Wednesday September 20, 2017
Latest Updates

ശവംതീനികള്‍ (കഥ-സെബി സെബാസ്റ്റ്യന്‍ )

ശവംതീനികള്‍ (കഥ-സെബി സെബാസ്റ്റ്യന്‍ )

രു ദിവസം രാവിലെ നഴ്‌സിംഗ് ഹോമില്‍ ജോലിക്കെത്തിയ എന്നെ എതിരേറ്റത് ക്രിസ്റ്റി കോള്‍മാന്‍ എന്ന അന്തേവാസിയുടെ മരണവാര്‍ത്തയായിരുന്നു. തലേ ദിവസം കൂടി ക്രിസ്റ്റിയുടെ മുറിയില്‍ ചായയും സാന്‍വിച്ചും കൊടുക്കാന്‍ ചെന്നപ്പോള്‍ പതിവുപോലെ ക്രിസ്റ്റി എന്നോടു സംസാരിച്ചിരുന്നതാണ് തന്റെ ഏകാന്തതയേയും മക്കളെയും പറ്റി തന്നെ! .പക്ഷെ അന്ന് ആ മുഖത്തും വാക്കുകളിലും പതിവിലും കൂടുതലായി കടുത്ത ദുഖഭാവം ഞാന്‍ ശ്രദ്ധിച്ചിരുന്നു. 80 വയസുള്ള ആ വൃദ്ധന്‍ അന്നത്തെ രാത്രിയുടെ ഏതോ യാമങ്ങളില്‍ ഹൃദയം നിലച്ചു മരണമടഞ്ഞു …

ആ വാര്‍ത്ത അറിഞ്ഞു എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു പോയി.കാരണം ,ഈ നഴ്‌സിംഗ് ഹോമില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ആത്മബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ക്രിസ്റ്റി കോള്‍മാന്‍.ദിവസവും രാവിലെ ചായയും സാന്‍വിച്ചും കൊടുക്കാനായി ക്രിസ്റ്റിയുടെ മുറിയില്‍ ചെല്ലുമ്പോള്‍ അല്പസമയം ഞങ്ങള്‍ സംസാരിച്ചിരിക്കുമായിരുന്നു. 

ക്രിസ്റ്റി പണ്ട് ഒരു ബസ് ഡ്രൈവര്‍ ആയിരുന്നു.ഞാന്‍ താമസിക്കുന്ന സ്ഥലത്തുകൂടി പോകുന്ന 67 നമ്പര്‍ ബസ് ആണ് ക്രിസ്റ്റി ഓടിച്ചിരുന്നതത്രേ.3 മക്കള്‍ വളര്‍ന്നു വലുതായപ്പോള്‍ ജോലി തേടി വിദേശ രാജ്യങ്ങളില്‍ ചേക്കേറി.ഒരാള്‍ അമേരിക്കയില്‍,ഒരാള്‍ ബ്രിട്ടനില്‍,മകള്‍ ഓസ്ട്ര ലിയായില്‍ .. കാലങ്ങള്‍ കടന്നു പോയപ്പോള്‍ ക്രിസ്റ്റിയുടെ ഭാര്യ ബ്രിജിത്ത് കോള്‍മാന്‍ രോഗബാധിതയായി.ഭാര്യയെ ശിശ്രുഷിക്കാനായി ക്രിസ്റ്റി സര്‍വീസില്‍ നിന്ന് നേരത്തെ പിരിഞ്ഞു പോന്നു .അസുഖം മൂര്‍ഛിച്ചപ്പോള്‍ ഈ നഴ്‌സിംഗ് ഹോമില്‍ ആക്കുകയായിരുന്നു.ക്രിസ്റ്റി ഭാര്യയെ കാണാന്‍ ദിവസവും വരുമായിരുന്നു .പിന്നിട് പ്രായധിക്യവും ഏകന്തതയും തളര്‍ത്തിയപ്പോള്‍ ക്രിസ്റ്റിയും ഇതേ നഴ്‌സിംഗ് ഹോമില്‍ വന്നു ചേര്‍ന്നു .ഒരേ മുറിയില്‍ ഇരുവരും കഴിഞ്ഞു’

