Sunday August 20, 2017
Latest Updates

അപൂര്‍വമായ ഒരു സമ്മേളനത്തിന് താല ഒരുങ്ങി

അപൂര്‍വമായ ഒരു സമ്മേളനത്തിന് താല ഒരുങ്ങി

 ഡബ്ലിന്‍:നഗരത്തിലെ മലയാളി സമൂഹം ഇന്ന് (ശനിയാഴ്ച്ച)വൈകിട്ട് ഒന്നിച്ചു ചേരുന്നത് അപൂര്‍വമായ ഒരു സമ്മേളനത്തിനാണ്.അയര്‍ലണ്ടിലെ കുടിയേറ്റസമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന രണ്ടു വ്യക്തിത്വങ്ങള്‍ക്ക് കൃതജ്ഞത അര്‍പ്പിക്കാനുള്ള അവസരമായാണ് സംഘാടകര്‍ സമ്മേളനത്തെ കാണുന്നത്.

കഴിഞ്ഞ ദശകത്തില്‍ അയര്‍ലണ്ടില്‍ ആദ്യത്തെ മലയാളി കുടിയേറ്റക്കാരില്‍ ഒരാളായ ബെന്നി മുഞ്ഞേലി 2000-2001 കാലഘട്ടം മുതല്‍ അയര്‍ലണ്ടില്‍ മലയാളികള്‍ക്ക് അവസരം ഒരുക്കുന്നതില്‍ മുന്നിട്ടു പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ്.നൂറു കണക്കിന് നഴ്‌സുമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അയര്‍ലണ്ടില്‍ എത്തുവാന്‍ ഇദ്ദേഹവും ബേബി പെരെപ്പാടനും അടക്കമുള്ള ആദ്യകാല കുടിയേറ്റ സംഘം നല്കിയ പിന്തുണ പിന്നീട് മലയാളി സമൂഹത്തിന്റെ അയര്‍ലണ്ടിലേയ്ക്കുള്ള കുടിയേറ്റത്തിന് സഹായകമായി.വെറും ഏഴു പേരില്‍ 15 വര്‍ഷം മുമ്പ് ആരംഭിച്ച ജോലിക്ക് വേണ്ടിയുള്ള കുടിയേറ്റം ഇപ്പോള്‍ ആയിരക്കണക്കിന് പേര്‍ക്കുള്ള വഴിത്താരയായി.അയര്‍ലണ്ടില്‍ എത്തി ഇവിടുത്തെ കാര്യക്രമങ്ങള്‍ പഠിച്ചതനുസരിച്ച് കേരളത്തില്‍ നിന്നും വന്നവര്‍ക്ക് പകര്‍ന്നുനല്‍കിയെന്നത് നിസാര കാര്യമൊന്നുമല്ല.അങ്കമാലി മേഖലയില്‍ നിന്നും മാത്രം ഉണ്ടായ കുടിയേറ്റം പിന്നീട് കേരളത്തില്‍ ഒട്ടാകെ വ്യാപിക്കുകയും ചെയ്യുന്നതിന് ഇത് വഴിയൊരുക്കി.

ഐറിഷ് നഴ്‌സിംഗ് ബോര്‍ഡില്‍ ആദ്യമായി രജിസ്‌ട്രേഷന്‍ നേടിയ രണ്ടു മലയാളികളില്‍ ഒരാളായി രജിസ്റ്റര്‍ ചെയ്ത ഭാര്യ റീന തോമസിന് ഒപ്പം (മറ്റേയാള്‍ ജിന്‍സി മാത്യുവാണ് ) അയര്‍ലണ്ടില്‍ എത്തിയ ബെന്നി മുഞ്ഞേലി അക്കാര്യങ്ങള്‍ ഓര്‍മ്മിച്ചെടുക്കുന്നത് ഇങ്ങനെ:

