Friday December 09, 2016
Latest Updates

ഡബ്ലിന്‍ നഗരത്തെ തൊട്ടറിഞ്ഞ വൈദീകശ്രേഷ്ഠര്‍ക്ക് സ്‌നേഹസാന്ദ്രമായ യാത്രയയപ്പ് നല്‍കി

ഡബ്ലിന്‍ നഗരത്തെ തൊട്ടറിഞ്ഞ വൈദീകശ്രേഷ്ഠര്‍ക്ക് സ്‌നേഹസാന്ദ്രമായ യാത്രയയപ്പ് നല്‍കി

ഡബ്ലിന്‍:ഡബ്ലിന്റെ സാമൂഹിക സാംസ്‌കാരിക ആധ്യാത്മിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന രണ്ടു വൈദിക ശ്രേഷ്ഠര്‍ അയര്‍ലണ്ടിനോട് വിടപറയുമ്പോള്‍ നിറഞ്ഞ നന്ദിയോടെ സഭാ സമൂഹം ഒത്തു ചേര്‍ന്ന ഇന്നലത്തെ സായാഹ്നം നഗരത്തിനു മറക്കാനാവാത്ത അനുഭവമായി.സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ.മനോജ് പൊന്‍കാട്ടില്‍,ഫെയര്‍ വ്യൂ പള്ളി വികാരി ഫാ.ആന്റണി നല്ലൂക്കുന്നേല്‍ എന്നിവര്‍ക്ക് സീറോ മലബാര്‍ സഭയുടെ നഗരത്തിലെ 9 മാസ് സെന്ററുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് ഒരുക്കിയത്.

ലൂക്കനില്‍ നടത്തപ്പെട്ട ചടങ്ങില്‍ പങ്കെടുത്തവര്‍ ഫാ.ആന്റണിയും ,ഫാ.മനോജും അയര്‍ലണ്ടിലെ മലയാളി സമൂഹത്തിനു വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറഞ്ഞു.

നഗരത്തിലെ മിക്ക സാംസ്‌കാരിക പരിപാടികളിലും നിറസാന്നിധ്യമായി പങ്കെടുത്ത് ‘ജനകീയ പുരോഹിതന്‍’ എന്ന പേരെടുത്ത ഫാ.ആന്റണി നല്ലൂക്കുന്നേല്‍ താനൊരു ‘ഐറിഷ്‌കാരനാണ് ‘ഇപ്പോഴെന്നും,അത് കൊണ്ട് തന്നെ അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയോടൊപ്പം എന്നും ഉണ്ടാവും എന്നും ഉറപ്പു നല്‍കി.അയര്‍ലണ്ടിലെ ജീസസ് യൂത്തിന്റെ ചുമതലക്കാരന്‍ കൂടിയായിരുന്ന അദ്ദേഹം റോമില്‍ ഉപരി പഠനത്തിനായാണ് ഡബ്ലിന്‍ അതിരൂപതയിലെ സേവനത്തിന് ശേഷം റോമിലേയ്ക്ക് പോകുന്നത്.

ഇന്ത്യയില്‍ തന്നെ ഏറ്റവും താപനില കൂടിയ സ്ഥലങ്ങളിലൊന്നായ തെലുങ്കാനയിലെ തന്റെ മിഷന്‍ ദൗത്യത്തിലേയ്ക്ക് തിരികെ പോകുന്ന ഫാ.മനോജ് പൊന്‍കാട്ടില്‍ ‘മിഷന്‍ കേന്ദ്രങ്ങളിലെ സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ അയര്‍ലണ്ടിലെ സഭാ സമൂഹത്തിന്റെ പ്രാര്‍ഥനയും പിന്തുണയും അഭ്യര്‍ഥിച്ചു.ഡബ്ലിനില്‍ സേവനമനുഷ്ഠിച്ച മൂന്നു വര്‍ഷക്കാലം സഭാ സമൂഹം ഒന്നടക്കം തനിക്കു നല്കിയ സ്‌നേഹത്തിനും സഹകരണത്തിനും ഫാ.മനോജ് നന്ദി പ്രകാശിപ്പിച്ചു.

സഭാ സമിതി അധ്യക്ഷന്‍ ഫാ.ജോസ് ഭരണികുളങ്ങര ആമുഖപ്രസംഗം നടത്തി.സീറോ മലബാര്‍ സഭാ ട്രസ്റ്റി മാര്‍ട്ടിന്‍ പുലിക്കുന്നേല്‍,സഭാ സമിതിയംഗം ബിനു കെ പി,ജിമ്മി ടോം ലൂക്കന്‍,റെജി ജോസഫ്(ജീസസ് യൂത്ത് ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സഭാ ട്രസ്റ്റി ജോര്‍ജ് പള്ളിക്കുന്നത്ത്,ജോസ് വെട്ടിക്ക എന്നിവര്‍ ഉപഹാരസമര്‍പ്പണം നടത്തി .തോമസ് കെ ജോസഫ് നന്ദി പറഞ്ഞു.
വാര്‍ത്ത:കിസാന്‍ തോമസ് (പി ആര്‍ ഓ )

Scroll To Top