Thursday November 23, 2017
Latest Updates

അയര്‍ലണ്ടില്‍ നിന്നും ഒരു സ്‌നേഹസ്വാന്തനം:ഷെയര്‍ ആന്‍ഡ് കെയര്‍ 

അയര്‍ലണ്ടില്‍ നിന്നും ഒരു സ്‌നേഹസ്വാന്തനം:ഷെയര്‍ ആന്‍ഡ് കെയര്‍ 

ഫോട്ടോ :ഷെയര്‍ ആന്‍ഡ് കെയറിന്റെ നേപ്പാള്‍ ദുരിതാശ്വാസ സഹായനിധി ഐറിഷ് റെഡ് ക്രോസ് ഭാരവാഹികള്‍ക്ക് കൈമാറുന്നു. 
ജയ്‌സണ്‍  വി ജോണ്‍ ,രാജു തുണ്ടത്തില്‍ ഷൈന്‍ ജോസഫ്, എന്നിവര്‍ സമീപം

ഗൃഹാതുരത്വത്തിന്റെ നനുത്ത ഓര്‍മ്മകളെ നെഞ്ചില്‍ പേറി നടക്കുന്ന പ്രവാസകാലം.
കാതങ്ങള്‍ക്കപ്പുറം നെഞ്ചു പൊള്ളിക്കുന്ന തീഷ്ണജീവിതം തലച്ചുമടാക്കി പരക്കം പഠയുമ്പോള്‍ ഉള്ളില്‍ കുളിര് നല്‍കുന്നത് പിറന്ന മണ്ണിനെക്കുറിച്ചുള്ള ഓര്‍മ്മകളാണ്
ഇടവപ്പാതിയും, തുലാവര്‍ഷവും, മകരമഞ്ഞും, കര്‍ക്കിടകരാവും,വേലിതലപ്പിലെ മുള്‍ച്ചെടിയും അരയാല്‍കൊമ്പില്‍ കൂവി തോല്‍പ്പിച്ച കിളിയൊച്ചയും ശ്വാസഗതിയെ ചേര്‍ത്തു നിര്‍ത്തി മലയാള നാട്ടില്‍ നിന്നും ദിക്കുകള്‍ക്കപ്പുറം മഞ്ഞു പെയ്യുന്നു അയര്‍ലണ്ടിന്റെ മലമടക്കുകളിലേയ്ക്ക് പറന്നിറങ്ങി….

അയര്‍ലണ്ടിലെ തിരക്കു പിടിച്ച ജീവിതത്തിന്റെ ചുഴിയില്‍ കറങ്ങുമ്പോഴും പിറന്ന മണ്ണില്‍ തങ്ങള്‍ക്കൊപ്പം തോളുരുമ്മി നടന്ന സതീര്‍ത്ഥ്യരുടെ വേദന കണ്ടു….അവരുടെ വിതുമ്പല്‍ കേട്ടു… കൂടെ പിറന്നവരുടെ വഴികളില്‍ തളിര്‍മഴയായി പറന്നിറങ്ങാന്‍ നമ്മള്‍ വെമ്പല്‍കൊണ്ടു.അതൊരു കൂട്ടായ്മയായി.രത്‌ന ശൃംഗലപോലെ ഒന്നായി ഷെയര്‍ ആന്റ് കെയര്‍ എന്ന സന്നദ്ധസംഘടനയായി രൂപപ്പെട്ടു.

അയര്‍ലണ്ടിലെ ലിംറിക്ക് കേന്ദ്രമാക്കി ലിംറിക്കിനു ചുറ്റുമുള്ള പ്രദേശങ്ങളായ എന്നിസ്,ലിംറിക്ക് സിറ്റി,കോര്‍ബല്ലി,കാസല്‍ട്രോയ്,ന്യൂ പോര്‍ട്ട്,കോര്‍ണീഷ്,ഡ്യൂറോഡായില്‍,പാട്രിക്‌സ് വെല്‍,ക്രും,അടയാര്‍,ന്യൂകാസില്‍ വെസ്റ്റ് എന്നിവിടങ്ങളിലെ മലയാളികളുടെ കൂട്ടായ്മയായ ഇന്ത്യന്‍ അസ്സോസിയേഷന്റെ ജീവകാരുണ്യ വിഭാഗമായ ഷെയര്‍ ആന്റ് കെയര്‍ ജനുവരി 28നാണ് രൂപം കൊണ്ടത്.

സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മകള്‍ അനുസ്മരിപ്പിക്കുന്ന 2011ലെ കിസ്തുമസ് രാവില്‍ ഇവിടുത്തെ കുരുന്നുകള്‍ കരോളില്‍ സമാഹരിച്ച ഒരുപിടി യൂറോയില്‍ നിന്നുമാണ് ഷെയര്‍ ആന്റ് കെയര്‍ അതിന്റെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലേയ്ക്ക് കടക്കുന്നത്.ആ കുരുന്നു കൈകള്‍ പകര്‍ന്നു തന്നെ ദീപശിഖ ഏറ്റുവാങ്ങി,കടലലകള്‍ താണ്ടി അതിന്റെ പ്രഭ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു…

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഷെയര്‍ ആന്റ് കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണ്.ലോകത്ത് ദുരിതം അനുഭവിക്കുന്ന അനേകലക്ഷം സഹജീവികളെ ദയാവായ്‌പോടെ കണ്ട് അവരുടെ കഷ്ടപ്പാടുകള്‍ക്ക് ഒരുകൈ സഹായം നല്‍കുവാന്‍ മനസ്സു കാണിക്കുന്ന മലയാളി കൂട്ടായ്മയാണ് ഷെയര്‍ ആന്റ് കെയര്‍.

ഇന്ത്യയിലും,അയര്‍ലണ്ടിലും കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും (പ്രകൃതി ദുരന്തങ്ങളാലും മാരകരോഗങ്ങളാലും ദുരിതമനുഭവിക്കുന്ന ഒട്ടേറെപ്പേര്‍ക്ക് ഈ സംഘടന സഹായമെത്തിക്കുന്നുണ്ട്.

എകദേശം 93കുടുംബങ്ങള്‍ ഇന്ന് ഷെയര്‍ ആന്റ് കെയറില്‍ അംഗങ്ങളാണ്. ജാതിമതവ്യത്യാസമില്ലാതെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് അംഗങ്ങള്‍ നല്‍കുന്ന മാസവരുമാനമാണ് സംഘടനയുടെ പ്രധാന സാമ്പത്തിക ശ്രോതസ്സ്.കളക്ഷനുവേണ്ടി ഓരോ വീടുകളിലും നിക്ഷേപപെട്ടി ഏല്പിച്ച് മടങ്ങുമ്പോള്‍,വീട്ടുകാര്‍ നല്‍കുന്ന നിക്ഷേപം എത്രയെന്നത് അവരുടെ മാത്രം സ്വകാര്യമായി മാറ്റുന്നു.ഇതുവഴി സംഭാവനയുടെ താരതമ്യ കണക്കുകള്‍ ഒഴിവാക്കുവാന്‍ സാധിക്കുന്നു.എന്ത് തന്നെയായാലും എല്ലാ കുടുംബങ്ങളും നിര്‍ലോഭം സഹായമെത്തിക്കുമെന്ന് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്.

കല്‍ക്കട്ടയില്‍ തീപിടുത്തത്തില്‍ അനേകം രോഗികളെ രക്ഷിച്ചതിനുശേഷം മരണത്തിനു കീഴടങ്ങിയ രമ്യ,വിനീത എന്നീ നേഴ്‌സുമാര്‍ വാര്‍ത്താ മാധ്യമങ്ങളില്‍ ഏറെ വേദനയോടെ നിറഞ്ഞു നിന്നവരായിരുന്നു.അവരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് അവരുടെ കുടുംബത്തിന് സഹായം നല്‍കിയും ഷെയര്‍ ആന്റ് കെയര്‍ അതിന്റെ ആദ്യ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നാന്ദി കുറിച്ചു.ലോകത്തിന്റെ ഏതുകോണില്‍ നിന്നായിരുന്നാലും ഏത് ജാതിയില്‍പ്പെട്ട,ഏതുമതത്തില്‍പ്പെട്ട മനുഷ്യരായിരുന്നാലും അവന്റെ വേദനയില്‍ പങ്കുചേരാനും ആകും വിധം സഹായമെത്തിക്കാനും സംഘടന നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണ്.

