Saturday January 20, 2018
Latest Updates

സൗത്ത് ഇന്ത്യന്‍ ബാങ്ക് വിദേശനിക്ഷേപ പരിധി ഉയര്‍ത്തുന്നു

സൗത്ത് ഇന്ത്യന്‍ ബാങ്ക് വിദേശനിക്ഷേപ പരിധി ഉയര്‍ത്തുന്നു

പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് വിദേശ നിക്ഷേപങ്ങളുടെ പരിധി ഉയര്‍ത്തുന്നതായി പ്രഖ്യാപിച്ചു. ബിസിനസ് വിപുലീകരണത്തിന് കൂടുതല്‍ പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പരമാവധി വിദേശ നിക്ഷേപം 49 ശതമാനത്തില്‍ നിന്നും 59 ശതമാനമാക്കി ഉയര്‍ത്താനാണ് ബങ്ക് പദ്ധതിയിടുന്നത്.

ഇതിനായി ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാനും ബങ്കിന്റെ ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍ അപേക്ഷ സമര്‍പ്പിക്കും. ടയര്‍ ഒന്ന് മൂലധനമായി 20 കോടി രൂപ സമാഹരിക്കാന്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു.

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കും അടുത്തിടെ സമാനമായ രീതിയില്‍ വിദേശനിക്ഷേപ പരിധി ഉയര്‍ത്തിയിരുന്നു. 780 ശാഖകളും 1200 എടിഎമ്മുകളുമുളള സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിലവില്‍ വിദേശ നിക്ഷേപകര്‍ക്ക് 43 ശതമാനമാണ് ഓഹരി പങ്കാളിത്തമുള്ളത്. എന്നാല്‍ വിദേശ നിക്ഷേപ പരിധി ഉയരുന്നതോടെ ബാങ്കിന്റെ നിയന്ത്രണം വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ കയ്യിലാകുമോ എന്ന ആശങ്ക ജീവനക്കാര്‍ക്കിടയിലുണ്ട്.

ബാങ്കിങ്ങ് രംഗത്ത് മത്സരം മുറുകി വരുന്ന സാഹചര്യത്തില്‍ വിദേശ നിക്ഷേപത്തെ ആശ്രയിക്കുകയല്ലാതെ ബാങ്കിന്റെ മത്സരക്ഷമത കൂട്ടുന്നതിന് മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നാണ് മാനേജ്‌മെന്റ് വിലയിരുത്തുന്നത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, ഇന്ത്യ ക്യാപിറ്റല്‍ ഫണ്ട് ലിമിറ്റഡ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളും പ്രമുഖ പ്രവാസി വ്യവസായി എം. എ യൂസഫലിയും ബാങ്കിന്റെ ഓഹരി പങ്കാളികളാണ്.

Scroll To Top