???????????????????????????????????????????????????????????????????????????????????????????രണ്ടു വര്‍ഷം മുന്‍പാണ് ബ്രിജിത്ത് മരണമടഞ്ഞത്.ബ്രിജിത്തിന്റെ കയ്യില്‍ എപ്പോഴും ഒരു വലിയ പാവകുട്ടി ഉണ്ടാകുമായിരുന്നു.ചുവപ്പും ഓറഞ്ചും പൂക്കളുള്ള ഉടുപ്പണിഞ്ഞ ,റോസ് നിറത്തില്‍ തലമുടിയുള്ള,കാണാന്‍ നല്ല അഴകുള്ള ഒരു പാവകുട്ടി. അതിന്റെ കണ്‍പോളകള്‍ ചലിക്കുമായിരുന്നു .ബ്രിജിത്ത് ആ പാവകുട്ടിയുടെ റോസ് നിറത്തിലെ നീളമുള്ള തലമുടിയിഴകളിലൂടെ എപ്പോഴും കൈ ഓടിച്ചു കൊണ്ടിരിക്കും.അതിനോട് സംസാരിക്കും.ചിലപ്പോഴൊക്കെ ഞാനും ആ പാവകുട്ടിയെ എടുത്തു പൊക്കി വര്‍ത്തമാനം പറയാറുണ്ടായിരുന്നു.അപ്പോള്‍ ആ വൃദ്ധ എന്നോടു പറയുമായിരുന്നു 
‘നോക്ക്, എന്റെ പൊന്നു മകള്‍ എത്ര സുന്ദരിയാണെന്ന് ‘ 
അതെ എന്ന് ഞാനും തല കുലുക്കി സമ്മതിക്കുമായിരുന്നു . 

കൊച്ചു കുട്ടികള്‍ കളിപ്പിക്കുന്ന പോലെ ഈ വൃദ്ധ ഒരു പാവകുട്ടിയെ കളിപ്പിക്കുന്നത് ഞാന്‍ പല ദിവസങ്ങളിലും കണ്ണെടുക്കാതെ നോക്കി നിന്നിട്ടുണ്ട് .അപ്പോള്‍ അവരുടെ മുഖത്തു മാതൃ വാത്സല്യവും സ്‌നേഹവും നിറഞൊഴുകുന്നുണ്ടാവും.ബ്രിജിത്ത് മരിച്ചപ്പോള്‍ വിദേശത്തുള്ള മൂന്ന് മക്കളും അവരുടെ പങ്കാളികളും ഇവിടെ വന്നിരുന്നു.കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞു ദുഖഭാരം തോന്നിപ്പിക്കുന്ന മുഖത്തോടെ അവര്‍ ബ്രിജിത്തിന്റെ ശവമഞ്ചത്തിനരുകില്‍ നിന്നത് ഞാന്‍ കണ്ടിരുന്നു. അമ്മയുടെ സംസ്‌കാരം കഴിഞ്ഞു അവര്‍ തങ്ങളുടെ .ദേശങ്ങളിലേക്ക് തന്നെ മടങ്ങി പോയി ..
ഭാര്യയുടെ മരണശേഷം ക്രിസ്റ്റി തനിച്ചു ആ മുറിയില്‍ ആയപ്പോഴാണ് ഞാനുമായി കൂടുതല്‍ അടുക്കുന്നത്.ഒരിക്കല്‍ ക്രിസ്റ്റി പറഞ്ഞ വാക്കുകള്‍ ഇന്നും എന്റെ ഹൃദയത്തില്‍ ഒരു തീക്കനലായി കിടപ്പുണ്ട്.shabam
എന്റെ മക്കള്‍ വരും,ആരെങ്കിലും മരിച്ചാല്‍ മാത്രം ! ജീവിച്ചിരിക്കുമ്പോള്‍ ഞങ്ങളെ ആര്‍ക്കും വേണ്ട ….ഇനിയും അവര്‍ വരും.., ഞാന്‍ മരിക്കുമ്പോള്‍.. ‘ 
അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ക്രിസ്റ്റിയുടെ രണ്ടു കണ്ണുകളും നിറഞ്ഞിരുന്നു.ശവം തീനി കഴുകന്മാരെപ്പോലെ വിദേശങ്ങളില്‍ നിന്ന് പറന്നിറങ്ങുന്ന മക്കള്‍.. മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ക്കരികിലേക്ക് അവര്‍ പറന്നിറങ്ങും..അവര്‍ക്ക് വേണ്ടത് മൃതശരീരങ്ങള്‍ മാത്രമാണ്.. മൃതശരീരങ്ങള്‍ മാത്രം.സ്വന്തം മാതാപിതാക്കളുടെ മൃതശരീരങ്ങള്‍! എന്ത് ഭയാനകമാണത്!.

