Wednesday January 17, 2018
Latest Updates

ശാന്തിഗീതം (കഥ-വി ഡി രാജന്‍ )

ശാന്തിഗീതം (കഥ-വി ഡി രാജന്‍ )

അമ്മച്ചി മരിച്ചു

ഇന്നേക്ക് ഒരാഴ്ച മുമ്പ് . രാത്രിയിലെപ്പഴോ ആയിരുന്നു മരണം. ഒരു ഊര്‍ദ്ധ്വനോ നിലവിളിയോ ഉണ്ടായിരുന്നില്ല. മരണസമയത്ത് ആരും അടുത്തുണ്ടായിരു ന്നില്ല. കഴിഞ്ഞ പത്തു വര്‍ഷക്കാലം അവരോടൊപ്പം ഒരു നിഴല്‍ പോലെ ഈ നഴ്‌സിങ് ഹോമില്‍ ഉണ്ടായിരുുവെങ്കിലും അവസാന ശ്വാസം നിലയ്ക്കുമ്പോള്‍ അടുത്തുണ്ടാകാനുള്ള ഭാഗ്യം എനിക്ക് നിഷേധിക്കപ്പെട്ടു. ഒരിറ്റു വെള്ളം നനച്ചു കൊടുക്കാനോ അമ്മച്ചിയുടെ ആത്മാവിനു കൂട്ടായിരിക്കണേ എന്ന് ചൊല്ലി പ്രാര്‍ത്ഥിക്കാനോ കഴിഞ്ഞില്ല. ശപിക്കപ്പെട്ടവള്‍ എന്ന വിശേഷണം പലരും പലവട്ടം എനിക്കു ചാര്‍ത്തിത്തന്നിട്ടുണ്ട്.. അതു വീണ്ടും എന്നെ വേട്ടയാടുന്നുവോ എന്നു ഞാന്‍ ഭയപ്പെട്ടു 

തലേന്നു രാത്രി ഭക്ഷണം കൊടുക്കുമ്പോള്‍ അവര്‍ അസ്വസ്ഥയായി കാണപ്പെട്ടു . മുറിയിലെ നക്ഷത്രവിളക്കുകളുടെ പ്രകാശവും വിതാനങ്ങളും അവരെ നൊമ്പരപ്പെടുത്തി. അവര്‍ എന്നോട് ചോദിച്ചു ‘

‘ഈ ക്രിസ്മസിനെങ്കിലും അവന്‍ എന്നെ കാണാന്‍ വരുമോ?

പ്രായവും ആകുലതകളും ചുളിവുകള്‍ സമ്മാനിച്ച മുഖത്ത് ഉള്ളിലൊതുക്കിയ വേദനകള്‍ തളം കെട്ടി നിന്നു.

ശോഷിച്ച കൈകള്‍ എന്റെ നെഞ്ചോടു ചേര്‍ത്തുവച്ച് ഞാന്‍ ഏറെ നേരം ആശ്വസിപ്പിച്ചു. ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിനു മുമ്പ് മകനെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. എന്നിട്ട് പതുങ്ങിയ സ്വരത്തിള്‍ പറഞ്ഞു

‘ബെഡിനരികിലെ ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന ചുവന്ന ബാഗില്‍ വര്‍ഷങ്ങളായി അവനു വേണ്ടി സൂക്ഷിക്കുന്ന സമ്മാനമുണ്ട് നീയത് അവനു കൊടുക്കണം.’

നഴ്‌സിങ് ഹോമിലെ എന്റെ കഴിഞ്ഞ 10 വര്‍ഷത്തെ ജോലിക്കിടയില്‍ ഇതുവരെ മകനെ എന്നല്ല , ഒരു ബന്ധുവിനെ പോലും അമ്മച്ചിക്ക് സന്ദര്‍ശകരായി ഞാന്‍ കണ്ടിട്ടില്ല . അമ്മയുടെ മരണവിവരം ഏകമകന്‍ ഷോണിനെ അറിയിക്കുമ്പോള്‍ അവന്‍ എവിടെയോ കറങ്ങി നടക്കുകയായിരുന്നു . ഒരു പക്ഷെ ഒരു പുതിയ ഗേള്‍ഫ്രണ്ട് കൂടെയുണ്ടായിരുന്നിരിക്കാം. 

