Tuesday April 24, 2018
Latest Updates

100 കുട്ടികളെ സഹായിക്കാന്‍ സുമനസുകളെ തേടി ഷെയറിങ് കെയര്‍ പ്രവര്‍ത്തകര്‍ ശനിയാഴ്ച കേരളാ ഹൗസ് കാര്‍ണിവല്‍ ഗ്രൗണ്ടിലെത്തുന്നു

100 കുട്ടികളെ സഹായിക്കാന്‍ സുമനസുകളെ തേടി ഷെയറിങ് കെയര്‍ പ്രവര്‍ത്തകര്‍  ശനിയാഴ്ച കേരളാ ഹൗസ് കാര്‍ണിവല്‍ ഗ്രൗണ്ടിലെത്തുന്നു

ഡബ്ലിന്‍:അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന്റെ വാര്‍ഷികോത്സവമായി മാറിയിരിക്കുന്ന കേരളാ ഹൗസ് കാര്‍ണിവല്‍ നാളെ( ശനിയാഴ്ച)ഡബ്ലിനില്‍ നടക്കുമ്പോള്‍,വര്‍ഷങ്ങളായി ഈ പ്രവാസിദേശം ആസ്ഥാനമാക്കി നടത്തപ്പെടുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വിവരിക്കാനും ഐറിഷ് മലയാളികളെ പങ്കാളികളാക്കാനും നിങ്ങളെ കാത്തിരിക്കുന്നവരില്‍ കോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷെയറിങ് കെയറിന്റെ വോളണ്ടിയേഴ്സും.

2009ല്‍ തുടക്കമിട്ട ജീവകാരുണ്യ സംഘടനയായ ഷെയറിങ് കെയര്‍ വഴി നൂറുകണക്കിന് പേര്‍ക്ക് സഹായമെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.പ്രധാനമായും കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ദാരിദ്ര്യവും,പരിമിതികളും അനുഭവിക്കുന്നവര്‍ക്കുള്ള സഹായ പദ്ധതികളാണ് ഷെയറിങ് കെയര്‍ വഴി നടപ്പാക്കുന്നത്.

പദ്ധതിക്കാവശ്യമായ തുക കണ്ടെത്താന്‍ പരിമിതികള്‍ ഉണ്ട്. നിലവില്‍ അംഗങ്ങളുടെ വാര്‍ഷിക അംഗത്വവരിസംഖ്യയാണ് ഷെയറിങ് കെയറിന്റെ പ്രധാന വരുമാനസ്രോതസ്സ്. പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിക്കു ഒരു അധ്യയന വര്‍ഷം വേണ്ടിവരുന്ന ചിലവ് അറുപത് യൂറോയാണ്. ഐര്‍ലണ്ടിലെ സന്മനസ്സുള്ള മലയാളികളുടെ സഹായം ഷെയറിങ് കെയര്‍ അഭ്യര്‍ത്ഥിക്കുകയാണ്.

2011ലാണ് ഷെയറിങ് കെയര്‍ ആദ്യമായി വിദ്യാര്‍ത്ഥി സഹായ പദ്ധതി(Student Support Program), പാലക്കാട് ജില്ലയിലുള്ള പിന്നോക്ക പ്രദേശത്തു സ്ഥിതി ചെയ്യുന്ന പാലക്കാട്ടെ പൂഞ്ചോല ഗവ.എല്‍ പി സ്‌കൂളില്‍ 2011ല്‍ തുടങ്ങിയത്.

