Thursday March 22, 2018
Latest Updates

മാറുന്ന കേരളവും മാറ്റമില്ലാത്ത ഞാനും..!( അവധിക്കാല ചിന്തകള്‍ )

മാറുന്ന കേരളവും മാറ്റമില്ലാത്ത ഞാനും..!( അവധിക്കാല ചിന്തകള്‍ )

ഒരു വര്‍ഷവും 4 മാസവും പിന്നിട്ടപ്പോഴാണ് വീണ്ടും നാട്ടില്‍ അവധിക്കു ചെന്നത്. 16 മാസം കൊണ്ടുണ്ടായ മാറ്റങ്ങള്‍ 4 ആഴ്ച കൊണ്ട് മനസ്സിലാക്കാന്‍ വളരെ എളുപ്പമായിരുന്നു.

പതിവ് ചോദ്യങ്ങളായ എന്നാ വന്നത്? എന്നാ തിരിച്ചു പോകുന്നത്?തുടങ്ങിയവ ആരും തന്നെ ചോദിച്ചു കേട്ടില്ല.ഇവന്‍ എല്ലാ വര്‍ഷവും വരുമെന്നും ഒരു മാസം കഴിയുമ്പോള്‍ വന്നപോലെ തന്നെ തിരിച്ചു പോയിക്കൊള്ളും എന്നും നാട്ടുകാര്‍ ഇതിനകം തന്നെ മനസ്സിലാക്കിയിരിക്കുന്നു.അഥവാ നാട്ടുകാര്‍ തന്നെ പ്രവാസികളോട് ഈ വക ചോദ്യങ്ങള്‍ ചോദിച്ചു മടുത്തു കാണും.കുറെ കഴിയുമ്പോള്‍ എല്ലാം ഒരുതരം വിരസതയാകുമല്ലോ? വഴിയില്‍ കാണുന്നവരുടെ കുശാലാന്വേഷ ണങ്ങളുടെയും സംസാരങ്ങളുടെയും നീളം വളരെ കുറഞ്ഞു വരുന്നു.പ്രവാസി എന്ന ലേബല്‍ നെറ്റിയില്‍ ആഞ്ഞു പതിഞ്ഞു പോയിരിക്കുന്നു.ഞാന്‍ ഈ നാട്ടുകാരന്‍ അല്ലാതായി വരുന്നു എന്ന യാഥാര്ഥ്യം മനസ്സിലായി തുടങ്ങി .

ഇപ്പോള്‍ ചോദ്യങ്ങള്‍ തലയിലേക്ക് നോക്കിയാണ്. തല നരച്ചു തുടങ്ങിയല്ലോ?ഡൈ ചെയ്യുന്നില്ലേ ?40 വയസ്സ് കഴിഞ്ഞയാളുടെ തല നരക്കുന്നതു മഹാപരാധം പോലെയാണ് ചിലരുടെ ചോദ്യവും മുഖ ഭാവവും കണ്ടാല്‍.ഞാന്‍ എന്തോ തെറ്റ് ചെയ്ത പോലെ..

എന്താ ടെന്‍ഷന്‍ ആണോ?കാശ് മാത്രം ചിന്തിക്കാതെ ജീവിക്കാനും നോക്ക് ..
നരമാറാനുള്ള ചിലരുടെ ഉപദേശങ്ങള്‍ അങ്ങനെ പോകുന്നു.പ്രായമായതുകൊണ്ടാണ് തല നരക്കുന്നതു എന്ന് ഞാന്‍ ആരോടും പറഞ്ഞില്ല.എന്റെ മുഖം കണ്ടാല്‍ പ്രായം തോന്നാത്തവരോട് ഞാന്‍ എന്തിനു വെറുതെ …

എവിടെയും അന്യ ദേശക്കാര്‍ തന്നെ..പറമ്പിലെ തേക്കിന്റെ കൊമ്പു ഇറക്കിയത് ബംഗാളി.മലയാളി കീഴെ ചില്ലകള്‍ കൊത്തിനുറുക്കാന്‍ മാത്രം.