ഷെയര്‍ ആന്റ് കെയറിന്റെ അംഗബലം ഇന്ന് അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കും വ്യാപിപ്പിച്ചിരിക്കുന്നു എന്നത് ഏറെ അഭിമാനകരമാണ്.അതിലൂടെ അയര്‍ലണ്ടിലെ ഒരു വലിയ മലയാളി സമൂഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ഒരു സാമൂഹിക കൂട്ടായ്മയ്ക്ക് അതുവഴി ഷെയര്‍ ആന്‍ഡ് കെയര്‍ മുഖ്യ പങ്കു വഹിക്കുകയും ചെയ്യുന്നു.

“പിച്ചിടല്ലേ പറിച്ചിടല്ലേ 
കൊച്ചു പൂവിനെ നോവിച്ചിടല്ലേ” എന്ന് സുഗതകുമാരിയോടൊപ്പം പ്രാര്‍ത്ഥിച്ചുപോകും തിരുവനന്തപുരം റീജിണല്‍ കാന്‍സര്‍  സെന്ററിലെ കുട്ടികളുടെ വാര്‍ഡ് കാണുമ്പോള്‍ വേദന തിന്നു ജീവിക്കുന്നു,എപ്പോള്‍ വേണമെങ്കിലും ഇരുളിലാണ്ടു പോകാവുന്ന ആ നിഷ്‌കളങ്കബാല്യങ്ങളുടെ ജീവിതം പ്രകാശപൂരിതമാക്കണേ എന്ന പ്രാര്‍ത്ഥനയോടെ രണ്ട് ഗഡുക്കളായി ഒരു ലക്ഷം രൂപയും അയര്‍ലണ്ടില്‍ നിന്നും ചികില്‍സാര്‍ത്ഥം നാട്ടില്‍ പോയ ഒരു കുട്ടിക്ക് ചികില്‍സാസഹായമായി 150o യൂറോയും കൊടുക്കുവാന്‍ കഴിഞ്ഞതില്‍ ഷെയര്‍ ആന്റ് കെയറിലെ എല്ലാ അംഗങ്ങള്‍ക്കും ചാരിതാര്‍ത്ഥ്യമുണ്ട്.

160000 പേര്‍ മരണപ്പെടുകയും 1.5 മില്യന്‍ ആളുകള്‍ ഭവന രഹിതരാവുകയും ചെയ്ത ഹെയ്റ്റിയിലെ ഭൂകമ്പം..ഒരായുസ്സ് കൊണ്ട് സമ്പാദിച്ചതെല്ലാം ഉടയവരുമെല്ലാം ഒരൊറ്റ നിമിഷംകൊണ്ട് കണ്‍മുന്നില്‍ തകര്‍ന്ന് വീഴുന്നത് കണ്ട് നിസ്സഹായതയോടെ കരമുയര്‍ത്തി ദൈവത്തെ വിളിച്ച് കേഴുന്നവരെ സഹായിക്കാന്‍ ഷെയര്‍ ആന്‍ഡ് കെയറിനായി.4750 യൂറോ അവര്‍ക്ക് വേണ്ടി കൊടുക്കാന്‍ ആയതില്‍ ആന്റ് കെയറിന് അങ്ങേയറ്റം കൃതാര്‍ത്ഥതയുണ്ട്. അതുപോലെ നേപ്പാള്‍ ദുരന്തത്തില്‍ കണ്ണടച്ചു തുറക്കുന്ന നേരംകൊണ്ട് ഉറ്റവരും ഉടയവരും എല്ലാം നഷ്ടപ്പെട്ട അനാഥരായി തീര്‍ന്നുവര്‍ക്ക് അവരുടെ ഭാവി ജീവിതത്തില്‍ നന്‍മയുടേയും
പ്രതീക്ഷയുടേയും ഇത്തിരി വെട്ടം നിറയ്ക്കുവാന്‍ ഷെയര്‍ ആന്റ് കെയര്‍ സഹായധനമായി നല്‍കിയ 1300 യൂറോ ഒരു വലിയ തുകയല്ലെന്നറിയാമെങ്കിലുംഎല്ലാം നഷ്ടപ്പെട്ടവനുള്ള ഒരു ചെറു തലോടലായി ഞങ്ങള്‍ കരുതുന്നു.

