Tuesday April 24, 2018
Latest Updates

ഡബ്ലിനിലെ മലയാളി ദമ്പതികളുടെ പിഞ്ചു കുഞ്ഞിനെ ജനിച്ചയുടന്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി സ്വീഡനിലേക്ക് മാറ്റി

ഡബ്ലിനിലെ മലയാളി ദമ്പതികളുടെ പിഞ്ചു കുഞ്ഞിനെ ജനിച്ചയുടന്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി സ്വീഡനിലേക്ക് മാറ്റി

ഡബ്ലിന്‍:ജീവന്റെ വിലയ്ക്ക് വേണ്ടി പോരാടാനുള്ള അയര്‍ലണ്ട് എന്ന രാജ്യത്തിന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെ സാക്ഷിയായാണ് ശിവദാ സതീഷ് എന്ന കുരുന്നുകുഞ്ഞിന് മറ്റൊരു ദേശത്തേക്ക് പറക്കേണ്ടി വന്നത്.അപൂര്‍വങ്ങളില്‍ ഒന്നായിരുന്നു ആ യാത്ര.രണ്ടര മണിക്കൂറിലധികം വരുന്ന ആ യാത്ര,ശിവദ പിറന്ന് മണിക്കൂറുകള്‍ക്കകം ആയിരുന്നു എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേകാല്‍ മണിയോടെയാണ് ഡബ്ലിനിലെ റോട്ടുണ്ട ആശുപത്രിയില്‍ ശിവദ പിറന്നത്.കുറഞ്ഞ രക്തസമ്മര്‍ദത്തോട് കൂടിയ നിയോനറ്റല്‍ പള്‍മണറി ഹൈപ്പോടെന്‍ഷന്‍ കുട്ടിയില്‍ കണ്ടെത്തിയതോടെയാണ് സുരക്ഷാസംവിധാനങ്ങള്‍ തേടി സ്വീഡനിലെ ECMO(എക്മോ)സപ്പോര്‍ട്ട് യൂണിറ്റില്‍ നിന്നുള്ള സഹായം തേടാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചത്.

ഓരോ കുരുന്നിന്റെയും ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിനുള്ള ഉത്തരവാദിത്വം തെളിയിക്കുന്നതായിരുന്നു ആശുപത്രി അധികൃതരുടെ പിന്നീടുള്ള ഓരോ നീക്കവും.കുട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് എച്ച് എസ് ഇ യ്ക്ക് റിപ്പോര്‍ട്ട് പോയി നിമിഷങ്ങള്‍ക്കകം വിദേശ ടീമിനെ ലഭ്യമാക്കുന്നതിനുള്ള അനുമതി എത്തി.ഫിന്‍ലാന്‍ഡില്‍ ആയിരുന്നു ആ സമയം മെഡിക്കല്‍ സംഘം.മൂന്നരയോടെ അവര്‍ ഡബ്ലിനില്‍ എത്താമെന്ന് അറിയിച്ചു.

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഗാര്‍ഡായും,ആംബുലന്‍സുകളും,അവരെ കാത്തു നിന്നു.സുരക്ഷാ പരിശോധനകള്‍ പോലും ആവശ്യമില്ലാതെ മെഡിക്കല്‍ സംഘം ആംബുലന്‍സില്‍ വെറും 14 മിനുട്ടുകള്‍ കൊണ്ട് സിറ്റി സെന്ററിലുള്ള റോട്ടുണ്ടയിലെത്തി.ഉദ്ധ്വേഗ ജനകമായ നിമിഷങ്ങള്‍.പരിശോധനകള്‍ക്ക് ശേഷം കുട്ടിയെ സ്വീഡനിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചു.യൂറോപ്പില്‍ ECMO(എക്മോ)സപ്പോര്‍ട്ട് യൂണിറ്റുള്ള അപൂര്‍വം സെന്ററുകളില്‍ ഒന്നാണ് സ്റ്റോക്ക് ഹോമിലുള്ള കരോളിന്‍സ്‌ക ഹോസ്പിറ്റല്‍.

ഡബ്ലിനിലെ റോട്ടുണ്ടാ ആശുപത്രിയുടെ നിയോനറ്റല്‍ കെയര്‍ യൂണിറ്റില്‍ നിന്നും ഇന്നലെ(ബുധനാഴ്ച) വൈകുന്നേരാത്തോടെയാണ് അവളെ സ്വീഡനിലേക്ക് കൊണ്ടുപോയത്.സ്വീഡനില്‍ നിന്നും അവളെ പരിചരിക്കാനെത്തിയ മെഡിക്കല്‍ സംഘത്തോടൊപ്പം,മടക്കയാത്രയില്‍ അവളുടെ അച്ഛനെയോ അമ്മയെയോ കൂടെ കൂട്ടേണ്ടതായിരുന്നു.

