്നും യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ എക്കോണമിയുടെ കൂടി ചുമതലയുള്ള ഓട്ടിങ്ങര്‍ ഓര്‍മ്മിപ്പിച്ചു.

ഗ്രീസും കടക്കാരും തമ്മിലുള്ള അവസാനവട്ട ചര്‍ച്ചകളും ഇന്നലെ പരാജയപ്പെട്ടിരുന്നു. കടാശ്വാസം നേടിയെടുക്കുന്നതിനായി സ്വന്തം നയങ്ങളില്‍ മാറ്റം വരുത്തുന്നതില്‍ ഗ്രീസ് പരാജയപ്പെട്ടുവെന്ന് യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ വിമര്‍ശിക്കുകയും ചെയ്തു. പെന്‍ഷന്‍ വെട്ടിക്കുറക്കുകയും, ബഡ്ജറ്റില്‍ തിരുത്തല്‍ വരുത്തുന്നതുമടക്കമുള്ള നടപടികള്‍ക്ക് ഗ്രീസ് തയ്യാറാവണമെന്നും ഒട്ടിങ്ങര്‍ ആവശ്യപ്പെടുന്നു.

ഗ്രീസും കടക്കാരും തമ്മില്‍ നിലനില്‍ക്കുന്ന വിടവ് നികത്താന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ നികുതിദായകര്‍ക്ക് കഴിയില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അതിനിടെ വെള്ളിയാഴ്ച്ച നടന്ന ഒരു അഭിപ്രായ സര്‍വ്വേയില്‍ ഗ്രീസിനെ യൂറോ സോണില്‍ നിന്നും പുറത്താക്കണമെന്ന് ഭൂരിഭാഗം ജര്‍മ്മനിക്കാരും ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ രക്ഷപ്പെടാനുള്ള വഴികള്‍ എല്ലാം അടഞ്ഞ അവസ്ഥയിലാണ് ഗ്രീസിലെ ഇടതുപക്ഷ ഭരണകൂടം.ഏറെ പ്രതീക്ഷയോടെ അധികാരത്തില്‍ എത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ പക്ഷെ യൂറോപ്യന്‍ യൂണിയന്റെ ഭീഷണികള്‍ക്കൊന്നും വഴങ്ങിയില്ലെന്നത് ശ്രദ്ധേയമാണ്.

Scroll To Top