ആ മരണം എന്നെ തളര്‍ത്തി. എനിക്ക് പ്രിയപ്പെട്ടവരായി ഇനിയാരും അവശേഷിക്കുന്നില്ല . ‘രംഗബോധമില്ലാത്ത കോമാളിയെ പോലെ മരണം’ മൂന്നാം തവണയും എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. 

ആദ്യ തവണ മരണം സ്വന്തം അമ്മയുടെ രൂപത്തില്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വരുമ്പോള്‍ എനിക്ക് മൂന്ന് വയസ് തികഞ്ഞിരുന്നില്ല . അതുകൊണ്ട് തന്നെ ഭയവിഹ്വലതകളൊന്നും എന്നെ തളര്‍ത്തിയുമില്ല . പടങ്ങളില്‍ കാണുന്നതല്ലാതെ അമ്മയുടെ ജീവിച്ചിരുന്ന മുഖംപോലും എനിക്കോര്‍മ്മയില്ല .

പൂക്കള്‍ കൊണ്ടലങ്കരിച്ച പെട്ടിയില്‍ കിടത്തിയിരുന്ന അമ്മയുടെ ശരീരത്തിനരികെ അലമുറയിട്ടു കരയുന്ന ബന്ധുമിത്രാദികളില്‍ ആരുടെയോ ഒക്കത്തിരുന്നു വിങ്ങുന്ന ഒരു കുഞ്ഞിന്റെ രൂപം മാത്രമാണ് നേരിയ ഓര്‍മ്മയായി ചികഞ്ഞു നോക്കിയാല്‍ കാണുകയുള്ളൂ.. 

അമ്മയുടെ മരണം എങ്ങനെയായിരുന്നുവെന്നു പിന്നിടുള്ള കേട്ടറിവേയുള്ളൂ. അമ്മ ടീച്ചറായിരുന്നു; അപ്പനു കൃഷിയും. കുട്ടനാട്ടിലെ വീടിനു പുറകില്‍ നോക്കെത്താദൂരത്തായി പരന്നു കിടക്കുന്ന പാടശേഖരം അപ്പന്റെ സ്വന്തം. വീടിനു മുന്നിലായി ഒരു ലോറിക്ക് കഷ്ടിച്ചു പോകാന്‍ മാത്രം വീതിയുള്ള റോഡ്. അതിനപ്പുറത്ത് സാമാന്യം വീതിയുള്ള തോട്ടില്‍ എപ്പോഴും ഒഴുക്കുണ്ട് .ഒരു മഴക്കാലം. കാലവര്‍ഷം തിമിര്‍ത്തു പെയ്യുന്നു . തോട്ടില്‍ കുത്തൊഴുക്ക്. എന്നും രാവിലെ കാറില്‍ അമ്മയെ സ്‌കൂളില്‍ കൊണ്ടു പോകുന്നത് അപ്പനായിരുന്നു . പലപ്പോഴും എന്നെയും കൊണ്ടു പോയിരുന്നു.അന്ന് അപ്പന്റെ അടുത്തുള്ള സീറ്റിലിരിക്കാന്‍ ഞാന്‍ നിര്‍ബന്ധം പിടിച്ചു. അമ്മ പുറകിലും.അപ്പന്‍ വണ്ടി പുറകോട്ട് എടുത്തപ്പോള്‍ തോടിന്റെ തിട്ടയിടിഞ്ഞു വണ്ടിയുടെ പുറക് വശം തോട്ടിലേക്ക് കൂപ്പുകുത്തി. ഓടിക്കൂടിയവര്‍ അപ്പനെയും എന്നെയും രക്ഷിച്ചെങ്കിലും അമ്മയെ രക്ഷിക്കാനായില്ല .