ആവശ്യക്കാരനെ സഹായിക്കുന്നത് ദൈവത്തെ സഹായിക്കുന്നതിന് തുല്യമാണ്. പ്രകൃതി മനുഷ്യനുമേല്‍ സംഹാര താണ്ഡവമാടിയ പ്രകൃതി ദുരന്തങ്ങള്‍. ഒരു നിമിഷം കൊണ്ട് എല്ലാം തകര്‍ന്നടിഞ്ഞ് ഇനി എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായരായി തീര്‍ന്ന ഫിലിപ്പൈന്‍സിലെ ഭൂകമ്പ ബാധിതര്‍ക്ക് ആശ്വാസം നല്‍കി അവരുടെ വിശപ്പടക്കാന്‍ ഞങ്ങളാല്‍ കഴിയുന്ന സഹായം, ആയിരം യൂറോയായി നല്‍കാന്‍ ഷെയര്‍ ആന്റ് കെയറിന് കഴിഞ്ഞുവെന്നത് ചാരിതാര്‍ത്ഥ്യത്തോടെ സ്മരിക്കുന്നു.

അയര്‍ലണ്ടിന്റെ വിവിധ പ്രദേശങ്ങളില്‍ മരണപ്പെടുന്നവരുടെ കുടുംബത്തിന് ആയിരം യൂറോ വീതം അടിയന്തിര സഹായമായും,ഷെയര്‍ ആന്റ് കെയര്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് വേര്‍പെട്ട് പോയവരുടെ കുടുംബാംഗങ്ങള്‍ക്ക് ആയിരത്തിയഞ്ഞൂറു യൂറോയും അടിയന്തിര സഹായം നല്‍കാന്‍ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.അംഗങ്ങളില്‍ നിന്ന് സംഘടന ഇതുവരേയും 25629 യൂറോ സമാഹരിച്ചിട്ടുണ്ട്. ഇതില്‍ 20158 യൂറോ ധനസഹായമായി ഇതിനോടകം നല്‍കി കഴിഞ്ഞു.

മാരക രോഗങ്ങള്‍ക്ക് അടിമകളായി ഭീമമായ ചികിത്സാ ചെലവ് താങ്ങുവാനാകാതെ മരണത്തിന് കീഴടങ്ങുന്ന ജനത ഇന്നേറിക്കൊണ്ടിരിക്കുന്നു.ഇത്തരത്തിലുള്ള രോഗസ്ഥര്‍ക്ക് ഷെയര്‍ ആന്‍ഡ് കെയര്‍ അവരുടെ ചികില്‍സാ ചെലവിന്റെ ഒരു വിഹിതം നല്‍കുന്നു. കേരളത്തില്‍ മാരകമായ രോഗം ബാധിച്ച രണ്ടുപേര്‍ക്ക് മാസത്തിലൊരിക്കല്‍ പതിനയ്യായിരം രൂപാ വീതം സഹായമെത്തിക്കാനും ഷെയര്‍ ആന്റ് കെയറിന് കഴിയുന്നു.

നാട്ടില്‍ നിന്നും രണ്ട് അധികാരികളുടെ കത്തോടൊപ്പം സര്‍ട്ടിഫിക്കറ്റിന്റെ ചികില്‍സാ സഹായത്തിനുള്ള അപേക്ഷയും കമ്മിറ്റി പരിഗണിച്ചാണ് സഹായം നല്‍കിരുന്നത്.ഇത്തരത്തില്‍ 37 അപേക്ഷകളില്‍ മേല്‍ ചികില്‍സാസഹായം നല്‍കുവാന്‍ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ദുരന്തങ്ങളില്‍ പെടുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനോടൊപ്പം അവരുടെ പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം,വസ്ത്രം,പാര്‍പ്പിടം,മരുന്ന് എന്നിവ യഥാസമയം എത്തിച്ചുകൊടുക്കുന്നതിനും ഈ മഹത് സംഘടന സജീവമായി ഇടപെടുന്നു. ലോകത്ത് ദുരിതമനുഭവിക്കുന്ന ഓരോ മനുഷ്യജീവനും സ്വന്തം കൂടപ്പിറപ്പാണെന്ന് കണ്ട് അവര്‍ക്ക് ഇരു കരങ്ങളും നീട്ടി സഹായം എത്തിക്കുവാന്‍ മനസ്സുകാട്ടുകയും അതിനുവേണ്ടി മുന്നിട്ടിറങ്ങുകയും ചെയ്യുന്നു

അംഗങ്ങളാണ് ഈ സംഘടനയെ ഇതുവരെ വളര്‍ത്തിയത്.സംഘടനയുടെ ശക്തിയും ഓജസ്സുമായി മാറിയിരിക്കുന്നത്.ഇവര്‍ ഷെയര്‍ ആന്‍ഡ് കെയറിന്റെ അഭിമാനഭാജനങ്ങളാണ്.

