Wednesday December 07, 2016
Latest Updates

പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജിനെ യൂത്ത് ഫ്രണ്ട് എമ്മില്‍നിന്ന് പുറത്താക്കി

പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജിനെ യൂത്ത് ഫ്രണ്ട് എമ്മില്‍നിന്ന് പുറത്താക്കി

തിരുവന്തപുരം: മുന്‍സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനെ യൂത്ത് ഫ്രണ്ട് എമ്മില്‍ നിന്നും പുറത്താക്കി. സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് നടപടി. ജോസ് കെ മാണിയെ യൂത്ത് ഫ്രണ്ട് ചുമതലകളില്‍ നിന്നും മാറ്റണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന ഷോണ്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പിസി ജോര്‍ജ് അനുയായികള്‍ കേരള കോണ്‍ഗ്രസിന്റെ കോട്ടയം ഓഫീസ് പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചത് ഷോണ്‍ ജോര്‍ജ്ജാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഷോണിനെ പുറത്ത് കാറിനുള്ളില്‍ ഇരുത്തിയിട്ടാണ് പിസി ജോര്‍ജ്ജിന്റെ അനുയായികള്‍ പാര്‍ട്ടി ഓഫീസിലെത്തി ആക്രമണം നടത്തിയതെന്നായിരുന്നു കേരള കോണ്‍ഗ്രസ് നേതാക്കള്‍ കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

പാര്‍ട്ടിയില്‍നിന്ന് ഒറ്റപ്പെട്ട് പടയൊരുക്കം നടത്താനൊരുങ്ങി നില്‍ക്കുന്നതിനിടെയാണ് ഷോണിനെ പാര്‍ട്ടിയുടെ യുവജന സംഘടനയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. മാണി വിരുദ്ധ നിലപാടുകള്‍ കാരണം പി സി ജോര്‍ജിനെ കേരള കോണ്‍ഗ്രസ് എം നിര്‍ദ്ദേശ പ്രകാരം ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഷോണിനെതിരായ നടപടി.

ജോസ് കെ മാണി ചുമതലയേറ്റെടുത്ത ശേഷം യൂത്ത് ഫ്രണ്ട് എമ്മില്‍ വനിതകളെ ഉള്‍പ്പെടുത്താതിരുന്നത് കെ.എം മാണിയുടെ ദീര്‍ഘവീക്ഷണം കൊണ്ടാണെന്ന് ഇന്നലെ ഷോണ്‍ ജോര്‍ജ് പരിഹസിച്ചിരുന്നു. ജോസ് കെ മാണി യൂത്ത് ഫ്രണ്ടിനെ നശിപ്പിച്ചെന്നും ഷോണ്‍ ആരോപിച്ചു.

നേരത്തെ മുതല്‍ പാര്‍ട്ടി അച്ചടക്കത്തിന്റെ ചട്ടക്കൂടില്‍ നില്‍ക്കാതെ പിതാവിന്റെ പാത പിന്തുടര്‍ന്ന് വേറിട്ട വഴിയേയായിരുന്നു ഷോണിന്റെ സഞ്ചാരം. ബിജെപിയുടെയും യുവമോര്‍ച്ചയുടെയും പരിപാടികളില്‍ പങ്കെടുക്കാന്‍ പോയതും പാര്‍ട്ടിക്കെതിരെയും സര്‍ക്കാരിനെതിരെയും വിമര്‍ശനങ്ങള്‍ നടത്തിയതും ഷോണിനെ പാര്‍ട്ടിക്കുള്ളില്‍ അനഭിമിതനാക്കിയിരുന്നു. പി.സി. ജോര്‍ജ്ജ് കേരളാ കോണ്‍ഗ്രസില്‍ പാറ പോലെ ഉറച്ചു നിന്നിരുന്നതിനാലാണ് ഷോണിനെതിരെ നടപടി എടുക്കാനുള്ള ധൈര്യം പാര്‍ട്ടി കാണിക്കാതിരുന്നത്. ഇപ്പോള്‍ പി.സി. ജോര്‍ജ്ജ് പാര്‍ട്ടിയില്‍നിന്ന് പുറത്തു പോകാന്‍ തയാറായി നില്‍ക്കുകയും പാര്‍ട്ടിക്കുള്ളില്‍ അപ്രസക്തനാകുകയും ചെയ്തതിനാലാണ് ഷോണിനെ പുറത്താക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചത്.

Scroll To Top