പ്പോള്‍ ഓര്‍ക്കുമ്പോള്‍ അതൊരു അത്ഭുതമാണ്.പരിചയക്കാര്‍ ആരുമില്ലാത്ത ഒരു സ്ഥലത്ത് വന്ന് അദ്ദ്യം താമസിക്കാന്‍ തുടങ്ങുമ്പോള്‍ തെല്ലു പരിഭ്രമം ഉണ്ടായിരുന്നു.അയര്‍ലണ്ടില്‍ പണ്ട് മുതലേ ജോലി ചെയ്തു വന്ന ഏതാനം ഡോക്ടര്‍മാരൊഴികെ അധികമാരും മലയാളികളായി ഉണ്ടായിരുന്നില്ല.ഏതാനം മാസങ്ങള്‍ക്ക് മുമ്പേ ടെമ്പിള്‍ സ്ട്രീറ്റ് ആശുപത്രിയില്‍ ജോലിയ്ക്കായെത്തിയ ഏഴോളം മലയാളികളാണ് ഡബ്ലിന്‍ നഗരത്തിലെ മലയാളി സാന്നിധ്യമായി ആകെ ഉണ്ടായിരുന്നത്.നഴ്‌സുമാരായി ആദ്യം രജിസ്‌ട്രേഷന്‍ ലഭിക്കാഞ്ഞതിനാല്‍ അവര്‍ കെയറര്‍മാരായി ജോലി ചെയ്തു വരികയായിരുന്നു’.

‘ജോലിയുള്ളവരുടെ പങ്കാളികള്‍ക്ക് ജോലി കിട്ടാന്‍ ആദ്യ കാലത്ത് ഒരു സാധ്യതയും ഇല്ലായിരുന്നുവെന്നതാണ് ഏറെ പ്രശ്‌നമായത്.’കിട്ടിയ ജോലി ഒരു സ്ഥാപനത്തിലെ ചരക്ക് കയറ്റിയിറക്ക് ജോലിയാണ്.അക്കാലത്ത് ആ വലിയ സ്ഥാപനത്തിലെ ലിഫ്റ്റില്‍ ആരും കാണാതെയിരുന്നു കരഞ്ഞിട്ടുണ്ട് ഞാന്‍!.28 മത്തെ വയസില്‍ കേരളത്തിലെ ഏറ്റവും പ്രശസ്തമായ അങ്കമാലി പള്ളിയുടെ ട്രസ്റ്റിയായി ദൈവം നിയോഗിച്ച എന്നെ ഇവിടെ ഈ മഞ്ഞിലും ശീതക്കാറ്റിലും എന്തിനാണ് കൊണ്ട് വന്നതെന്ന് പല തവണ ചോദിച്ചു.’

‘പൊതുപ്രവര്‍ത്തനം കൊണ്ട് നാട്ടുകാര്‍ക്ക് ഗുണം ഉണ്ടാകണം.ഇല്ലെങ്കില്‍ അതിനു പോകരുതെന്നാണ് എന്റെ അഭിപ്രായം.അയര്‍ലണ്ടില്‍ എത്തിയപ്പോള്‍ ഏറ്റവും സങ്കടപ്പെടത് നാട്ടിലെ പൊതു സാമൂഹ്യ ബന്ധങ്ങള്‍ അകലങ്ങളിലായി പോകുമല്ലോ എന്നോര്‍ത്താണ്.എന്നാല്‍ വ്യാപാര സ്ഥാപനത്തിലെ ജോലിക്കിടയില്‍ അതിനുള്ള അവസരം കണ്ടെത്തണം എന്ന ആഗ്രഹത്തില്‍ നിന്നാണ് നാട്ടിലെ സുഹൃത്തുക്കളുടെ കുടുംബങ്ങളിലെ നഴ്‌സുമാരെ അയര്‍ലണ്ടില്‍ എത്തിക്കാന്‍ ശ്രമം നടത്തിയത്.എല്ലാ സ്ഥലത്തും ജോലി ഒഴിവുകള്‍ ധാരാളം ഉള്ള കാലമായിരുന്നു അത്’.
‘ഭാഷ അത്രയ്ക്ക് വശമോന്നും ഇല്ലായിരുന്നെങ്കിലും നഴ്‌സിംഗ് ഹോമുകള്‍ കയറിയിറങ്ങി ഒഴിവുകള്‍ കണ്ടെത്തി മലയാളികള്‍ക്ക് അവസരം ഒരുക്കി.സ്വന്തമായി കാറ് പോലും ഉണ്ടായിരുന്നില്ല ആദ്യത്തെ രണ്ടു വര്‍ഷം.പരിമിതമായ ബസുകളില്‍ കയറിയായിരുന്നു യാത്ര. നാട്ടില്‍ നിന്നുമെത്തുന്നവരെ കൊണ്ടുവരാന്‍ എയര്‍ പോര്‍ട്ടില്‍ പോയിരുന്നത് പോലും ബസില്‍ ആയിരുന്നു.ലഗേജുകള്‍ കയറ്റി വീണ്ടും ബസില്‍ തന്നെ യാത്ര.അങ്ങനെ നിരവധി അനവധി കുടുംബങ്ങളെ ആദ്യ കാലഘട്ടത്തില്‍ സഹായിക്കാനായി. അതൊരു സാമൂഹ്യ പ്രവര്‍ത്തനമായിരുന്നു ആദ്യമൊക്കെ. പിന്നീട് നിലവിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് പൂര്‍ണ്ണസമയം റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതോടെ സര്‍വീസ് ചാര്‍ജ് തരാന്‍ പലരും സന്നദ്ധരായി.’