ഒരമ്മയുടെ സ്‌നേഹവും ലാളനയും വാത്സല്യവും എന്നെന്നേയ്ക്കുമായി അന്നെനിക്ക് നഷ്ടപ്പെട്ടു. ഒരു കുഞ്ഞിന്റെ ശാഠ്യവും കുണുങ്ങലും കുറുകലും കളിയുംചിരിയും കാണാന്‍ ആളില്ലാതായി. 

അമ്മയെ ഏറെ സ്‌നേഹിച്ചിരുന്ന അപ്പനെ കുറ്റബോധം വിടാതെ പിന്തുടര്‍ന്നു. കൃഷി ഇഷ്ടപ്പെട്ടിരുന്ന അപ്പന്‍ കുട്ടനാട്ടിലെ വീടുംപറമ്പും പാടവും വിറ്റു. അമ്മയെ തട്ടിയെടുത്ത തോടുംപരിസരവും കാണാന്‍ ഇനിയൊരിക്കലും വരില്ലെന്ന് പ്രഖ്യാപിച്ച് എന്നെയും കൂട്ടി ടൗണിലേക്കു താമസം മാറ്റി. എല്ലാം മറക്കാന്‍ മദ്യത്തില്‍ അഭയം തേടി. അമ്മയുടെ സ്ഥാനം കൂടി ഏറ്റെടുത്ത് എന്നെ വളര്‍ത്താന്‍ അപ്പന് കഴിയാതെ പോയി. അതു കൊണ്ടു തന്നെ വളരുന്ന പെണ്‍കുട്ടിയ്ക്ക് വേണ്ട കരുതലും സുരക്ഷിതത്വവും പരിചരണവും തരാന്‍ അപ്പനു കഴിഞ്ഞില്ല .എന്റെ പതിമൂന്നാം വയസില്‍ അപ്പനും മരണത്തിന് കീഴടങ്ങി.രംഗബോധമില്ലാത്ത കോമാളിയുടെ രണ്ടാം വരവ്.

ഞാനപ്പോള്‍ തനിച്ചായി. പക്ഷേ എന്റെ പരിപാലനവും സുരക്ഷിതത്വവും ഏറ്റെടുക്കാന്‍ അപ്പന്റെയും അമ്മയുടെയും ബന്ധുക്കള്‍ മത്സരിച്ചു. ഒരു പക്ഷേ അപ്പന്‍ അവശേഷിപ്പിച്ചു പോയ സ്വത്തിന്റെ അളവു കണ്ടിട്ടാവാം. ഒടുവില്‍ അപ്പന്റെ വീട്ടുകാര്‍ക്കു നറുക്കു വീണു. അവരെനിക്ക് പാര്‍പ്പിടവും വസ്ത്രവും ഭക്ഷണവും തന്നു . എന്നെ പഠിപ്പിച്ചു. ഞാന്‍ വളര്‍ന്നു ചന്തമുള്ള പെണ്ണായപ്പോള്‍ പലരും എന്റെ മേല്‍ കണ്ണെറിഞ്ഞു. നഴ്‌സിങ്ങ് കോളേജില്‍ നിന്നും ഡിഗ്രിയെടുത്തു പുറത്തു വന്നയുടനെ നാട്ടില്‍ ജോലിയും കിട്ടി . അപ്പോഴേക്കും ബന്ധുക്കളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും പ്രകടമായ മാറ്റം കണ്ടു തുടങ്ങി. അപ്പന്റെ സ്വത്തിന്റെ വീതം അവര്‍ക്കും അവകാശപ്പെട്ടതാണെന്ന ന്യായം ഉന്നയിച്ചു. ശരിയായിരിക്കാം….പക്ഷേ അര്‍ഹതക്കപ്പുറത്ത് അവകാശം സ്ഥാപിക്കാന്‍ ഒരുങ്ങിയപ്പോള്‍ ഞാന്‍ എതിര്‍ത്തു. അതില്‍ പിന്നെ ഞാന്‍ കൊള്ളരുതാത്തവളായി. പരസ്യമായി അധിക്ഷേപിക്കാന്‍ തുടങ്ങി. 