ജീവിച്ചിരുന്നപ്പോള്‍ പെറ്റമ്മയോടൊത്തു സമയം ചിലവഴിക്കാന്‍ ഇല്ലാതിരുന്നവര്‍ ,ബ്രിജിത്തിന്റെ മരണവാര്‍ത്തയറിഞ്ഞു പറന്നിറങ്ങി .അവര്‍ക്ക് എന്തൊരു സ്‌നേഹവും ആദരവും ആയിരുന്നു ആ മൃതശരീരത്തോട്.ജീവനുള്ള ശരീരത്തേക്കാള്‍ കൂടുതല്‍ സ്‌നേഹവും ആദരവും, ജീവനില്ലാത്ത ശരീരം അര്‍ഹിക്കുന്നുണ്ടാകുമോ…?

ക്രിസ്റ്റി എന്നോടു കുട്ടികാലത്തെ മക്കളുടെ കളിചിരികളെ പറ്റിയും മറ്റും വിശദമായി പറയാറുണ്ടായിരുന്നു.ആ മുറിയില്‍ സൂക്ഷിച്ചിരുന്ന ഒരു വലിയ ഫാമിലി ആല്‍ബം എന്നെ കാണിച്ചുതരുമായിരുന്നു.അതില്‍ ക്രിസ്റ്റിയുടെയും ബ്രിജിത്തിന്റെയും വിവാഹ ഫോട്ടോകള്‍,മക്കളായ കെവിന്റെയും, ക്രിസ്റ്റഫറിന്റെയും, ക്രിസ്റ്റീനയുടെയും സ്‌കൂള്‍ യുണിഫോം അണിഞ്ഞ ഫോട്ടോകള്‍, ആദ്യ കുര്‍ബാന സ്വീകരണത്തിന്റെ ഫോട്ടോകള്‍, ജന്മദിന ആഘോഷങ്ങളുടെ ഫോട്ടോകള്‍,വിദേശരാജ്യങ്ങളില്‍ ഹോളിഡേ ആഘോഷിക്കുന്ന ഫോട്ടോകള്‍ തുടങ്ങി എല്ലാം ഉണ്ടായിരുന്നു.ക്രിസ്റ്റി ഓരോ ഫോട്ടോയെ പറ്റിയും വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ കൌതുകത്തോടെ എല്ലാം കേട്ടിരിക്കും .ക്രിസ്റ്റിക്കു ഞാന്‍ ആരായിരുന്നു..?ഒരു സുഹൃത്തോ, അതോ മകനോ… ?എനിക്കറിയില്ല….