‘ഇതിന്റെ പേരിലും പലരും പഴിക്കുന്നുണ്ട്.പിന്നീട് ഒരിക്കല്‍ കൊച്ചിയില്‍ നിന്നും ഡബ്ലിനിലേയ്ക്ക് വരുമ്പോള്‍ അടുത്തിരുന്നയാള്‍ ആളറിയാതെ ‘ബെന്നി മുഞ്ഞേലിയുടെ’കുറ്റം പറഞ്ഞത് മണിക്കൂറുകളോളമാണ്.ഡബ്ലിനില്‍ എത്തിയപ്പോഴാണ് അയാള്‍ക്ക് മനസിലായത് താന്‍ ഇത്രയും നേരം കുറ്റം ആരോപിച്ചയാള്‍ തന്റെ ശ്രോതാവ് തന്നെയായിരുന്നുവെന്ന്.ഇന്നയാള്‍ എന്റെ ഏറ്റവും സുഹൃത്താണ്’. 

ഡബ്ലിനിലെ സീറോ മലബാര്‍ സഭയുടെയും അയര്‍ലണ്ടിലെ ആദ്യ കാലത്തുണ്ടായ കലാ സാംസ്‌കാരിക സംഘടനകളുടെയും ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ സജീവ ഭാഗഭാഗിത്വം വഹിക്കുവാന്‍ കഴിഞ്ഞുവെന്നത് ഒരു ഭാഗ്യമായാണെന്നും ഇദ്ദേഹം കരുതുന്നു.

അയര്‍ലണ്ടിലെ പ്രവര്‍ത്തനമേഖല വിട്ട് കേരളത്തിലേയ്ക്ക് തിരിച്ച് പോകാനുള്ള തീരുമാനം ജന്മനാടിന്റെ വളര്‍ച്ചയില്‍ പങ്കാളിയാവാനുള്ള ഉറച്ച വിശ്വാസത്തോടെയായിരുന്നു.അത് പിഴച്ചുമില്ല.അങ്കമാലിയിലെ ജനങ്ങള്‍ കൌണ്‍സിലര്‍ സ്ഥാനത്തേയ്ക്ക് മാത്രമല്ല,പിന്നീട് നഗരത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്കും എത്തിച്ചത് വികസന കാഴ്ച്ചപ്പാടില്‍ ബെന്നി മുഞ്ഞേലി പുലര്‍ത്തിയ പ്രത്യേകതകള്‍ കണ്ടറിഞ്ഞു തന്നെയായിരിക്കണം.
ജനതാദളിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ മുഞ്ഞേലി ഇത്തവണ അയര്‍ലണ്ടില്‍ വീണ്ടും എത്തുമ്പോഴും പഴയ സുഹൃത്തുക്കളെ മാത്രം കാണാനുള്ള അവസരമായല്ല അതിനെ കാണുന്നത്,’അയര്‍ലണ്ടില്‍ പ്രാവര്‍ത്തികമാക്കി വരൂന്ന നിരവധി വികസന മാതൃകകള്‍ ഇവിടെ ആയിരിക്കുമ്പോള്‍ തന്നെ എന്നെ ആകര്‍ഷിച്ചിട്ടുണ്ട്.ഒന്നാമതായി ഇവിടുത്തെ നഗരങ്ങളിലെ വൃത്തിയും ശുചിത്വവും തന്നെ. കൌണ്ടി കൌണ്‍സിലുകള്‍ മേല്‍നോട്ടം മാത്രമേ വഹിക്കുന്നുള്ളുവെങ്കിലും എത്ര സുന്ദരമായാണ് ഇവിടുത്തെ പ്രദേശങ്ങള്‍ സംരക്ഷിക്കപ്പെടുന്നത്.അതിന്റെ രഹസ്യം അറിയാനാണ് സിറ്റി കൌണ്‍സിലുകള്‍ ഇത്തവണ കയറിയിറങ്ങിയത്.സ്വകാര്യ സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്ന മാലിന്യ സംസ്‌കരണം കൃത്യമായും നിര്‍വഹിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക മാത്രമാണ് കൌണ്‍സിലുകള്‍ ഇവിടെ ചെയ്യുന്നതുള്ളൂ.അതിനായി കൌണ്‍സിലുകള്‍ നടപ്പാക്കുന്ന രീതികളും,നിയന്ത്രണമാര്‍ഗങ്ങളും അനുവര്‍ത്തിച്ചാല്‍ നമ്മുടെ നാട്ടിലും ഇതൊക്കെ പ്രാവര്‍ത്തികമാക്കാവുന്നതെയുള്ളൂവെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

