Saturday December 03, 2016
Latest Updates

മറ്റു രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലെത്തുന്ന ലൈംഗിക അടിമകള്‍ ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ വെളിപ്പെടുത്തുന്നു…

മറ്റു രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലെത്തുന്ന ലൈംഗിക അടിമകള്‍ ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ വെളിപ്പെടുത്തുന്നു…

ഡബ്ലിന്‍:തങ്ങള്‍ മറ്റൊരു രാജ്യത്ത് എത്തിപ്പെട്ടതു പോലുമറിയാതെ കാമക്കഴുകന്മാരുടെ വിശപ്പിന് ഇരകളാകുകയാണ് മറ്റു രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് കടത്തപ്പെടുന്ന സ്ത്രീകള്‍. ഇതില്‍ പലരെയും മാഫിയകള്‍ക്ക് വില്‍ക്കുന്നത് സ്വന്തം കുടുംബാംഗങ്ങള്‍ തന്നെയാണെന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. 2009നും 2015നുമിടയില്‍ ഇത്തരത്തില്‍ 417 പേരെയാണ് രാജ്യത്തേയ്ക്ക് വേശ്യാവൃത്തിക്കായി കടത്തിക്കൊണ്ടു പോന്നിട്ടുള്ളത് എന്നാണ് ഗാര്‍ഡയുടെ പക്കലുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളുള്ളതിനാല്‍ എണ്ണം ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ ഫ്രാന്‍സസ് ഫിറ്റ്സ്ജെറാള്‍ഡ് പറഞ്ഞു.

ലൈംഗിക അടിമകളായി രാജ്യത്തേയ്ക്ക് കടത്തപ്പെട്ടവരില്‍ 313 പേര്‍ സ്ത്രീകളാണ്. 103 പുരുഷന്മാരെയും ഇത്തരത്തില്‍ കടത്തിക്കൊണ്ടുവന്നിട്ടുണ്ട്. ഒരു ട്രാന്‍സ്ജെന്‍ഡറും ഇരകളില്‍ ഉള്‍പ്പെടുന്നു.

ഈസ്റ്റേണ്‍ യൂറോപ്പില്‍ നിന്നും ധാരാളം സ്ത്രീകളെ ഇത്തരത്തില്‍ ലൈംഗിക അടിമകളായി കടത്തിക്കൊണ്ടുവരുന്നുണ്ട്. ഇവരുടെ കുടുംബങ്ങള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവയാണ്. ഈ സ്ത്രീകള്‍ക്ക് ഇംഗ്ലിഷ് വളരെ പ്രയാസവുമാണ്. അതിനാല്‍ത്തന്നെ പുറം ലോകവുമായി ഒരു ബന്ധവും സാധ്യമാകാതെ വരുന്നു. പലര്‍ക്കും തങ്ങള്‍ മറ്റൊരു രാജ്യത്താണ് എത്തിപ്പെട്ടിരിക്കുന്നതെന്നുപോലും അറിയില്ല. പലരെയും ബന്ധുക്കളോ സുഹൃത്തുക്കളോ ആണ് കെണിയില്‍ വീഴ്ത്തിയത്.

കഴിഞ്ഞ വര്‍ഷങ്ങളിലായി നൈജീരിയയിലെ തീവ്രവാദ സംഘടനയായ ബൊക്കോ ഹറാം ഗ്രാമങ്ങളില്‍ നിന്നും മറ്റുമായി നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടു പോയിരുന്നു. ഇവരെ പിന്നീട് മറ്റ് രാജ്യങ്ങളിലേയ്ക്ക് കടത്തുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്.

ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും ഇവിടെ കാര്യമായ ശിക്ഷകളൊന്നും ആര്‍ക്കും ലഭിച്ചിട്ടില്ല. മനുഷ്യക്കടത്തിനു പകരം ഓര്‍ഗനൈസ്ഡ് പ്രോസ്റ്റിറ്റിയൂഷന്‍ എന്ന തരത്തിലാണ് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്. അതിനാല്‍ ലഭിക്കുന്ന ശിക്ഷയും കുറയുന്നു.

പ്രശ്നത്തെ നേരിടാന്‍ പുതിയ പദ്ധതികളാവിഷ്‌കരിക്കുമെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ ഫിറ്റ്ജെറാള്‍ഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇതിനായി പൊതുജനങ്ങളും സര്‍ക്കാരിനെയും ഗാര്‍ഡയെയും സഹായിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Scroll To Top