പക്ഷെ അമ്മ ജെസിനായ്ക്ക് ജീവന്‍ പിടിച്ചു നിര്‍ത്താന്‍ തന്നെയുള്ള ശ്രമങ്ങളിലായിരുന്നു റോട്ടുണ്ടയിലെ മെഡിക്കല്‍ സംഘം.അച്ഛനാവട്ടെ അയര്‍ലണ്ടിന്റെ അതിര്‍ത്തികള്‍ക്കപ്പുറം പോകാനുള്ള യാത്രാരേഖകള്‍ തയാറാവാന്‍ താമസമെടുക്കുമെന്നതിനാല്‍ കാത്തിരിക്കേണ്ടി വന്നു..

ഇന്നലെ രാത്രി അമ്മയെ തിരഞ്ഞു കാണും.33 ആഴ്ചകള്‍ അമ്മയുടെ ചൂടുപറ്റി ഉദരത്തിന്റെ ഉള്ളറയില്‍ സുഖ സുഷുപ്തിയില്‍ ആയിരുന്നു ശിവദ.’ഇന്കുബേറ്ററിലാക്കിയാണ് അവളെ ഇന്നലെ സ്വീഡനിലേക്ക് കൊണ്ട് പോയത്’.അച്ഛന്‍ എറണാകുളം പൂക്കാട്ടുപടി സ്വദേശിയും മാറ്റര്‍ പ്രൈവറ്റ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സുമായ സതീഷ് പറഞ്ഞു.

‘ഞങ്ങള്‍ അവളെ ആഴ്ച തോറും റോട്ടുണ്ടയിലെ സ്‌കാനിംഗ് റൂമില്‍ എത്തിച്ച് വളര്‍ച്ചയുടെ ഓരോ ഘട്ടവും മെഡിക്കല്‍ സംഘത്തെ ബോധ്യപ്പെടുത്തിയിരുന്നു.ഒരു കുഴപ്പവും ഇല്ലെന്നായിരുന്നു പരിശോധനാഫലം.ചേച്ചി ഒന്നര വയസുകാരി ഇഷികയും ‘കുഞ്ഞി വാവയെ’ കാത്തിരിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രിയാണ് അസ്വാഭാവികമായ വേദന തുടങ്ങിയത്.രാവിലെ ഹോസ്പിറ്റലില്‍ പോകാമെന്നായിരുന്നു തീരുമാനം.എമര്‍ജന്‍സി യൂണിറ്റില്‍ എത്തിയായപ്പോള്‍ തന്നെ ഓപ്പറേഷന്‍ തീയേറ്ററിലേക്ക് ജെസീനയെ മാറ്റാനുള്ള തീരുമാനമായിഅടിയന്തരഘട്ടങ്ങളില്‍ വേണ്ട കണ്‍സെന്റ് എടുക്കാനുള്ള സമയം പോലും ഇല്ലെന്ന തിരിച്ചറിവിലായിരുന്നു മെഡിക്കല്‍ സംഘം.

ഗുരുതരാവസ്ഥ കണക്കിലെടുത്ത് കുഞ്ഞിനെ നിയോനറ്റല്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റിയതു മുതല്‍ ആശുപത്രി അധികൃതര്‍ പ്രവര്‍ത്തിച്ചത് എണ്ണയിട്ട യന്ത്രം പോലെയായിരുന്നു.അവളെ രക്ഷിക്കുക എന്നതായിരുന്നു ആ ആശുപത്രിയിലെ മുഴുവന്‍ മെഡിക്കല്‍ ടീമിന്റെയും ഏക ലക്ഷ്യം എന്ന് തോന്നി’സതീഷ് പറയുന്നു.ഡബ്ലിനിലെ ഏറ്റവും തിരക്കുള്ള മെറ്റേണിറ്റി ഹോസ്പിറ്റലാണ് റോട്ടുണ്ട.