ശാന്തി… അവളുടെ ഒരു പേര്… പെറ്റിട്ടപ്പോള്‍ മുതല്‍ കുടുംബത്തില്‍ ശാന്തിയില്ലാതായതാണ്. മൂന്നാം വയസില്‍ അമ്മയെ കൊന്നു . പതിമൂന്നാം വയസില്‍ അപ്പനെയും. നശീകരം, അസുരവിത്ത്..

ഭക്ഷണത്തിനു പകരം വിഷം തരുമോ എന്നു ഞാന്‍ ഭയപ്പെട്ടു . എല്ലാത്തിനുമൊടുവില്‍ വസ്ത്രം വാങ്ങിത്തന്നവരില്‍ ചിലര്‍ അതുരിയാനും നിര്‍ബന്ധിച്ചപ്പോള്‍ അവിടെ നിന്നും എങ്ങനെയും രക്ഷപ്പെടണമെന്നു തോന്നി.ജോലി കിട്ടി അയര്‍ലണ്ടിലെത്തിയതിനു ശേഷമാണ് എല്ലാ പീഡനങ്ങള്‍ക്കും അറുതി വന്നത്. വികൃതമായ നാടിന്റെ മുഖം പിന്നീടിതു വരെ കണ്ടിട്ടില്ല.കാണാന്‍ കൊതിച്ചിട്ടുമില്ല. 

ആ ഐറിഷ്‌കാരി അമ്മച്ചി എനിക്കാരായിരുന്നു ?. കഴിഞ്ഞ പത്തു വര്‍ഷകാലം പരിചരിച്ച നേഴ്‌സ് എന്നതിനപ്പുറത്ത് ഞങ്ങള്‍ തമ്മില്‍ ചില കൊടുക്കല്‍ വാങ്ങലുകളുണ്ടായിരുന്നു . പരസ്പരസ്‌നേഹം. ദേശമോ ഭാഷയോ നിറമോ അതിനു തടസമായില്ല . ഒരമ്മയുടെ സ്‌നേഹത്തിന്റെ സുഖവും സൗന്ദര്യവും ഞാന്‍ അനുഭവിച്ചറിഞ്ഞു, ലാളനയും വാത്സല്യവും. എന്റെ ദുഖങ്ങള്‍ ആ അമ്മ ഏറ്റെടുത്തു. ചെറുതും വലുതുമായ അമ്മയുടെ ദുഖങ്ങള്‍ ഞാനും.രണ്ടു പേര്‍ക്കും ഭാരമിറക്കി വെക്കാനുള്ള ഓരോ അത്താണി.

ഒരിക്കല്‍ ഗദ്ഗദത്തോടെ അവര്‍ എന്നോട് പറഞ്ഞു,’ ഞാന്‍ ഈ നഴ്‌സിങ്ങ് ഹോമില്‍ കഴിയേണ്ടവളല്ല. തുടക്കത്തില്‍ ഇതെനിക്ക് തടവറയായിരുന്നു.. എനിക്കെന്റെ എല്ലാമായിരുന്ന മൈക്കിളിന്റെ സ്വന്തം വീടും സ്വത്തുക്കളുമുണ്ടായിരുന്നു.. എല്ലാം മകന്‍ ഷോണ്‍ സൂത്രത്തില്‍ തട്ടിയെടുത്തു. കുറേയൊക്കെ ധൂര്‍ത്തടിച്ചു.ഒടുവില്‍ ഒരപകടത്തില്‍ എന്റെ കാല്‍ നഷ്ടപ്പെട്ടപ്പോള്‍ കിട്ടിയ ഇന്‍ഷ്വറന്‍സ് തുകയും. നഴ്‌സിങ്ങ് ഹോമിലേക്കു വേണ്ടുന്ന തുക ഏല്‍പ്പിച്ചത് ദൈവത്തിന്റെ കരുണ കൊണ്ടാവാം. 