വീടിന്റെ ടെറസിനു മുകളില്‍ അലുമിനിയം ഷീറ്റു മേഞ്ഞതു ഉത്തര്‍പ്രദേശുകാര്‍ ഒരു മലയാളി അവരുടെ ഹെല്‍പ്പര്‍ ആയി താഴെ ഉണ്ട് .ഹോട്ടലില്‍ ചെന്നപ്പോള്‍ കൗണ്ടറില്‍ കാശ് വാങ്ങാന്‍ മാത്രം മലയാളി.

വഴിയില്‍ ഒരിടത്തു രണ്ടു തമിഴന്മാര്‍ ചെങ്കല്ലും സിമന്റും കൊണ്ട് മതില്‍ പണിതുകൊണ്ടിരിക്കുന്നു.സ്ഥല ഉടമയായ മലയാളി രാവിലെ മുതല്‍ വൈകീട്ട് വരെ അവര്‍ പറ്റിക്കാതെ പണിയെടുക്കുന്നുണ്ടോ എന്ന് നോക്കാന്‍ വെറുതെ കാവലിരിക്കുന്നു …! അടുത്ത വര്ഷം ചെല്ലുമ്പോള്‍ കാവലിരിക്കാനും കൂടി ബംഗാളിയെ ഏല്പിച്ചു മലയാളി വീട്ടില്‍ ടി വി കാണുകയായിരിക്കും..kerala-l

ഒരു ശനിയാഴ്ച വീട്ടില്‍ ഇരുന്നപ്പോള്‍ സംഭാവനക്കായി നാല് കൂട്ടരാണ് വന്നത് . കേരളത്തില്‍ ഇപ്പോള്‍ ശനിയാഴ്ചയാണ് പിരിവു ദിവസം എന്ന് തോന്നുന്നു ( ഇതു ആരെങ്കിലും നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ..). പിരിവുകളുടെ കാരണവും സ്വഭാവവും ആകെ മാറിപ്പോയിരിക്കുന്നു.ഭവന നിര്‍മാണം , നിര്‍ദ്ധനര്‍ക്കുള്ള സ്ത്രീധന രഹിത വിവാഹം, അഗതി മന്ദിരങ്ങള്‍ക്കു ള്ള സംഭാവന തുടങ്ങിയവയാണ് ആവശ്യങ്ങള്‍. ഈ പണമെല്ലാം നിര്‍ദിഷ്ട സ്ഥലങ്ങളില്‍ തന്നെ എത്തിച്ചേരുന്നുണ്ടോ എന്ന് ആര്‍ക്കറിയാം ?

ചിക്കന്‍ ബിരിയാണി കിലോ കണക്കിന് തൂക്കി കൊടുക്കും എന്ന് ഒരു കടയില്‍ ബോര്‍ഡ് എഴുതി വച്ചിരിക്കുന്നു . അടുത്ത വര്ഷം ചെല്ലുമ്പോള്‍ മരുന്നുകള്‍ കിലോക്കണക്കിന് തൂക്കി കൊടുക്കും എന്ന് ഫാര്‍മസികളില്‍ ബോര്‍ഡ് കാണാന്‍ സാധ്യതയുണ്ട് .പശു ഇറച്ചി എന്ന് എഴുതിയിരുന്ന സ്ഥലങ്ങളില്‍ എല്ലാം ഇപ്പോള്‍ പോത്തിറച്ചി എന്ന് മാറ്റി എഴുതിയിരിക്കുന്നു.പക്ഷെ സത്യത്തില്‍ എന്തിറച്ചിയാണ് വില്‍ ക്കുന്നതെന്ന് ഒരു പിടിയുമില്ല ! പച്ചക്കറി കടകള്‍ ഇപ്പോള്‍ ജൈവ പച്ചക്കറി എന്ന് പേര് മാറ്റിയിരിക്കുന്നു.പല വീടുകളിലും ചാക്കില്‍ പച്ചക്കറികള്‍ വളര്‍ത്തിയിരിക്കുന്നു . കിഡ്‌നിയും ലിവറും ഹാര്‍ട്ടും അപകടത്തിലായാല്‍ ഏതു മലയാളിയും ചാക്കു വാങ്ങി അതില്‍ മണ്ണ് നിറച്ചു പച്ചക്കറി നടാന്‍ തുടങ്ങും. കാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയും എന്ന് പറഞ്ഞപോലെയായി കാര്യങ്ങള്‍..

