Wednesday February 22, 2017
Latest Updates

കശ്മീര്‍ വീണ്ടും പ്രളയ ഭീതിയില്‍; പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

കശ്മീര്‍ വീണ്ടും പ്രളയ ഭീതിയില്‍; പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ശ്രീനഗര്‍: കശ്മീര്‍ വീണ്ടും പ്രളയ ഭീതിയില്‍. ഇന്നലെ മുതല്‍ തുടരുന്ന കനത്തമഴയില്‍ നദിയിലെ ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നതിനാല്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നദിയുടെ തീരത്തുളളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി. കനത്ത മഴയെത്തുടര്‍ന്ന് ജമ്മുശ്രീനഗര്‍ ദേശീയ പാത അടച്ചു. ഒരാഴ്ച കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന.

കശ്മീര്‍ താഴ്‌വരയിലെ പല സ്ഥലങ്ങളിലും വെള്ളം കയറി കിടക്കുകയാണ്. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും പലയിടത്തും റോഡ് ഗതാഗതവും വൈദ്യുതി ബന്ധവും തകരാറിലാക്കി. ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങളോട് പരിഭ്രാന്തരാകേണ്ടെന്നും ആവശ്യമായ നടപടികള്‍ കൈകൊള്ളുമെന്നും ജമ്മു കശ്മീര്‍ ജലവിഭവവകുപ്പ് മന്ത്രി അബ്ദുള്‍ മജീദ് പദാര്‍ പറഞ്ഞു.

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. പ്രളയത്താല്‍ ബാധിതരായ മുഴുവന്‍ ആളുകള്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് മുഫ്തി മുഹമ്മദ് സെയ്ദ് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കി. കശ്മീരിന്റെ താഴ്‌വര പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ആളുകള്‍ക്ക് സഹായം എത്തിക്കുന്നതിനായി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനം പഞ്ചാബില്‍നിന്നും പുറപ്പെട്ടു. കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ഇന്ന് ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം.

കശ്മീരിലെ ബുഡ്ഗാം ജില്ലയിലെ ചഡൂരയില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി പോയി. 16 ഓളം ആളുകള്‍ ഇതിനുള്ളില്‍ അകപ്പെട്ട് പോയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരായി ദേശീയ ദുരന്ത നിവാരണ സേന പ്രദേശത്ത് എത്തി. ഇവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ച്ചയോളം നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ള മഴ കശ്മീരിനെ വീണ്ടും ദുരന്തകയമാക്കും.

2014 സെപ്തംബറില്‍ ജമ്മു കശ്മീരിലുണ്ടായ പ്രളയത്തില്‍ മുന്നൂറോളം പേര്‍ മരിക്കുകയും ആയിരത്തിലധികം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തിരുന്നു.

Scroll To Top