പദ്ധതിയുടെ ഭാഗമായി നോട്ട് ബുക്കുകള്‍, എഴുതുപകരണങ്ങള്‍, സ്‌കൂള്‍ബാഗ്, കുട, യൂണിഫോം, ഷൂസ്, വാട്ടര്‍ബോട്ടില്‍ തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ എല്ലാ സാമഗ്രികളും വിതരണം ചെയ്യുന്നു. പലവിധ ബുദ്ധിമുട്ടുകള്‍ കാരണം പഠിത്തം മുടങ്ങിയിരുന്ന കുട്ടികള്‍, പദ്ധതി നടപ്പിലാക്കിയതില്‍ പിന്നെ സ്‌കൂളില്‍ മുടങ്ങാതെ വരാന്‍ തുടങ്ങി. പഠിക്കാന്‍ ഉത്സാഹം കൂടി, മഴക്കാലത്തും വേനല്‍ക്കാലത്തും സ്‌കൂളിലെ ഹാജര്‍നില ഉയര്‍ന്നു.

പദ്ധതി വളരെ വിജയകരമാണെന്നു ബോധ്യപ്പെട്ടപ്പോള്‍, രണ്ടാം ഘട്ടമായി കൂടുതല്‍ കുട്ടികളിലേക്കു വ്യാപിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചു. അങ്ങനെ ആലപ്പുഴ ജില്ലയിലെ പിന്നോക്ക തീരദേശ പ്രദേശത്തു സ്ഥിതിചെയ്യുന്ന പാട്ടുകളം ശ്രീ രാജരാജേശ്വരി എല്‍ പി സ്‌കൂള്‍ കണ്ടെത്തി. മല്‍സ്യബന്ധനവും കയര്‍ മേഖലയിലെ തൊഴിലുമാണ് പ്രദേശത്തെ പ്രധാന ഉപജീവനമാര്‍ഗം. ഇവിടെ പഠിക്കുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കു കൂടി കഴിഞ്ഞ രണ്ടാം ഘട്ടത്തില്‍ വിദ്യാര്‍ത്ഥി സഹായ പദ്ധതിയുടെ പ്രയോജനം ലഭ്യമായി.

പദ്ധതിയുടെ പ്രയോജനം കണക്കിലെടുത്തു ഈ വര്‍ഷം പാവപ്പെട്ട 100 കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കാനാണ് ഷെയറിങ് കെയര്‍ ഉദ്ദേശിക്കുന്നത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പാലിയേറ്റിവ് കെയറില്‍ കഴിയുന്നതോ അല്ലെങ്കില്‍ അങ്ങനെയുള്ള അസുഖം വന്നു മരിച്ചുപോയവരുടെയോ കുട്ടികളായ 50 കുട്ടികള്‍ക്ക്കൂടി സഹായം ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നു.

ഇപ്പോള്‍ പ്രധാനമായും കോര്‍ക്ക് കേന്ദ്രീകരിച്ചുള്ള ഒരു കൂട്ടം പേരാണ് ഷെയറിങ് കെയറിന് പിന്തുണയുമായി പിന്നിലുള്ളത്.അയര്‍ലണ്ടില്‍ എമ്പാടുമുള്ള സുമനസുകളുടെ സഹായം തേടിയാണ് ഷെയറിങ് കെയര്‍ കാര്‍ണിവല്‍ ഗ്രൗണ്ടില്‍ എത്തുന്നത്.

ശനിയാഴ്ച ഡബ്ലിനില്‍ നടക്കുന്ന കാര്‍ണിവലില്‍ ഷെയറിങ് കെയറുമുണ്ടാകും. ഷെയറിങ് കെയറിന്റെ ഇന്‍ഫര്‍മേഷന്‍ ഡെസ്‌ക് സന്ദര്‍ശിക്കുവാനും,വളണ്ടിയേഴ്സുമായി നേരിട്ട് സംസാരിക്കാനും. സംഘടനയെക്കുറിച്ചു കൂടുതല്‍ അറിയാനും,ഒന്നിച്ചു ജീവകാരുണ്യ പ്രവത്തനത്തില്‍ പങ്കാളികളാകുവാനും ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബിനു തോമസ്:0851688881
റോജോ പുറപ്പന്താനം:0870660320

Scroll To Top