Saturday December 03, 2016
Latest Updates

ശോഭ സിറ്റി കേസ് :പ്രതി കുറ്റക്കാരനെന്നു കോടതി,വധശിക്ഷ നല്കണമെന്ന് പ്രോസിക്യൂഷന്‍ 

ശോഭ സിറ്റി കേസ് :പ്രതി കുറ്റക്കാരനെന്നു കോടതി,വധശിക്ഷ നല്കണമെന്ന് പ്രോസിക്യൂഷന്‍ 

തൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം ഇടിച്ചു കൊന്ന കേസില്‍ പ്രതി കോടീശ്വരനായ ബിസിനസുകാരന്‍ നിസാം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.തൃശൂര്‍ ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.പി. സുധീറിന്റേതാണ് വിധി.

നിസാം മാത്രമാണ് പ്രതി പട്ടികയിലുള്ളത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളെല്ലാം കോടതി അംഗീകരിച്ചു.പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.പി. ഉദയഭാനു കോടതിയോട് അഭ്യര്‍ത്ഥിച്ചു.

ചന്ദ്രബോസിന്റെ കുടുംബവും നിസാമിന്റെ കുടുംബവും വിധി കേള്‍ക്കാനായി കോടതിയിലെത്തിയിരുന്നു.സംഭവം നടന്ന് ഒരുവര്‍ഷത്തിന് ശേഷമാണ് തൃശൂര്‍ അഡിഷണല്‍ സെഷന്‍സ്‌കോടതി വിധി പറഞ്ഞത്. ശോഭ സിറ്റിയിലെ താമസക്കാരനും ബിസിനസുകാരനുമായ മുഹമ്മദ് നിഷാം (38) കഴിഞ്ഞ ജനുവരി 29ന് ചന്ദ്രബോസിനെ ആക്രമിച്ചു കൊന്നു എന്നാണു കേസ്. നിസാമിനെതിരെ ഒമ്പത് കുറ്റങ്ങള്‍ളാണ് കോടതിയില്‍ തെളിഞ്ഞിരിക്കുന്നത്.

ഗേറ്റ് തുറക്കാന്‍ വൈകിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ജീവനക്കാരന്റെ മരണത്തില്‍ കലാശിച്ചത്. ആഡംബര കാറായ ഹമ്മര്‍ കൊണ്ടിടിച്ചു വീഴ്ത്തുകയും മര്‍ദിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് അത്യാസന്ന നിലയില്‍ ചന്ദ്രബോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാവാത്ത മകനെക്കൊണ്ട് കാര്‍ ഡ്രൈവ് ചെയ്യിച്ചതുള്‍പ്പെടെ നിരവധി വിവാദങ്ങളുടെ തോഴനായിരുന്ന നിഷാമിന്റെ സാമ്രാജ്യത്തിന്റെ വേരുകള്‍ ദുര്‍ബലമായതും ചന്ദ്രബോസിന്റെ മരണത്തോടെയായിരുന്നു. കഴിഞ്ഞ 11നാണ് കേസില്‍ അന്തിമ വാദം പൂര്‍ത്തിയായത്.

Scroll To Top