കേരളത്തിലെ റോഡിലൂടെ ബൈക്കില്‍ യാത്ര ചെയ്താല്‍ വീട്ടില്‍ തിരിച്ചെത്തുമോയെന്നു ഉറപ്പില്ലത്രേ! സുരക്ഷക്ക് വേണ്ടി മാത്രം കാറില്‍ യാത്രെ ചെയ്യുന്നവര്‍ ഉണ്ട് . റോഡ് നിയമങ്ങള്‍ പാലിക്കാന്‍ മലയാളി ആയിരം ജന്മങ്ങള്‍ കാത്തിരിക്കേണ്ടി വരും.

കുട്ടികള്‍ക്ക് കഴിക്കാന്‍ വേണ്ടി ആല്‍ഡിയില്‍ നിന്നും ഒരു പാകറ്റ് ചോക്കോ മൂണ്‍ വാങ്ങി കൊണ്ട് പോ യിരുന്നു. തിരിച്ചു വരുന്നതിന്റെ രണ്ടു ദിവസം മുന്‍പ് വീട് വൃത്തിയാക്കാന്‍ വന്ന അമ്മിണി ചേച്ചിക്ക് ചായക്ക് അത് കുറച്ചു കൊടുത്തു. കുറച്ചു കഴിഞ്ഞു നോക്കിയപ്പോള്‍ അമ്മിണി ചേച്ചി ചായ മാത്രം മോന്തി കുടിച്ചു ചോക്കോ മൂണ്‍ ഒരു ന്യൂസ് പേപ്പറില്‍ പൊതിഞ്ഞു തന്റെ പ്ലാസ്റ്റിക് കവറില്‍ ആക്കുന്നതുകൊണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു. ‘ എന്തേ രുചി ഇഷ്ടമായില്ലേ ?’

‘ഇത് മോളുടെ കൊച്ചിന് കൊടുക്കാനാണ് അവര്‍ ഇതൊന്നും കഴിച്ചിട്ടില്ലല്ലോ ‘

നിഷ്‌കളങ്കവും തീവ്രവുമായ സ്‌നേഹത്തില്‍ നിന്ന് വന്ന ആ വാക്കുകള്‍ എന്റെ കണ്ണുകള്‍ നന യിച്ചു. കുറച്ചു കൂടി കൊടുക്കാമെന്നു കരുതി പാക്കറ്റ് നോക്കിയപ്പോള്‍ അത് കാലിയായിരിക്കുന്നു.അടുത്ത വര്ഷം വരുമ്പോള്‍ അമ്മിണി ചേച്ചിക്കും കൊച്ചു മക്കള്‍ക്കുമായി ഒരു പാകറ്റ് ചോക്കോമൂണ്‍ വാങ്ങി കൊണ്ട് പോകണമെന്ന് അപ്പോള്‍ തന്നെ തീരുമാനിച്ചു.
ഇവിടന്നു കൊണ്ട് പോകുന്ന ചോക്ലേറ്റുകള്‍ നുണഞ്ഞിറങ്ങി തീരുമ്പോഴേക്കും അവധിക്കാലവും അലിഞ്ഞിലാതാവും. ഒരു വര്‍ഷത്തെ കാത്തിരിപ്പ് ബാക്കിയാക്കി വീട് പൂട്ടി വലിയ ലഗേജുകള്‍ വണ്ടിയില്‍ കയറ്റി, മുറ്റത്തും റോഡിലും നിന്ന ബന്ധു ജനങ്ങളോടും അയല്‍ക്കാരോടും കൈ വീശി കാണിച്ചു യാത്ര പറഞ്ഞു, വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ മനസ്സില്‍ ഒന്നും ഉണ്ടായിരുന്നില്ല, ഒന്നും…
ഇനിയുമെത്ര അവധിക്കാലങ്ങള്‍…….ഇനിയുമെത്ര യാത്രാ മൊഴികള്‍ ………

Sebi ebastian , celbridge

Scroll To Top