ഒരു ദിവസം അവന്‍ കല്‍പ്പിച്ചു,’ അമ്മ നഴ്‌സിങ്ങ് ഹോമിലേക്കു പോകണം…. എനിക്കമ്മയെ ശുശ്രൂഷിക്കാനാവില്ല ,ഐ ഹാവ് ഒണ്‍ലി വണ്‍ ലൈഫ് ആന്‍ഡ് ഐ വാണ്ട് റ്റു എന്‍ജോയ് ഇറ്റ്’. വിസ്തരിച്ചതും വിധിച്ചതും വിധി നടപ്പിലാക്കിയതും അവന്‍ തന്നെ.എനിക്കെതിര്‍ക്കാനായില്ല എല്ലാവരും അവരവരുടെ സുഖം മാത്രം അന്വേഷിക്കുന്നു.മക്കളായാലും ബന്ധുക്കളായാലും .നീ അര്‍ഥമാക്കുന്നതും കണ്ടെത്തുന്നതുമായ സുഖം നൈമിഷികമാണെന്ന് ഞാന്‍ അവനെ ഓര്‍മിപ്പിച്ചു. 

നിന്റെ പൂര്‍വികര്‍ ഒരു കഷണം കിഴങ്ങു പോലും കിട്ടാതെ ഈ രാജ്യത്ത് പട്ടിണി കിടന്നതും മരിക്കേണ്ടി വന്നതും, അന്യ രാജ്യത്തേക്കു പലായനം ചെയ്യേണ്ടി വന്നതും ഓര്‍ക്കേണ്ടതുണ്ട്. ഒരിക്കല്‍ അവന്റെ ഏതോ ഒരു ഗേള്‍ഫ്രണ്ട് പുലമ്പിയ കാര്യം ഓര്‍മിച്ചിട്ട് പറഞ്ഞു.

”എനിക്ക് കുഞ്ഞുങ്ങളെ ഇഷ്ടമാണ്. ഞാനവരെ സ്‌നേഹിക്കുകയും ചെയ്യും.പക്ഷേ, ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ ഞാന്‍ തയാറല്ല . എന്റെ സുഖമാണ് എനിക്ക് വലുത്”. 

ഞാനവള്‍ക്കു മറുപടി കൊടുത്തു,,’ഒരു സ്ത്രീ ഗര്‍ഭം ധരിച്ച് നൊന്തു പ്രസവിച്ചാലേ ഒരു കുഞ്ഞിന് യഥാര്‍ഥ സ്‌നേഹം കൊടുക്കാന്‍ കഴിയൂ. നീ പറയുന്നതു കള്ളമാണ്. നിനക്ക് കുഞ്ഞുങ്ങളെ എന്നല്ല ആരെയും സ്‌നേഹിക്കാന്‍ കഴിയില്ല , ‘കൂടെയുള്ള ഇവനെ പോലും’. എന്നിട്ട് ഉപദേശ രൂപത്തില്‍ എന്നോടു പറഞ്ഞു നീ വിവാഹം കഴിക്കണം. കുഞ്ഞുങ്ങളെ പ്രസവിക്കണം. അമ്മിഞ്ഞപ്പാലിന്റെ ഗുണവും മധുരവും കുഞ്ഞുങ്ങള്‍ വളര്‍ന്നു വലുതാകുമ്പോള്‍ ഓര്‍ത്തെന്നു വരില്ല . കാരണം കുഞ്ഞിന് ഓര്‍മകള്‍ പിറക്കും മുമ്പു തന്നെ അമ്മ മുലയൂട്ടല്‍ അവസാനിപ്പിച്ചിരിക്കും. പക്ഷേ ചുരത്തിയ പാല്‍ കുഞ്ഞ് വലിച്ചു കുടിക്കുമ്പോള്‍ ഒരമ്മ അനുഭവിക്കുന്ന സുഖവും സന്തോഷവും നിര്‍വൃതിയും എക്കാലവും ഓര്‍ത്തിരിക്കും.

മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം മൂന്നാം ദിവസം ഷോണും ബന്ധുക്കളും ഏറ്റുവാങ്ങി.അമ്മച്ചിയുടെ സ്വന്തമായുണ്ടായിരുന്ന വസ്തുവകകള്‍ക്കൊപ്പം സമ്മാനമായി കൊടുക്കാന്‍ വച്ചിരുന്ന ചുവന്ന ബാഗും അവനെ ഏല്‍പ്പിച്ചു.

ശവസംസ്‌കാരചടങ്ങില്‍ ഞാനും പങ്കെടുത്തു. ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കിടയില്‍ അമ്മയെകുറിച്ചുള്ള സ്തുതിപ്പില്‍ (eulogy) ഷോണ്‍ പലവട്ടം വിങ്ങിപ്പൊട്ടി . ഒടുവില്‍ അവസാനിപ്പിച്ചതിങ്ങനെ

‘ ഒരമ്മക്ക് മകനോടുള്ള സ്‌നേഹത്തിന്റെ ആഴവും പരപ്പും മനസിലാക്കാന്‍ എനിക്കു കഴിഞ്ഞില്ല എന്റെ വഴിവിട്ട ജീവിതം തിരുത്താന്‍ ശ്രമിച്ചപ്പോഴൊക്കെ അസഭ്യം പറഞ്ഞ് അമ്മയെ നിശബ്ദയാക്കുകയായിരുന്നു .ചെറുപ്പത്തിലേ വിധവയായ അമ്മ അര്‍ഹിച്ചിരുന്ന സ്‌നേഹത്തിന്റെയും പരിചരണത്തിന്റെയും ഒരംശമെങ്കിലും തിരികെ നല്‍കാന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ഞാനിപ്പോള്‍ ആശിച്ചു പോകുന്നു .ഈ പരിശുദ്ധമായ ദേവാലയത്തില്‍ സന്നിഹിതരായിരിക്കുന്ന എല്ലാവരെയുംസാക്ഷി നിര്‍ത്തി ചെയ്തു പോയ തെറ്റുകള്‍ക്ക് ഞാനെന്റെ അമ്മയോട് മാപ്പിരക്കുന്നു .

ഇന്നലെ ഷോണ്‍ എന്നെ കാണാന്‍ നഴ്‌സിങ്ങ് ഹോമില്‍ വന്നു.അമ്മയുടെ വക സമ്മാനമായി കിട്ടിയ ചുവന്ന ബാഗും ഒപ്പം കൊണ്ടുവന്നു.കണ്ടപാടെ എന്റെ പേരു വിളിച്ച് തന്റെ അമ്മക്കു വേണ്ടി ചെയ്തു കൊടുത്ത എല്ലാ നല്ല പ്രവൃത്തികള്‍ക്കും ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു. 

എനിക്കു താങ്കളെ അറിയില്ല ,പക്ഷേ സമ്മാനമായി കരുതിവച്ച ഈ ബാഗിനുള്ളില്‍ അമ്മയുടെ ചില കുറിപ്പുകള്‍ അടങ്ങിയ പുസ്തകമുണ്ട് . ഡയറിക്കുറിപ്പുകള്‍ എന്നു വിളിക്കാന്‍ ആവില്ല .കാരണം അവ എന്നെഴെുതിയെന്നോ എപ്പോള്‍ എഴുതിയെന്നോ ചേര്‍ത്തിട്ടില്ല .. പക്ഷേ അതിലെ പല വരികളിലും നിങ്ങളെ കുറിച്ചുള്ള അടയാളങ്ങളുണ്ട് . നിങ്ങള്‍ അമ്മയെ എത്ര മാത്രം സ്‌നേഹിച്ചിരുന്നുവെന്ന് ആ വരികള്‍ എനിക്ക് ബോധ്യപ്പെടുത്തി തന്നു . എന്റെ അഭാവത്തിലും എന്നെ എന്നും വാത്സല്യത്തോടെ കൂടെ കൊണ്ട് നടന്നിരുന്നുവെന്നതിന് തെളിവാണ് മറ്റു സമ്മാനങ്ങള്‍…