ഇന്ന് (ജൂണ്‍ 20 ശനിയാഴ്ച്ച) ഉച്ചകഴിഞ്ഞ് 2.30 ന് താലയിലെ സ്പ്രിംഗ് ഫീല്‍ഡ് സെന്റ് മാര്‍ക്ക് പള്ളിയ്ക്ക് സമീപമുള്ള സ്‌കൌട്ട് സെന്ററിലാണ് ഫാ. ആന്റണി നല്ലൂക്കുന്നേലിനും ബെന്നി മുഞ്ഞേലിയ്ക്കും സ്വീകരണം ഒരുക്കിയിരിക്കുന്നത്. 

കഴിഞ്ഞ 9 വര്‍ഷക്കാലം അയര്‍ലണ്ടിന്റെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ഫാ.ആന്റണി നല്ലൂക്കുന്നേല്‍ ഈ മാസം അവസാനമാണ് ഡബ്ലിന്‍ നഗരത്തോട് യാത്ര പറയുന്നത്.ഡബ്ലിനിലെ ഫെയര്‍ വ്യൂ പള്ളി വികാരിയായ ഫാ.ആന്റണിയുടെ അഭാവം ഡബ്ലിനിലെ മലയാളികള്‍ക്ക് തീര്‍ച്ചയായും ഒരു നഷ്ട്ടമാവും.ഏത് സാംസ്‌കാരിക പരിപാടികളിലും പങ്കെടുത്ത് അയര്‍ലണ്ടിലെ മലയാളി സമൂഹത്തിനു നേതൃത്വം നല്‍കാന്‍ ഓടിയെത്തുന്ന ഈ പ്രഭാഷകന്‍ അയര്‍ലണ്ടിലെ മലയാളി യുവജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഉപദേശകന്‍ കൂടിയാണ്.ജീസസ് യൂത്ത് എന്ന കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായി തുടരവെയാണ് റോമിലേയ്ക്ക് സ്ഥലം മാറുന്നത്. 

അയര്‍ലണ്ടിന്റെ മലയാളി കുടിയേറ്റക്കാര്‍ക്കിടയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇരുവര്‍ക്കും ഡബ്ലിന്‍ മലയാളി പൗരാവലി ഒരുക്കുന്ന സമ്മേളനത്തില്‍ മുന്‍ റ്റി ഡി കൂടിയായ ചാര്‍ളി ഒ’ക്കോണര്‍ അടക്കം ഐറിഷ്ഇന്ത്യന്‍ സമൂഹത്തിലെ വിവിധ സംഘടനാ പ്രതിനിധികളും വ്യക്തികളും ആശംസകള്‍ നേര്‍ന്നു സംസാരിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് :0877850505,0892075092

Scroll To Top