സ്വീഡനില്‍ നിന്നുള്ള സംഘം ശിവദയെ കൊണ്ട് പോയതും അതീവ സുരക്ഷാസംവിധാനങ്ങളോടെയായിരുന്നു.മുമ്പില്‍ ഒരു കോണ്‍വോയ് കാര്‍,പിന്നാലെ ശിവദയുമായി മെഡിക്കല്‍ സംഘം.മറ്റൊരാമ്പുലന്‍സില്‍ ലൈഫ് സപ്പോര്‍ട്ട് ഉപകരണങ്ങള്‍.വാഹനഗതാഗതം മുന്‍ കൂട്ടി നിയന്ത്രിക്കപ്പെട്ടു.മറ്റു വാഹനങ്ങള്‍ വഴിമാറി കൊടുത്തു.ട്രാഫിക്ക് എന്ന മലയാളം സിനിമയെ അനുസ്മരിപ്പിക്കുന്നതായി രംഗങ്ങള്‍.

വിദേശത്തേയ്ക്ക് കുഞ്ഞിനെ കൊണ്ടുപോകുമ്പോള്‍ ആവശ്യമായ യാത്രാരേഖകള്‍ ഞൊടിയിടെയ്ക്കുള്ളിലാണ് എച്ച് എസ് ഇ ക്രമീകരിച്ചത്.ഡ്യൂട്ടി പാസ്‌പോര്‍ട്ട് ഓഫിസര്‍ റോട്ടുണ്ടയില്‍ എത്തി ഫോട്ടോ എടുത്ത് മിനുറ്റുകള്‍ക്കകം യാത്രാനുമതിയുമെത്തി.

കുഞ്ഞിനെ മാത്രമല്ല,കുടുംബത്തെ മുഴുവന്‍ ഏറെ കരുതലോടെയാണ് അധികൃതര്‍ പരിപാലിച്ചത്.സതീഷിന്റെ ഐറിഷ് വിസയ്ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി ഇല്ലാതിരുന്നതിനാല്‍ വിസ ഓഫിസില്‍ എത്തിയപ്പോള്‍ മാത്രമാണ് ക്ലേശം അനുഭവിക്കേണ്ടി വന്നത്.അപ്പോയിന്റ്‌മെന്റ് ഇല്ലാത്തതിനാല്‍ ഓഫിസില്‍ നിന്നും പുറത്തു പോകണമെന്ന് ആദ്യം ഒരു ജീവനക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും,മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി കാര്യമറിഞ്ഞപ്പോള്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രിയും റെഡിയായി.പിന്നീട് സ്വീഡിഷ് എംബസിയില്‍ എത്തിയ തന്നെ സ്റ്റേറ്റ് ഗസ്റ്റ് എന്ന വിധമാണ് കരുതിയത് എന്ന് സതീഷ് പറയുന്നു.’സമയം കഴിഞ്ഞിട്ടും,റോട്ടുണ്ടയില്‍ നിന്നും,സ്വീഡനിലെ ആശുപത്രിയില്‍ നിന്നും വിളിച്ചു പറഞ്ഞതിനാല്‍ അവര്‍ എന്നെ കാത്തിരിക്കുകയായിരുന്നു…അംബാസിഡറുടെ പ്രത്യേക നിര്‍ദേശപ്രകാരം വിസായ്ക്കുള്ള ഫീസ് പോലും വേണ്ടിവന്നില്ല…’

ഒക്കെ ശരിയായി വന്നപ്പോഴേയ്ക്കും സ്റ്റോക്ക് ഹോമിലേക്കുള്ള അവസാന വിമാനവും പോയിരുന്നു.ഇന്ന് വെളുപ്പിന് സ്വീഡനിലേക്ക് യാത്രയ്ക്കൊരുങ്ങുകയാണ് സതീഷ്.

ഇന്നലെ ഫിസ്ബറോയിലെയും,ഫിംഗ്ലസിലെയും സുഹൃത്തുക്കള്‍ ഒക്കെ ആശുപത്രിയില്‍ എത്തിയിരുന്നു.സ്റ്റോക്ക് ഹോമിലെചികിത്സാ ചിലവുകളെ കുറിച്ചൊന്നും സതീഷിനോ കുടുംബത്തിനോ ധാരണകള്‍ ഒന്നുമില്ല.എച്ച് എസ് ഇ അത് സംബന്ധിച്ച അറിയിപ്പുകളോ,വിവരങ്ങളോ ഒന്നും നല്‍കിയിട്ടില്ല.’എല്ലാം ദൈവം നടത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ ദമ്പതികള്‍.’കുഞ്ഞിനായി പ്രാര്‍ഥിക്കണം.വിധി അനുവദിക്കുമെങ്കില്‍ ശിവദ സാധാരണ കുട്ടിയായി തിരിച്ചു വരും…അവര്‍ പ്രതീക്ഷയിലാണ്…

റെജി സി ജേക്കബ്

Scroll To Top