Monday April 24, 2017
Latest Updates

അയര്‍ലണ്ടിലെ കുട്ടികളെ അപകടപ്പെടുത്താന്‍ കാത്തിരിക്കുന്ന സൈറ്റുകളെപ്പറ്റി ഗാര്‍ഡ മുന്നറിയിപ്പ്

അയര്‍ലണ്ടിലെ കുട്ടികളെ അപകടപ്പെടുത്താന്‍ കാത്തിരിക്കുന്ന സൈറ്റുകളെപ്പറ്റി ഗാര്‍ഡ മുന്നറിയിപ്പ്

ഡബ്ലിന്‍:കുട്ടികളോട് സ്വകാര്യ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാനും, നേരിട്ട് കാണാനും ആവശ്യപ്പെട്ട് അപകടപ്പെടുത്താന്‍ കാത്തിരിക്കുന്ന ഓണ്‍ലൈന്‍ സൈറ്റുകളെപ്പറ്റി ഗാര്‍ഡയുടെ മുന്നറിയിപ്പ്. കുട്ടികളെ ഇക്കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ രക്ഷിതാക്കള്‍ ശ്രമിക്കണമെന്നും ഈയിടെ രൂപീകരിച്ച ഗാര്‍ഡ നാഷണല്‍ പ്രൊട്ടക്ടീവ് സര്‍വീസസ് ബ്യൂറോ (GNPSB) തലവന്‍ ഡിറ്റക്ടീവ് സൂപ്രണ്ട് ഡെക്ലാന്‍ ഡാലി പറഞ്ഞു. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് തടയിടുകയാണ് ബ്യൂറോയുടെ ലക്ഷ്യം. യുഎസിലെ എഫ്ബിഐ, ഇന്റര്‍പോള്‍, യൂറോപോള്‍ എന്നിവയുമായി സഹകരിച്ചാണ് ബ്യൂറോ പ്രവര്‍ത്തിക്കുന്നത്.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ കാത്തിരിക്കുന്ന നിരവധി പേര്‍ ഇന്റര്‍നെറ്റ് ലോകത്തുണ്ട്. തങ്ങളുടെ നഗ്‌ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പരിചയപ്പെടുന്ന അപരിചിതര്‍ക്ക് അയച്ചുകൊടുക്കുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നതായി ഡാലി പറഞ്ഞു. ഇത് ആശങ്കയുളവാക്കുന്നതാണ്. കുട്ടികള്‍ സെല്‍ഫി ഫോട്ടോകളെടുക്കുകയാണ് ഇത്തരം കേസുകളില്‍ ചെയ്യുന്നത്.

ഇന്റര്‍നെറ്റില്‍ പരിചയപ്പെടുന്നരുടെ യഥാര്‍ത്ഥ വ്യക്തിത്വം കുട്ടികള്‍ക്കറിയില്ല. തങ്ങളെപ്പോലെ കുട്ടികളാണ് മറുതലയ്ക്കലെന്നാണ് പലരും വിചാരിക്കുന്നത്. എന്നാല്‍ പലപ്പോഴും കുട്ടികളെ വലവീശിപ്പിടിക്കാന്‍ കാത്തിരിക്കുന്ന ചൂഷകരാകും കുട്ടികളെന്ന നാട്യേന ഓണ്‍ലൈനിലെത്തുന്നത്. ഈമെയില്‍ വഴിയാണ് മിക്കവാറും ഫോട്ടോകള്‍ അയച്ചു നല്‍കുന്നത്. ഈയിടെ നടത്തിയ ഒരു പഠന പ്രകാരം നാലില്‍ ഓരോ കുട്ടി വീതെ ഇന്റര്‍നെറ്റില്‍ അപരിചിതരുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഒരു മുതിര്‍ന്ന പുരുഷന്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയായി നടിച്ച് ആണ്‍കുട്ടികളുടെ നഗ്‌ന ഫോട്ടോകള്‍ ആവശ്യപ്പെടും. സംശയം തോന്നാത്തതിനാല്‍ ആണ്‍കുട്ടികള്‍ ഫോട്ടോ അയച്ചു നല്‍കുകയും ചെയ്യും. ഇതേ കാര്യം പെണ്‍കുട്ടികള്‍ക്കിടയിലും സംഭവിക്കുന്നുണ്ട്. ഓണ്‍ലൈന്‍ വഴിയുള്ള ഇത്തരം പരിചയപ്പെടലുകളും, ഫോട്ടോ കൈമാറലുമെല്ലാം നാലോ അഞ്ചോ ചോദ്യങ്ങള്‍ക്കുള്ളില്‍ തന്നെ നടക്കുന്നു എന്നതും ആശങ്കയുളവാക്കുന്നതാണ്. പരിചയം നേരിട്ട് കാണുന്ന ഘട്ടത്തിലേയ്ക്കും നയിക്കുന്നു. പേര്, പ്രായം, ലിംഗം, സ്ഥലം എന്നിവയെപ്പറ്റി മാത്രം അറിഞ്ഞുകൊണ്ട് പലരും സ്വകാര്യ വിവരങ്ങള്‍ വരെ പങ്കുവയ്ക്കുന്നു. ഇത് സെക്സ് ചാറ്റിലേ്ക്ക് എത്തിക്കുന്നു.ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന ചാറ്റിങിനൊടുവില്‍ ഇവര്‍ നഗ്നചിത്രങ്ങള്‍ക്ക് പ്രതിഫലമായി പണം ആവശ്യപ്പെടുന്ന സംഭവങ്ങള്‍ അയര്‍ലണ്ടില്‍ നിത്യ സംഭവമായിരിക്കുകയാണ്.

ഗാര്‍ഡയുടെ നിരീക്ഷണം ഉണ്ടാകുമെങ്കിലും, ഇന്റര്‍നെറ്റ് എന്ന മായികലോകത്തു നിന്നും കുട്ടികളെ യഥാര്‍ത്ഥ ലോകത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവരികയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടതെന്ന് സൂപ്രണ്ട് ഡാലി വ്യക്തമാക്കി. രക്ഷിതാക്കളും കുട്ടികളും തമ്മില്‍ തറന്ന സംഭാഷണങ്ങള്‍ നടത്തണം. അതേസമയം അപരിചിതരുമായി ഇന്റര്‍നെറ്റിലൂടെയും മറ്റും ബന്ധപ്പെടുന്നതിന് കുട്ടിയെ കുറ്റപ്പെടുത്താതെ അതിന്റെ ദൂഷ്യഫലങ്ങള്‍ പറഞ്ഞു മനസ്സിലാക്കണം. രക്ഷിതാക്കളോട് എന്തും തുറന്നു പറയാനുള്ള ധൈര്യം കുട്ടിക്ക് നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐറിഷ് മലയാളി ന്യൂസ്

Scroll To Top