ബാല്യകാലത്ത് ഞാന്‍ ധരിച്ചിരുന്ന ചില കുഞ്ഞുടുപ്പുകള്‍ ,ചില കളിപ്പാട്ടങ്ങള്‍ ,കൊഴിഞ്ഞു പോയ ചില കുഞ്ഞരിപ്പല്ലുകള്‍ തുടങ്ങിയവ. സ്വന്തം അമ്മയുടെ സ്‌നേഹവും നല്ല മനസും കാണാതെ പോയതിന് ഞാന്‍ നിന്നോടും മാപ്പിരക്കുന്നു . പൊറുക്കുക. ഈ കുറിപ്പുകള്‍ നീയും വായിക്കണം. രണ്ട് ദിവസംകഴിഞ്ഞ് തിരികെ വാങ്ങിക്കൊള്ളാം.

ഇന്ന് ഞാനാ കുറിപ്പുകള്‍ വായിച്ചു. ഏറ്റവും ഒടുവിലെഴുതിയത് ഒരു മുന്നറിയിപ്പ് പോലെ ആദ്യത്തെ പേജിലാണുള്ളത്. അക്ഷരങ്ങള്‍ മുറിയുകയും നേര്‍രേഖയില്‍ നിന്നും വഴിതെറ്റിപ്പോവുകയും ചെയ്തിട്ടുണ്ട് 

എന്റെ മകന്,
നിന്നോട് നേരിട്ട് പറയാന്‍ ആഗ്രഹിച്ച ചില കാര്യങ്ങളാണ് ഇനിയുള്ള താളുകളില്‍ കുറിച്ചിരിക്കുത്. നേരിട്ട് പറയാന്‍ ആഗ്രഹിച്ചപ്പോള്‍ നീയടുത്തുണ്ടായിരുന്നില്ല .അടുത്തുണ്ടായിരുന്നപ്പോള്‍ പറയാന്‍ ഭയമായിരുന്നു .. നീ പ്രകോപിതനാകും എന്നെനിക്കുറപ്പായിരുന്നു .ജീവിതമെന്ന കണക്കുപുസ്തകത്തിന്റെ നാള്‍വഴികള്‍ കുറേയൊക്കെ എഴുതി വച്ചു. കണക്കുകൂട്ടലുകള്‍ എപ്പോഴും ശരിയാകണമെന്നില്ലല്ലോ . 

കൃത്യമായ നാളും തിയതിയും നോക്കിയല്ല എഴിതിയിരിക്കുത്. ഇനി എഴുതാനുള്ള ശേഷിയില്ല . വാചകങ്ങളുടെ ചേര്‍ച്ചക്കുറവും അക്ഷരത്തെറ്റുകളും കടന്നു കൂടിയിട്ടുണ്ടായിരിക്കാം. പ്രായക്കൂടുതലും പഠിപ്പുകുറവും ആണെന്നു കരുതിയാല്‍ മതി.

പിന്നിടുള്ള പേജുകളില്‍ മകനുള്ള ഉപദേശങ്ങള്‍. അവന്‍ നന്നായി വരണമെന്നുള്ള ആഗ്രഹം മാത്രമാണ് വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. പലയിടങ്ങളിലും സ്‌നേഹവാക്കുകള്‍ കൊണ്ടെന്നെ വീര്‍പ്പു മുട്ടിച്ചു. 

ഒരിടത്ത് ഇങ്ങനെ എഴുതി.’ നീയെനിക്ക് പിറന്നില്ലെങ്കിലും എന്റെ സ്വന്തം മകളാണ്. എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത് നീയാണ് . നിന്നെ ഞാന്‍ എന്റെ വീട്ടിലേക്ക് ക്ഷണിക്കട്ടേ . 