ബ്രിജിത്തിന്റെ പാവകുട്ടി ആ മുറിയിലെ മൂലയിലുള്ള കൊച്ചുമേശയില്‍ അപ്പോഴും ഇരിക്കുന്നുണ്ടായിരുന്നു.ഇത്രയും നിരാശയും ഏകാന്തതയും അലട്ടുന്ന മറ്റൊരു അന്തേവാസിയെയും ഞാന്‍ ഈ നഴ്‌സിംഗ് ഹോമില്‍ കണ്ടിട്ടില്ല .എന്താണ് ക്രിസ്റ്റി മാത്രം ഇങ്ങനെ? ഒരു പക്ഷെ മറ്റുള്ളവര്‍ക്ക് ഓര്‍മകളും ബോധവും നശിച്ചു പോയത് കൊണ്ടാകും .ചിന്തിക്കാനും ഓര്‍ക്കാനും കഴിവുള്ളവര്‍ക്ക് ദു:ഖത്തിന്റെ വ്യാപ്തി കൂടുതലായിരിക്കും.അങ്ങനെ നോക്കുമ്പോള്‍ ഓര്‍മകള്‍ നശിക്കുന്നത് എത്ര സുഖമുള്ള അനുഭവമാണ് !.

ഒരിക്കല്‍ ക്രിസ്റ്റി എന്നോടു പറഞ്ഞു ‘വൃദ്ധനായിരിക്കുന്നതില്‍ എനിക്ക്  ദു:ഖമില്ല,കാരണം വാര്‍ധക്യം പലര്‍ക്കും നിഷേധിക്കപ്പെട്ട ഒരു ആനുകൂല്യമാണ്,പന്ത്രണ്ടാം വയസ്സില്‍ ചോര വാര്‍ന്നു പിടഞ്ഞു മരിച്ച എന്റെ ഇളയ മകന്‍ ഫ്രെഡിക്ക് ഉള്‍പെടെ .. ‘
ക്രിസ്റ്റിക്കും ബ്രിജിത്തിനും നാലാമതൊരു മകന്‍ കൂടി ഉണ്ടായിരുന്നു . അവന്‍ ഒരു റോഡ് അപകടത്തില്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു .ക്രിസ്റ്റി തുടര്‍ന്നു ‘ എന്റെ മകന്‍ ഫ്രെഡി ജീവിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ……’.

വാക്കുകള്‍ മുഴുവനാക്കാന്‍ കഴിഞ്ഞില്ല .. കണ്ഠം ഇടറി …പക്ഷെ ആ വാചകം മനസ്സില്‍ ഞാന്‍ പൂരിപ്പിച്ചു കഴിഞ്ഞിരുന്നു. ഒരു വൃദ്ധ പിതാവിന്റെ ഒരിക്കലും നടക്കാതെ പോയ സൌഭാഗ്യം ….

ക്രിസ്റ്റി ഇന്ന് എല്ലാ നൈരാശ്യങ്ങളില്‍ നിന്നും മുക്തി പ്രാപിച്ചിരിക്കുന്നു. ഞാന്‍ മൃതദേഹം വച്ചിരിക്കുന്ന കൊച്ചു ചാപ്പലിലേക്ക് നടന്നു,. അവിടെ മറ്റാരുമില്ല .വളരെ ശാന്തനായി ക്രിസ്റ്റി കിടന്നുറങ്ങുന്നു .ആ മുഖത്തിപ്പോള്‍ എന്തൊരു തേജസ്സാണ് ചിലപ്പോഴൊക്കെ മരണത്തിനു ജീവിതത്തേക്കാള്‍ സൌരഭ്യം ഉണ്ടാകും ….

രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നു മക്കളും സംസ്‌കാരകര്‍മങ്ങള്‍ക്കായി നഴ്‌സിംഗ് ഹോമില്‍ എത്തി. …. ക്രിസ്റ്റി , നിങ്ങളുടെ പ്രവചനങ്ങള്‍ പൂര്‍ത്തിയാകുന്നത് ഞാന്‍ കാണുന്നു ….ഇതാ നിങ്ങള്‍ പറഞ്ഞതുപോലെ നിങ്ങളുടെ മൃതശരീരത്തിനരികില്‍ അവരുണ്ട് …കറുത്ത കോട്ടുകള്‍ അണിഞ്ഞു തന്നെ …കടുത്ത ദുഃഖഭാവത്തോടെ തന്നെ.. . അവരുടെ സ്‌നേഹവും ആദരവും നിങ്ങള്‍ കാണുന്നുണ്ടോ ക്രിസ്റ്റി ?.. ജീവനുള്ള ഞാന്‍ ഇതെല്ലം കാണുന്നുണ്ട് …നിങ്ങളെ ഇപ്പോള്‍ അവരെല്ലാം ചേര്‍ന്ന് ആനയിക്കുകയാണ് …അന്ത്യകര്‍മങ്ങള്‍ക്കായി..

കുറെ ദിവസങ്ങള്‍ക്ക്‌ശേഷം കോറിഡോറിലൂടെ നടന്നപ്പോള്‍ ക്രിസ്റ്റിയും ബ്രിജിത്തും താമസിച്ചിരുന്ന മുറിയിലേക്ക് വെറുതെ എത്തി നോക്കി . അവിടെ പാവകുട്ടിയെ തലോടുന്ന ബ്രിജിത്ത് ഇല്ല …ആല്‍ബത്തിന്റെ പേജുകള്‍ ഓരോന്നായി മറിച്ചു ഫോട്ടോകള്‍ കാണിച്ചു തരുവാന്‍ ഇപ്പോള്‍ ക്രിസ്റ്റിയുമില്ല.. ശൂന്യമായ ആ മുറിയിലേക്ക് നോക്കി ഞാന്‍ നെടുവീര്‍പ്പിട്ടു ..മക്കളും മടങ്ങിപോയിരിക്കുന്നു…

അന്ന് വൈകിട്ട് ജോലി കഴിഞ്ഞു നഴ്‌സിംഗ് ഹോമിന്റെ പുറകിലെ കാര്‍പാര്‍ക്കില്‍ ചെന്നപ്പോഴാണ് ആ കാഴ്ച കണ്ടത്!! നിറഞ്ഞു കവിഞ്ഞ ഒരു വലിയ വേസ്റ്റ് ബിന്നിന്റെ മുകളില്‍ അലസമായി കിടക്കുന്ന ബ്രിജിത്തിന്റെ പാവകുട്ടിയും ക്രിസ്റ്റിയുടെ ഫാമിലി ആല്‍ബവും ..!!! ആ വൃദ്ധ ദമ്പതികളുടെ അവസാനത്തെ സമ്പാദ്യങ്ങള്‍ ..ജീവന്റെ സുഗന്ധമുള്ള സമ്പാദ്യങ്ങള്‍ ..മക്കള്‍ക്ക് പോലും വേണ്ടാത്ത സമ്പാദ്യ ങ്ങള്‍ … 

എല്ലാ മരണങ്ങളും അവസാനിച്ചിരിക്കുന്നു ….ഇനി നിങ്ങള്‍ ആരും മൃതശരീരങ്ങള്‍ തേടി ചിറകടിച്ചു പറന്നു വരണ്ട ….നിങ്ങള്‍ക്കു സ്വതന്ത്രമായി പറക്കാം… നിങ്ങളുടെ ചിറകുകള്‍ തളരും വരെ ….നിങ്ങളുടെ മക്കള്‍ക്ക് ചിറകുകള്‍ മുളക്കും വരെ ….ജീവിതം ഒരു ആവര്‍ത്തനമാണ് …മരണവും…. …!!

സെബി സെബാസ്റ്റ്യന്‍, സെല്‍ബ്രിഡ്ജ് 

Scroll To Top