വരും വര്‍ഷങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പുതിയ തലങ്ങളിലേയ്ക്ക് ഒരു കാല്‍വെയ്പ് നടത്തുകയാണ് ഷെയര്‍ ആന്‍ഡ് കെയര്‍.നിര്‍ദ്ധനകുടുംബത്തിലെ ഒരു കുട്ടിയുടെ വിദ്യാഭ്യാസ ചുമതല സംഘടന ഏറ്റെടുത്തു കൊണ്ട് അതുവഴി അവനിലൂടെ കുടുംബത്തിന് ഒരു വരുമാന മാര്‍ഗ്ഗമുണ്ടാക്കിയെടുക്കുക എന്നത് ലക്ഷ്യമിട്ട് Edu Care’ എന്ന പദ്ധതിക്ക് സംഘടന രൂപം
നല്‍കിയിരിക്കുന്നു.ഇതുവഴി നന്‍മയുള്ള ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുവാന്‍ സംഘടന ശ്രമിക്കുന്നു എന്നുള്ളതും ചാരിതാര്‍ത്ഥ്യമുള്ള കാര്യമാണ്.

10 യൂറോ വീതം പ്രതിമാസം തരുന്ന 15 അംഗങ്ങള്‍ അടങ്ങുന്ന ഓരോ ഗ്രൂപ്പുകളായി തിരിച്ച് മാസം 150 യൂറോ സമാഹരിക്കുകയും അങ്ങനെ ഒരു വര്‍ഷത്തെ സംഖ്യ ഒരുമിച്ചു കൂട്ടി പഠനസഹായം നടത്തുവാനുള്ള പദ്ധതിയാണ് Edu careലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.

ജന്മംകൊണ്ട് ഏതൊരാള്‍ക്കും മനുഷ്യനാകാം.എന്നാല്‍ മനുഷ്യസ്‌നേഹിയാകാന്‍ കര്‍മ്മംകൊണ്ടു മാത്രമേ കഴിയൂ. ഒന്നു നൂറാക്കുവാന്‍ മനുഷ്യന്‍ മത്സരിച്ചുകൊണ്ടിരിക്കുന്ന യാന്ത്രിക ലോകത്താണ് നാം ജീവിക്കുന്നത്.ദയ,കരുണ,സഹജീവി സ്‌നേഹം എന്നിവ വെറും വാക്കുകള്‍ മാത്രമായിക്കൊണ്ടിരിക്കുന്നു.നിന്നെപോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുവാനും, സക്കാത്ത് നല്‍കി ദൈവത്തിലേയ്ക്ക് അടുക്കുവാനും,വേദനിക്കുന്നവര്‍ക്കൊപ്പം ദൈവമുണ്ടെന്നും ലോകമതങ്ങള്‍ മനുഷ്യനെ പലകുറി പഠിപ്പിച്ചു.ആ മതങ്ങളെ നെഞ്ചിലേറ്റി മനുഷ്യന്‍ വെട്ടിപ്പിടിക്കാന്‍ പരക്കം പായുന്നു.

RAJU THUജീവിതത്തിന്റെ ദുരിത കയത്തില്‍ ആണ്ടു പോയവര്‍.. ഇവര്‍ക്ക് ഒന്നു കരം നീട്ടി ഒരു സഹായം നല്‍കുന്നവനാണ് മനുഷ്യ സ്‌നേഹി..അവനാണ് യോഗി. അവരുടെ കൂട്ടായ്മയാണ്   ഷെയര്‍ ആന്‍ഡ് കെയര്‍.

രാജു തുണ്ടത്തില്‍ (ഷെയര്‍ ആന്‍ഡ് കെയര്‍ കോ ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുകയാണ് ലേഖകന്‍ )


Scroll To Top