Sunday September 24, 2017
Latest Updates

സെക്‌സും സദാചാരതൊഴിലാളികളും !! (കാഴ്ചകള്‍-സെബി സെബാസ്റ്റ്യന്‍ )

സെക്‌സും സദാചാരതൊഴിലാളികളും !! (കാഴ്ചകള്‍-സെബി സെബാസ്റ്റ്യന്‍ )

കേരളകരയില്‍ ആകമാനമുള്ള സദാചാരസംരക്ഷണതിന്റെ കുത്തക അവകാശം ഏറ്റെടുത്തുകൊണ്ട് ഒരുപറ്റം ആങ്ങളമാര്‍ രംഗ പ്രവേശം ചെയ്തിരിക്കുന്ന കാലഘട്ടമാണിത്.അസാന്മാര്‍ഗികപ്രവണതകള്‍ എവിടെ കണ്ടാലും ധര്‍മസംസ്ഥാപനത്തിനായി കുറുവടികളുമായി ഇവര്‍ ഓടിയെത്തും!! (ലൈംഗീക ധാര്‍മികത മാത്രമേ ഇവര്‍ സംരക്ഷിക്കു , മറ്റൊന്നും ഇവരോടു പറയരുത്! ) 

നമ്മുടെ പെണ്‍മക്കള്‍ക്കോ,സഹോദരിമാര്‍ക്കോ,ഭാര്യക്കോ ഷോപ്പിങ്ങിനു പോകണമെങ്കിലൊ ഒരു സെക്കണ്ട്‌ഷോ സിനിമക്ക് പോകണമെങ്കിലൊ ഈ ‘സദാചാര അങ്ങളമാരെ കൂട്ടി വിട്ടാല്‍ മതി.ഒരു പോറല്‍ പോലും ഏല്‍പിക്കാതെ സംരക്ഷിച്ചു വീട്ടില്‍ തിരിച്ചു കൊണ്ടുവരും.. അതിനു ഈ സദാചാര തൊഴിലാളികള്‍ക്ക് പ്രത്യക കൂലി കൊടുക്കണ്ട.ഒരു കട്ടന്‍ ചായ കൊടുത്തല്‍ ധാരാളം!! ഇല്ലെങ്കില്‍ നന്ദിയും വാങ്ങി പൊയ്‌കൊള്ളും! അന്യ സ്ത്രീകളെ ലൈംഗീകതാല്‍പര്യത്തോടെ ജീവിതത്തില്‍ ഇന്നേ വരെ നോക്കിയിട്ടില്ലാത്ത പ്രത്യകതരം ആങ്ങളമാരണിവര്‍! 

ഇനി കാര്യത്തിലേക്ക് വരാം.സ്ത്രീ പുരുഷസ്വാതന്ത്ര്യത്തില്‍ ഒരു വിപ്ലവകാലഘട്ടതിലുടയാണ് കേരളം കടന്നുപോയ്‌കൊണ്ടിരിക്കുന്നത് .ഒരു വശത്ത് സ്വതന്ത്ര്യദാഹികളായ പുരോഗമനവാദികളും മറു വശത്ത്പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന സങ്കുചിത ചിന്താഗതിക്കാരും അണിനിരന്നു കഴിഞ്ഞു. ഇരുകൂട്ടരിലും ശരികളും ശരികേടുകളും ഉണ്ട്.100 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിചിരുന്നതുപോലെ നമ്മള്‍ ഇന്ന് ജീവിക്കണം എന്ന് വാശിപിടിക്കുന്നത് മണ്ടത്തരമാണ്.മാറ്റങ്ങള്‍ക്കു വിധേയമാകത്തതൊന്നും കാലാന്തരത്തില്‍ നിലനില്ക്കുകയില്ല. കാലഘട്ടതിനനുസരിച്ചു മാറ്റങ്ങള്‍ ഉണ്ടായേ തീരു.എന്നാല്‍ സ്ത്രീ പുരുഷ ബന്ധത്തിലെ സ്വാതന്ത്ര്യത്തില്‍ സെക്‌സിനും സദാചാരത്തിനും ഇടയിലുള്ള അതിര്‍ത്തി എവിടെ വരയ്ക്കും എന്നതാണ് തര്‍ക്കവിഷയം.

പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഉഭയസമ്മതപ്രകാരാം ഒരുമിച്ചു സഞ്ചരിക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യയില്‍ ഉണ്ട്.എന്നാല്‍ പൊതു സ്ഥലങ്ങളില്‍ ഒരു നിയന്ത്രണവുമില്ലതെ പരസ്യമായി ലൈംഗീകഇടപഴകലുകള്‍ നടത്തുന്നത് അനുവദിച്ചാല്‍ അത് കാണുന്ന കുട്ടികള്‍ ഏതു തരക്കാരായി മാറും എന്ന് കൂടി ചിന്തിക്കണം.വിവേകമുറക്കാത്ത കുട്ടികളെ ഏതു സമൂഹവും കരുതലോടെ കാണണം.എന്നാല്‍ രഹസ്യസ്ഥലങ്ങളില്‍ നടക്കുന്ന ഇടപഴകലുകള്‍ എത്തിനോക്കി അവിടെ സദാചാരം നടപ്പാക്കാന്‍ നമുക്ക് എന്താണ് അവകാശം? പെണ്‍കുട്ടികള്‍ സെക്‌സ് റാക്കറ്റുകളില്‍ പെടാതിരിക്കാനും ചൂഷണത്തിന് വിധേയരാവതിരിക്കനുമാണ് ഈ ജാഗ്രത കൈകൊള്ളുന്നത് എന്നാണ് സദാചാരവാദികളുടെ വാദം.പക്ഷെ അതിനിവിടെ നിയമവും പോലീസുമുണ്ട്.വ്യക്തിസ്വാതന്ത്ര്യത്തില്‍ കടന്നു കയറി ശാരിരികമായി ആക്രമിക്കുന്ന കാടത്തം ഒരിക്കലും പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല .എത്ര അണകെട്ടി തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചാലും , കേരളം പോലുള്ള ചിന്താശക്തിയുള്ള സമൂഹത്തില്‍ സ്വതന്ത്ര്യവാദികള്‍ക്ക് തന്നെയായിരിക്കും അന്തിമവിജയം .

താഴ്ന്ന ജാതിയില്‍ പെട്ട സ്ത്രീകള്‍ക്ക് മാറ് മറക്കണമെങ്കില്‍’ മുലക്കരം ‘വേണ്ടിയിരുന്ന നാടാണിത്.ദരിദ്രര്‍ക്ക് അതിനുള്ള പണമുണ്ടാവില്ലെന്നു ഈ നിയമം ഉണ്ടാക്കിയ ഉന്നതകുലത്തില്‍ പെട്ട കാമവീരന്മാര്‍ക്കറിയാമായിരുന്നു ! നാട് നീളെ സംബന്ധം ഉണ്ടായിരുന്ന നബൂതിരികളുടെ നാടായിരുന്നു ഇത്! തന്നെക്കാള്‍ ഉയര്‍ന്ന ജാതിയില്‍ പെട്ട പുരുഷന്‍ ആഗ്രഹിച്ചാല്‍ അയാള്‍ക്ക് വേണ്ടി പാവിരിച്ചു കൊടുക്കേണ്ട സ്ത്രീകളുടെ നാടായിരുന്നു ഇത്!

മരണവും മര്‍ദനവും ഭയന്ന് പാവം സ്ത്രീകള്‍ ഇതിനെല്ലാം കീഴടങ്ങിപോന്നു. അങ്ങനെ കാമഭ്രാന്തര്‍ അരങ്ങു വാണിട്ടും തകരാതിരുന്ന സദാചാരം ഇപ്പോള്‍ സ്ത്രീയുടെ സമ്മതത്തോടെയോ,നിയമ വിധേയമായോ രണ്ടു പേര്‍ സ്‌നേഹം പങ്കിട്ടാല്‍ തകര്‍ന്നടിയുമോ ?അധുനിക സദാചാര വാദികള്‍ പോയി ചരിത്രം പഠിക്കട്ടെ.തങ്ങളുടെ പിതാമാഹരുടെ സദാചാരവും പാരമ്പര്യവും വായിച്ചു മനസിലാക്കട്ടെ .ലൈംഗീക ദാരിദ്ര്യം കൊണ്ട് മനോനില തെറ്റി പോയ തെമ്മാടികൂട്ടങ്ങള്‍ ആകരുത് !

രാത്രിയില്‍ സഹോദരിയുമൊത്തു ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ സഹോദരിയാണ് എന്നതിന്റെ തെളിവ് ചോദിക്കുന്ന സദാചാരത്തിന്റെ മൊത്തകച്ചവടക്കാര്‍ നാടിനാപത്താണ് .ഈ സദാചാര ആങ്ങളമാരെ കെട്ടഴിച്ചു വിട്ടാല്‍ നാളെ അവര്‍ സാദാചാരത്തിന്റെ മറ്റൊരു അധ്യായം നമ്മെ പഠിപ്പിക്കും .ഏതു രൂപത്തിലുള്ള ഫാസിസവും ചെറുക്കപ്പെടെണ്ടതാണ് .നമ്മള്‍ എന്ത് ധരിക്കണമെന്നും അരൊട് ഇടപഴകണമെന്നും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഇന്ന് നമ്മളില്‍ നിന്നു കവര്‍നെടുക്കാന്‍ ശ്രമിക്കുന്ന ഇക്കൂട്ടര്‍ നാളെ നമ്മുടെ മറ്റു സ്വതന്ത്ര്യങ്ങളും ഒന്നന്നായി കവര്‍ന്നെടുക്കാന്‍ ശ്രമിക്കും.

seby s ”സെക്‌സ്’ എന്നത് വെറുക്കപ്പെടെണ്ട പദമല്ല.എന്നാല്‍ ‘ഫാസിസം’ വെറുക്കപ്പെടെണ്ട പദമാണ് .സ്വാതന്ത്ര്യവും അതോടൊപ്പം തന്നെ വിവേകവും ഉള്ളിടത് സദാചാരവാദികള്‍ക്ക് പ്രസക്തിയില്ല 

സെബി സെബാസ്റ്റ്യന്‍ celbridge

Scroll To Top