Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ വ്യാജവിവാഹത്തിന് കൂലി 10000 യൂറോ മാത്രം,പിന്നില്‍ ഏജന്‍സികള്‍

അയര്‍ലണ്ടില്‍ വ്യാജവിവാഹത്തിന് കൂലി 10000 യൂറോ മാത്രം,പിന്നില്‍ ഏജന്‍സികള്‍

വ്യാജവിവാഹങ്ങള്‍ നടത്തിക്കൊടുക്കുന്ന ഏജന്‍സികള്‍ രാജ്യത്ത് പണം വാരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ ലാത്വിയ സ്വദേശിനികളായ സ്ത്രീകളെ വ്യാജവിവഹം ചെയ്യുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എളുപ്പത്തില്‍ യൂറോപ്യന്‍ യൂണിയന്‍ പൗരത്വം നേടാമെന്നതാണ് യൂറോപ്യന്‍ പൗരത്വമുള്ളവരെ വിവാഹം ചെയ്താലുള്ള നേട്ടം.

രാജ്യത്ത് പല ഏജന്‍സികളും വ്യാജവിവാഹങ്ങള്‍ നടത്തിക്കൊടുക്കുന്നുണ്ടെന്നും, ഇവര്‍ ഇതിനായി ഉപയോഗിക്കുന്നത് ഇംഗ്ലിഷ് പ്രാവീണ്യം കുറഞ്ഞ ഈസ്റ്റേണ്‍ യൂറോപ്യന്‍ സ്ത്രീകളെയാണെന്നും ഗാര്‍ഡ, ഇമിഗ്രേഷന്‍ കൗണ്‍സിലിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡബ്ലിനില്‍ വ്യാജവിവാഹങ്ങള്‍ നടത്തിക്കൊടുക്കുന്ന 11 അംഗ സംഘത്തെ കഴിഞ്ഞ നവംബറില്‍ ഗാര്‍ഡ പിടികൂടിയപ്പോള്‍, ഇത്തരം വിവാഹങ്ങള്‍ വഴി 20 മില്ല്യണ്‍ യൂറോയോളം ഇവര്‍ നേടിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇന്ത്യ, പാക്കിസ്ഥാന്‍, മൗറിഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പുരുഷന്മാര്‍ക്ക് വ്യാജവിവാഹത്തിനായി ഈസ്റ്റേണ്‍ യൂറോപ്പ്, പോര്‍ച്ചുഗല്‍ സ്വദേശിനികളെ ഏര്‍പ്പാടാക്കിക്കടുത്ത സംഘം 10,000 മുതല്‍ 20,000 യൂറോ വരെയായിരുന്നു ഫീസായി ഈടാക്കിയിരുന്നത്.

സാമ്പത്തികമായും സാമൂഹികമായും താഴ്ന്ന അവസ്ഥയിലുള്ള സ്ത്രീകളെ വ്യാജവിവാഹങ്ങള്‍ക്കായി അയര്‍ലണ്ടിലേയ്ക്ക് കടത്തിക്കൊണ്ടുവരികയാണ് ചെയ്യുന്നത്. ഇതില്‍ പലര്‍ക്കും പീഡനങ്ങളും, കൗമാരഗര്‍ഭധാരണവും അനുഭവിക്കേണ്ടി വരുന്നു. കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആകും ഇവരെ സാധാരണയായി ഇതിലേയ്ക്ക് തള്ളിവിടുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Scroll To Top