വീട്ടില്‍ നമ്മുടെ സാമിപ്യമുമുണ്ടെങ്കില്‍ ഞാന്‍ പറത്തിവിട്ട കിളികള്‍ തിരികെ വരും. അവറ്റകള്‍ക്ക് നമുക്കൊരുമിച്ച് തീറ്റ കൊടുക്കാം.കരിഞ്ഞുണങ്ങിയ ചെടികള്‍ക്ക് വളമിടുകയും വെള്ളമൊഴിക്കുകയും ചെയ്യാം. അവയ്ക്ക് പുതിയ നാമ്പുകള്‍ വരികയും പുഷ്പിക്കുകയും ഫലങ്ങള്‍ തരികയും ചെയ്യും.പ്രാര്‍ഥനകള്‍ ഫലിച്ചാല്‍ എന്റെ മകന്‍ നല്ലവനാകും. എങ്കില്‍ ഞാനവനെ നിനക്കു തന്നാല്‍ നീ സ്വീകരിക്കുമോ?.

ഏറ്റവും ഒടുവിലെ പേജില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു . ‘ഇന്നലെ ഞാന്‍ സ്വപ്നം കണ്ടു.അന്തിമവിധി നടപ്പിലാക്കുന്ന ദിവസം. വാനമേഘങ്ങളില്‍ മാലാഖമാര്‍ രാജവീഥിയൊരുക്കി കാവല്‍ നില്‍ക്കുന്നു .മിനുസമുള്ള മേഘശകലങ്ങള്‍ ഒഴുകി നടന്നു . പൂര്‍ണചന്ദ്രന്റെ വെണ്‍പ്രഭയില്‍ കുഞ്ഞു നക്ഷത്രങ്ങളുടെ തിളക്കത്തിന് മങ്ങലേറ്റു. 

അലങ്കാരമുത്തുകള്‍ തുന്നിപ്പിടിപ്പിച്ച നീളന്‍ കുപ്പായമിട്ട ന്യായാധിപന്‍ കല്‍പ്പിക്കുന്നു …നീയവനോട് പൊറുത്തിട്ട് എന്റെ അടുത്തേക്ക് വരിക. നിന്നെ  കാക്കാന്‍ ഞാനുണ്ട്.. ഇവിടെ വിലക്കുകളില്ല വിലക്കപ്പെട്ട കനികളുമില്ല.. ബന്ധനങ്ങളില്ല .സ്‌നേഹത്തിന്റെ കാണാച്ചരടു കൊണ്ട് ബന്ധിച്ച ആത്മാക്കളുടെ പറുദീസ മാത്രമേയുള്ളൂ. 

രണ്ട് ദിവസം കഴിഞ്ഞ് ഷോണ്‍ തിരികെയെത്തി. പുസ്തകം തിരികെ വാങ്ങിയിട്ട് പറഞ്ഞു. ‘എന്റെ കണ്ണുകള്‍ക്കു തിമിരം ബാധിച്ചിരുന്നു . ഹൃദയത്തിനു മേല്‍ പൂപ്പലും. ഈ പുസ്തകം എന്നെ പുതിയൊരു മനുഷ്യനാക്കി. കണ്ണുകള്‍ പ്രകാശിക്കുകയും ഹൃദയം സ്ഫടികപാത്രം പോലെ വെട്ടിത്തിളങ്ങുകയും ചെയ്യുന്നു . ഈ ഹൃദയത്തില്‍ നിനക്കു കൂടി ഇടം കണ്ടെത്തിയാല്‍ നീയതു സ്വീകരിക്കുമോ? ഉത്തരം ആലോചിച്ചു മാത്രം തന്നാല്‍ മതി; തിടുക്കമില്ല.
rajanഇത്തരത്തിലൊരു ചോദ്യം ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല .. അതു കൊണ്ട് തന്നെ മറുപടിയായി ‘ആലോചിക്കാം’ എന്നു മാത്രം ചുരുക്കി.പക്ഷേ തിരിഞ്ഞു നടക്കുമ്പോള്‍ എനിക്കു പ്രിയപ്പെട്ട മറ്റൊരാള്‍ പുതിയൊരു ജീവിതത്തിന്റെ പ്രവേശനകവാടം മലര്‍ക്കെ തുറക്കുന്നത് പോലെ തോന്നി….

വി ഡി രാജന്‍ 

Scroll To Top