Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ സ്‌കൂള്‍ സമയം മുന്നോട്ടാക്കാന്‍ പദ്ധതി രൂപപ്പെടുന്നു,സ്‌കൂളുകളില്‍ തന്നെ ചൈല്‍ഡ് കെയര്‍ സെന്ററുകളും പരിഗണനയില്‍ 

അയര്‍ലണ്ടിലെ സ്‌കൂള്‍ സമയം മുന്നോട്ടാക്കാന്‍ പദ്ധതി രൂപപ്പെടുന്നു,സ്‌കൂളുകളില്‍ തന്നെ ചൈല്‍ഡ് കെയര്‍ സെന്ററുകളും പരിഗണനയില്‍ 


ഡബ്ലിന്‍:തൊഴില്‍ ചെയ്യുന്ന മാതാപിതാക്കള്‍ക്ക് സഹായകരമാവുന്ന വിധത്തില്‍ കുട്ടികളുടെ സ്‌കൂള്‍ സമയം മുന്നോട്ടാക്കാനുള്ള ആലോചനകള്‍ പുരോഗമിക്കുന്നു.അയര്‍ലണ്ടിലെ നിയമം അനുസരിച്ച് രാവിലെ 9.30 ന് മുമ്പ് സ്‌കൂളുകള്‍ തുറക്കണം എന്ന ഒരു നിയമം മാത്രമേ ഇത് സംബന്ധിച്ച് അയര്‍ലണ്ടില്‍ നിലവിലുള്ളൂ. ക്ലാസ്സുകള്‍ ആരംഭിക്കുന്ന സമയം നിശ്ചയിക്കാനുള്ള അധികാരം സ്‌കൂള്‍ ബോര്‍ഡ്മാനേജുമെന്റുകള്‍ക്കാണ്.

ജര്‍മനിയില്‍ പബ്ലിക് സ്‌കൂളുകള്‍ ആരംഭിക്കുന്നത് രാവിലെ 7.30 നാണ്, ഇറ്റലിയില്‍ ആവട്ടെ 8 മണിക്കും ഫ്രാന്‍സില്‍ 8.30 നുമാണ്. ജോലി സ്ഥലത്തേക്ക് പോകുന്ന മാതാപിതാക്കള്‍ക്ക് സ്‌കൂള്‍ ഡ്രോപ്പ് ഓഫിനുള്ള സൗകര്യം ഒരുക്കുന്നതിനാണ് ഇത്.യൂറോപ്പ്യന്‍ രാജ്യങ്ങളിലെ പൊതുസ്വഭാവത്തിനനുസരിച്ച് അയര്‍ലണ്ടിലും മാറ്റം വരുത്തണമെന്ന് വിവിധ തൊഴില്‍ സംഘടനകളുടെ അഭിപ്രയം മാനിച്ചാണ് സര്‍ക്കാര്‍ ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്. 

അയര്‍ലണ്ടില്‍ മാതാപിതാക്കളുടെ ജോലി സമയത്തില്‍ ഇളവുകള്‍ ഇല്ലാത്തതും സ്‌കൂളുകളില്‍ ഓണ്‍ സൈറ്റ് ചൈല്‍ഡ് കെയര്‍ സംവിധാനം ഇല്ലാത്തതും ദുരിതം വര്‍ദ്ധിപ്പിക്കുന്നു.ആഫ്റ്റര്‍ സ്‌കൂള്‍ കെയറിനൊപ്പം ബിഫോര്‍ സ്‌കൂള്‍ കെയറിനും മാതാപിതാക്കള്‍ പണം കണ്ടെത്തണം.സ്‌കൂള്‍ ഡ്രോപ്പ് ഓഫുകളും കളക്ഷനും അയര്‍ലണ്ടിലെ സാധാരണ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ കഴിയാത്ത ആര്‍ഭാടച്ചിലവാണ് എന്നതാണ് സത്യം. ഈ സാഹചര്യത്തിലാണ് സ്‌കൂള്‍ സമയം മുന്നോട്ടാക്കണം എന്ന നിര്‍ദ്ദേശത്തിന് പ്രസക്തിയേറുന്നത്.

കോര്‍ക്കിലെ മൂന്നു സ്‌കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഓണ്‍ സൈറ്റ് ചൈല്‍ഡ് കെയര്‍ സര്‍വീസിന് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.ക്ലോണാകില്‍ട്ടിയിലെ സെന്റ് ജോസഫ്‌സ് സ്‌കൂള്‍,കിന്‍സലയിലെ നാമ്പോ എല്‍ട്ടൈന്‍ സ്‌കൂള്‍,കാരിക്കലൈനിലെ എഡ്യൂക്കേഷന്‍ റ്റുഗതര്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സിയായ ഏര്‍ളി ചൈല്‍ഡ്ഹുഡ് അയര്‍ലണ്ടിന്റെ സഹായത്തോടെ ആരംഭിച്ച ഓണ്‍ സ്‌കൂള്‍ ചൈല്‍ഡ് കെയര്‍ പദ്ധതി രാജ്യവ്യാപകമാക്കാനും ഇതോടനുബന്ധിച്ച് സ്‌കൂള്‍ പ്രവര്‍ത്തനസമയം പുനര്‍ക്രമീകരിക്കാനുമാണ് ആലോചനകള്‍ പുരോഗമിക്കുന്നത്.

വിവിധ വകുപ്പുകള്‍ തമ്മില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.ചൈല്‍ഡ് വെല്‍ഫയറിനായി അടുത്തയിടെ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള സ്‌കീമുകളുമായി ബന്ധപ്പെടുത്തി സ്‌കൂള്‍ പഠനസമയ പുനര്‍ക്രമീകരണങ്ങളും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

Scroll To Top