Friday December 09, 2016
Latest Updates

ഇ.യുവിനെ വിട്ട യുകെ യെ കൈവിടാന്‍ സ്‌കോട്‌ലാന്‍ഡ്

ഇ.യുവിനെ വിട്ട യുകെ യെ കൈവിടാന്‍ സ്‌കോട്‌ലാന്‍ഡ്

എഡിന്‍ബര്‍ഗ് :ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ തീരുമാനിച്ചെങ്കിലും ബ്രിട്ടിഷ് അധീനതയിലുള്ള സ്‌കോട്‌ലാന്‍ഡിന് യൂണിയനില്‍ തുടരാന്‍ താല്‍പര്യം. ഇതുമായി ബന്ധപ്പെട്ട് എത്രയും വേഗം യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് സ്‌കോട്ടിഷ് മുഖ്യമന്ത്രി നിക്കോള സ്റ്റര്‍ജന്‍ വ്യക്തമാക്കി. ഇതിനുപുറമെ സ്വതന്ത്ര സ്‌കോട്‌ലാന്‍ഡിനു വേണ്ടി രണ്ടാമതും ജനഹിതപരിശോധന നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതുമായി ബന്ധപ്പെട്ട ഹിതപരിശോധനയില്‍ 62% സ്‌കോട്‌ലാന്‍ഡുകാരും തുടരണമെന്നും, 38% മാത്രം പുറത്തുപോകണമെന്നും അഭിപ്രായപ്പെട്ടിരുന്നു.

ബ്രെക്‌സിറ്റിനു ശേഷവും എങ്ങനെ യൂറോപ്യന്‍ യൂണിയനില്‍ തുടരാം എന്നതു സംബന്ധിച്ച് നിയമപരവും, നയതന്ത്രപരവും, ധനകാര്യപരവുമായ ഉപദേശങ്ങള്‍ ലഭിക്കുന്നതിനായി ഒരു അഡൈ്വസറി പാനലിനെ നിയോഗിക്കാനും സ്‌കോട്‌ലാന്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ സ്വതന്ത്ര സ്‌കോട്‌ലാന്‍ഡ് വാദവുമായി ഉടന്‍ തന്നെ ജനഹിത പരിശോധന നടത്തുന്നതിനെ പ്രതിപക്ഷം എതിര്‍ത്തു. 2014ല്‍ നടത്തിയ ഹിതപരിശോധനയില്‍ 55% പേരും സ്വതന്ത്രസ്‌കോട്‌ലാന്‍ഡിനെ എതിര്‍ത്താണ് വോട്ട് ചെയ്തത്. 45% പിന്തുണയ്ക്കുകയും ചെയ്തു.

Scroll To Top