Thursday December 08, 2016
Latest Updates

അയര്‍ലണ്ടിലെ പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേയ്ക്ക് അയച്ചത് 85 മില്യണ്‍ യൂറോ,ജന്മനാട്ടിലേക്ക് പണം കൈമാറുന്നതില്‍ ഒന്നാം സ്ഥാനം നൈജീരിയക്കാര്‍ക്ക് 

അയര്‍ലണ്ടിലെ പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേയ്ക്ക് അയച്ചത് 85 മില്യണ്‍ യൂറോ,ജന്മനാട്ടിലേക്ക് പണം കൈമാറുന്നതില്‍ ഒന്നാം സ്ഥാനം നൈജീരിയക്കാര്‍ക്ക് 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ നിന്നും കുടിയേറ്റ തൊഴിലാളികള്‍ കഴിഞ്ഞ വര്‍ഷം മാതൃരാജ്യങ്ങളിലേക്കയച്ചത് 1.3ബില്യണ്‍ ഡോളര്‍ (1.16ബില്യണ്‍ യൂറോ)ആണെന്ന് ഐക്യരാഷ്ട്ര സഭയുടെ ഫണ്ട് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്മന്റ് (ഐ എഫ് എ ഡി) റിപ്പോര്‍ട്ട്. അയര്‍ലണ്ടില്‍ നിന്നു പണമയച്ചവരില്‍ 392 മില്ല്യണ്‍ ഡോളറോടെ നൈജീരിയക്കാരാണ് മുന്നില്‍.

അയര്‍ലണ്ടിലെ നൈജീരിയാക്കാര്‍ കിട്ടുന്ന ശമ്പളത്തില്‍ പകുതിയോളമെങ്കിലും നാട്ടിലേയ്ക്ക് അയയ്ക്കുന്നു എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.അയര്‍ലണ്ടിലെ നൈജീരിയക്കാരുടെ എണ്ണം 17,642 ആണ്.ഇവര്‍ ഇരുപതിനായിരത്തില്‍ അധികം യൂറോ വീതമാണ് കഴിഞ്ഞ വര്‍ഷം ജന്മനാട്ടിലേക്ക് അയച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

217 മില്ല്യണ്‍ ഡോളറോടെ പോളണ്ട് രണ്ടാം സ്ഥാനത്തും, ലിത്വാനിയ (142 മില്ല്യണ്‍) മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യയാണ് പട്ടികയില്‍ നാലാം
സ്ഥാനത്ത്. 85 മില്ല്യണ്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ അയര്‍ലണ്ടില്‍ നിന്നും അയച്ച തുക.

എന്നാല്‍ അയര്‍ലണ്ടിലെ ഭൂരിഭാഗം വരുമാനവും ഇങ്ങനെ വിദേശങ്ങളിലേക്ക് ഒഴുകിപോയി എന്നു കണക്കാക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ട്
വ്യക്തമാക്കുന്നു. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 0.7 ശതമാനം മാത്രമാണ് വിദേശങ്ങളില്ലേക്ക് അയക്കപ്പെട്ടത്. യൂറോപ്പില്‍ നിന്നും കുടിയേറ്റതൊഴിലാളികള്‍ സ്വന്തം രാജ്യങ്ങളിലേക്കയച്ചത് 109.4 ബില്യണ്‍ യൂറോയണ്.

ലോക ജനസംഖ്യയുടെ 10 ശതമാനം മാത്രമാണ് യൂറോപ്യന്‍ രാജ്യങ്ങളിലുള്ളതെങ്കിലും ആകെ കുടിയേറ്റ തൊഴിലാളികളുടെ 20 ശതമാനവും യൂറോപ്പിലാണ്. ആകെ വിദേശപണമയക്കലിന്റെ 25 ശതമാനവും നടക്കുന്നത് യൂറോപ്പില്‍ നിന്നാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം മാത്രം യൂറോപ്പിലേക്ക് കുടിയേറിയവരുടെ എണ്ണം 600,000ല്‍ അധികമാണ്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ആകെ അയക്കപ്പെടുന്ന പണത്തിന്റെ മൂന്നിലൊന്നു ഭാഗവും ചെല്ലുന്നത് 19 ബാള്‍ക്കാന്‍ രാഷ്ട്രങ്ങളിലേക്കും, 10യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ ഉള്‍പ്പടെയുള്ള ബാള്‍ടിക്‌സ്, ഈസ്റ്റേണ്‍ യൂറോപ്പ് രാജ്യങ്ങളിലേക്കുമാണ്. മൂന്നില്‍ രണ്ടു ഭാഗം യൂറോപ്പിനു പുറത്തുള്ള 50ല്‍ പരം വികസ്വര രാജ്യങ്ങളിലേക്ക് അയക്കപ്പെടുന്നു.ഓണലൈന്‍ വഴിയും ,ബാങ്ക് വഴിയും കൈമാറപ്പെടുന്ന തുകയാണ് ഇപ്രകാരം കണക്കില്‍ ഉള്‍പ്പെടുന്നത് .

അയര്‍ലണ്ടില്‍ നിന്നും 2014ല്‍ ഏറ്റവുമധികം പണമയക്കപ്പെട്ട രാജ്യങ്ങള്‍
1 നൈജീരിയ 392 മില്യണ്‍ ഡോളര്‍
2 പോളണ്ട് 217 മില്യണ്‍ ഡോളര്‍
3 ലിത്വാനിയ 142 മില്യണ്‍ ഡോളര്‍
4 ഇന്ത്യ 85 മില്യണ്‍ ഡോളര്‍
5 ചൈന 72 മില്യണ്‍ ഡോളര്‍
6 ഹംഗറി 64 മില്യണ്‍ ഡോളര്‍
7 ഫിലിപീന്‍സ് 60 മില്യണ്‍ ഡോളര്‍
8 ലാത്വിയ 46 മില്യണ്‍ ഡോളര്‍
9 സ്ലൊവാക് റിപബ്‌ളിക് 38 മില്യണ്‍ ഡോളര്‍
10 ചെക്ക് റിപബ്‌ളിക് 35 മില്യണ്‍ ഡോളര്‍

Scroll To Top