Wednesday December 07, 2016
Latest Updates

സിന്‍ഫെയിന്‍ ഇടതു പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കും,അടുത്ത ഇലക്ഷനില്‍ അയര്‍ലണ്ടിലും ഇടതു മുന്നണി അധികാരത്തിലെത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ 

സിന്‍ഫെയിന്‍ ഇടതു പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കും,അടുത്ത ഇലക്ഷനില്‍ അയര്‍ലണ്ടിലും ഇടതു മുന്നണി അധികാരത്തിലെത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ 

ഡബ്ലിന്‍:ഇടതു പാര്‍ട്ടികളുമായി ഒന്നിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഉള്ള സിന്‍ ഫെയിന്റെ തീരുമാനം അയര്‍ലണ്ടിലും ഇടതുപക്ഷ ആഭിമുഖ്യമുള്ള ഒരു സര്‍ക്കാരിനെ അധികാരത്തില്‍ എത്തിച്ചേക്കാം എന്ന് സൂചന. ഇടത് ആഭിമുഖ്യമുള്ള പാര്‍ട്ടികള്‍ സ്വതന്ത്രര്‍ എന്നിവരുമായി വോട്ട് ഷെയറിംഗ് പാക്ട് യാഥാര്‍ത്ഥ്യമാക്കുക എന്ന പ്രതീക്ഷയോട് കൂടി, റൈറ്റ് ടു ചെയ്ഞ്ച് മൂവ്‌മെന്റ് തയ്യാറാക്കിയ നയരേഖയില്‍ സിന്‍ ഫെയിന്‍ ഒപ്പിട്ടുകഴിഞ്ഞു.

ഭൂരിപക്ഷം വോട്ടര്‍മാരെയും ആകര്‍ഷിക്കാന്‍ കഴിയുന്ന, വെള്ളക്കരം ഇല്ലാതാക്കുക, എക്കണോമിക്ക് യൂണിയന്റെ സാമ്പത്തിക നിയമങ്ങളില്‍ മാറ്റം വരുത്തുക, 2020 തോട് കൂടി ധനകമ്മി ഇല്ലാതാക്കുക, പൊതു മേഖലാ നിക്ഷേപങ്ങള്‍ ഇരട്ടിയാക്കുക, സമ്പത്തിന് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് നയരേഖയില്‍ ഉള്ളത്.

താത്പ്പര്യമുള്ള മ്റ്റ് പാര്‍ട്ടികള്‍ക്കും സ്വതന്ത്രന്മാര്‍ക്കും വെള്ളിയാഴ്ച വരെ ഈ നയരേഖയില്‍ ഒപ്പിടാന്‍ അവസരമുണ്ട്. സിന്‍ ഫെയിന്‍ അനുഭാവികളോട് അവരുടെ രണ്ടാമത്തെയും മൂന്നാമത്തെയും ‘പ്രിഫറന്‍സ് വോട്ടുകള്‍’ നയരേഖയില്‍ ഒപ്പിട്ടിരിക്കുന്ന മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ പാര്‍ട്ടി ആഹ്വാനം ചെയ്യുന്നു. ഇടതു പാര്‍ട്ടികളുടെയും പുരോഗമന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെയും സഖ്യത്തിലൂടെ അധികാരത്തിലെത്തുകയാണ് പാര്‍ട്ടി ലക്ഷ്യം വെക്കുന്നത്. 

പാര്‍ട്ടികളെ നോക്കി വോട്ട് ചെയ്യുന്നതിന് പകരം മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്ന നയങ്ങളെ അടിസ്ഥാനമാക്കി വോട്ട് ചെയ്യണം എന്ന ആഹ്വാനമാണ് റൈറ്റ് ടു ചെയ്ഞ്ച് കാമ്പയിന്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. നിലവിലെ സ്വതന്ത്ര ടിഡി കളില്‍ പലരും കാമ്പയിനോടും രേഖയോടും യോജിപ്പ് പ്രകടിപ്പിക്കുന്നു.മാറ്റങ്ങള്‍ക്കായി എങ്ങനെയാണ് വ്യത്യസ്ത ഗ്രൂപ്പുകള്‍ക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുക എന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാനായി ഈ ആഴ്ച അവസാനം ഗ്രൂപ്പുകളുടെ യോഗം നടക്കുന്നുണ്ട്.

വെള്ളക്കരത്തിനെതിരെ പോലും നാല്പതു ശതമാനത്തോളം പേര്‍ ഒന്നിച്ചു നില്‍ക്കുന്ന അയര്‍ലണ്ടില്‍ കഴിഞ്ഞ ലോക്കല്‍ ഇലക്ഷനില്‍ പോലും വന്‍ വിജയമാണ് സിന്‍ ഫെയിന്‍ നേടിയത്.മറ്റു ഇടതു പാര്‍ട്ടികളുടെ വോട്ടുകള്‍ കൂടി നേടിയാല്‍ സ്വാതന്ത്യ പ്രഖ്യാപനത്തിന്റെ ശതാബ്ദി വര്‍ഷത്തില്‍ നടത്തപ്പെടുന്ന ഐറിഷ് ഇലക്ഷനില്‍ സിന്‍ ഫെയിന്‍ അധികാരത്തിലെത്തുമെന്ന സൂചനകള്‍ ഉയരുന്നുണ്ട്.ഗ്രീസിലും,പോര്‍ച്ചുഗലിലും ഉണ്ടായ ഇടതുപക്ഷത്തിന്റെ മുന്നേറ്റം അയര്‍ലണ്ടിലെ പാവപ്പെട്ട ജനങ്ങളുടെ ഐക്യത്തിലൂടെ സാധിച്ചെടുത്തേക്കുമെന്ന് പല രാഷ്ട്രീയ നിരീക്ഷകരും കരുതുന്നു.


Scroll To Top