Saturday December 10, 2016
Latest Updates

ശാലോം ടീം നയിക്കുന്ന ‘വിക്ടറി 2015’ അയര്‍ലണ്ടിലെ നോക്ക് തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഒക്‌റ്റോബര്‍ 9 മുതല്‍

ശാലോം ടീം നയിക്കുന്ന ‘വിക്ടറി 2015’ അയര്‍ലണ്ടിലെ നോക്ക് തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഒക്‌റ്റോബര്‍ 9 മുതല്‍

ഡബ്ലിന്‍:ലോകമെമ്പാടും അനേകം മലയാളി ക്രൈസ്തവരുടെ ജീവിതത്തില്‍ ആത്മീയ ഉണര്‍വും അഭിഷേകവും പകര്‍ന്ന ‘ശാലോം വിക്ടറി’ ആദ്യമായി യൂറോപ്പില്‍ നടത്തപ്പെടുന്നു. 
ഒക്ടോബര്‍ 9, 10, 11 (വെള്ളി, ശനി, ഞായര്‍ ) തിയതികളില്‍ അയര്‍ലണ്ടിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ നോക്കില്‍ നടക്കുന്ന ഈ പ്രോഗ്രാമിന് ശാലോം മിനിസ്ട്രിയുടെ ആത്മീയ പിതാവ് ഫാ റോയ് പാലാട്ടി സി എം ഐ , ശാലോം ശുശ്രൂഷകളുടെ അമരക്കാരന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറ, യൂറോപ്പും അമേരിക്കയും ഉള്‍പ്പെടെ അനേക രാജ്യങ്ങളില്‍ അത്ഭുതകരമായ അഭിഷേക ശുശ്രൂഷകള്‍ നടത്തുന്ന ഡോ. ജോണ്‍ ഡി., ദര്‍ശന പ്രവചന വരങ്ങളാല്‍ ദൈവം കനിഞ്ഞനുഗ്രഹിച്ച ബ്ര. റെജി കൊട്ടാരം എന്നിവര്‍ നേതൃത്വം നല്കുന്നു.

യേശുവിന്റെ അനന്ത സ്‌നേഹത്തിന്റെ ആഴമനുഭവിച്ച്, പുത്തനുണര്‍വും പുതുജീവനും ഏറ്റുവാങ്ങി ക്രിസ്തുവിന്റെ സഭയെ പടുത്തുയര്‍ത്തുവാനും ലോകസുവിശേഷവല്‍ക്കരണത്തെ ശക്തീകരിക്കുവാനും പങ്കെടുക്കുന്നവരെ സജ്ജരാക്കുക എന്നതാണ് ശാലോം വിക്ടറിയുടെ ഉദ്ദേശ്യം. ഒരു സംസ്‌കാരത്തെ എങ്ങനെ സുവിശേഷവല്‍ക്കരിക്കം എന്ന സ്വപ്നം ഇവിടെ പങ്കുവയ്ക്കപ്പെടുന്നു. യേശുവിന്റെ അമൂല്യ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ഓരോരുത്തരും ഈ മണ്ണില്‍ ദൈവസ്‌നേഹവാഹകരാകേണ്ടവരാണ്. 

ഭൗതീകതയുടെ നടുവില്‍ വിശ്വാസജീവിതം നേരിടുന്ന പ്രതിസന്ധികളെ എങ്ങനെ അതിജീവിക്കാം? നമുക്കു ചുറ്റും എങ്ങനെ യേശുവിന്റെ സ്‌നേഹം പകരാം ? അനുദിന ജീവിതത്തിലെ സജീവസാന്നിധ്യമായ പരിശുദ്ധാത്മാവിന്റെ വരദാനങ്ങള്‍ എങ്ങനെയൊക്കെ ഉപയോഗിക്കാം? നിത്യജീവിതത്തിനുവേണ്ടി എങ്ങനെ ഒരുങ്ങാം? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്ന നവ്യമായ ഒരു ധ്യാനാനുഭവമാണ് ശാലോം വിക്ടറി. 

സുവിശേഷത്തിന്റെ സദ്വാര്‍ത്ത ലോകത്തെ അറിയിക്കുവാന്‍ വിളി ലഭിച്ചിരിക്കുന്ന ഓരോരുത്തരേയും പരിശുദ്ധാത്മാവിന്റെ  വരദാനങ്ങളാല്‍ നിറച്ചു ക്രിസ്തുവിന്റെ ഭൂമിയിലെ പ്രതിനിധികളാകാന്‍ പര്യാപ്തരാക്കുന്ന ‘ശാലോം വിക്ടറി 2015’ ലേക്ക് എല്ലാവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ശാലോം മിനിസ്ട്രി അറിയിച്ചു..

ഈ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ പേരു രജിസ്റ്റര്‍ ചെയ്യാനായിwww.shalomworld.org/victory എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ireland@shalomworld.org എന്ന ഇമെയിലില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക:
+353 87 717 7483 /
+353 87 911 0635 (ജിന്‍സി ജിജി)

വാര്‍ത്ത:സിനി ജോണ്‍
  

 

Scroll To Top