Tuesday January 23, 2018
Latest Updates

ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പിന്റെ ഓഫിസിനെതിരെ മലയാളി യുവാവിന്റെ പരാതി ;സ്‌കൂള്‍ അഡ്മിഷന്‍ വേണമെങ്കില്‍ മകളെ മാമോദീസാ മുക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് ആരോപണം

ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പിന്റെ ഓഫിസിനെതിരെ മലയാളി യുവാവിന്റെ പരാതി ;സ്‌കൂള്‍ അഡ്മിഷന്‍ വേണമെങ്കില്‍ മകളെ മാമോദീസാ മുക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് ആരോപണം

ഡബ്ലിന്‍:അയര്‍ലണ്ടിലെ വിദ്യാഭ്യാസ പ്രവേശന ചട്ടങ്ങളോട് ഒറ്റയ്ക്ക് നിന്ന് പൊരുതി കൊണ്ട് ഒരു മലയാളി യുവാവ് ശ്രദ്ധേയനാവുന്നു.കത്തോലിക്കരല്ലാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍ അഡ്മിഷന്‍ നിഷേധിക്കാമെന്ന അധികാരം മാനേജ്‌മെന്റിന് നല്കുന്ന കിരാത നിയമത്തിനെതിരെ ഡബ്ലിന്‍ കാബന്റ്റീനിയിലെ രൂപേഷ് പണിക്കര്‍ എന്ന യുവാവ് ഉയര്‍ത്തിയ പ്രതിഷേധങ്ങളും ഐറിഷ് മാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമാക്കുകയാണ്.

സ്വന്തം മകള്‍ക്ക്    ജൂണിയര്‍ ക്ലാസുകളില്‍ അഡ്മിഷന്‍ തേടി ചെന്നപ്പോഴാണ് ആദ്യമായി ‘കത്തോലിക്കനല്ലാത്തതിന്റെ’ വില രൂപേഷ് അറിഞ്ഞത്.സ്‌കൂളില്‍ പ്രവേശനം തരാനാവില്ലെന്ന തുറന്നു പറച്ചില്‍ സ്വാഭാവികമായും രൂപേഷിനെ പ്രതിഷേധത്തിലാഴ്ത്തി.’കുറെ ന്യായം പറഞ്ഞു നോക്കിയെങ്കിലും രക്ഷയുണ്ടായില്ല..’രൂപേഷ് പറയുന്നു.

തൊട്ടടുത്തുള്ള അഞ്ചു സ്‌കൂളുകളില്‍ കൂടി പോയി നോക്കി.’നിങ്ങള്‍ അപേക്ഷ സമര്‍പ്പിക്കാന്‍ താമസിച്ചു എന്നതായിരുന്നു ഒരു സ്‌കൂളില്‍ നിന്നുള്ള ആദ്യ പ്രതീകരണം.’ഹിന്ദുവാണല്ലേ ?’എന്ന ചോദ്യത്തിന് ശേഷമാണ് ആ വിശദീകരണം വന്നതെന്നതിനാല്‍ അപേക്ഷ നിരസിക്കാന്‍ ഉള്ള യഥാര്‍ഥ കാരണം കണ്ടെത്താന്‍ പാട് പെടേണ്ടി വന്നില്ല!

ഫോക്‌സ് റോക്കിലുള്ള മൂന്നാമത്തെ സ്‌കൂളില്‍ വളരെ നേരത്തെ അപേക്ഷ സമര്‍പ്പിച്ചെങ്കിലും ഇടമില്ല എന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.രൂപേഷ് പറയുന്നു.

‘ഞാന്‍ നിരാശനായി പോയി..മോളെ തൊട്ടടുത്തുള്ള ഐറിഷ് സ്‌കൂളില്‍ ചേര്‍ത്താലോ എന്ന് പോലും ആലോചിച്ചു.അതും കത്തോലിക്കാ മാനേജ്‌മെന്റിന് കീഴിലുള്ളതാണെന്ന് പിന്നീടറിഞ്ഞു.’

‘എനിക്ക് ശരിക്കും വിഷമമായി.വിവരങ്ങള്‍ കാണിച്ച് കാത്തലിക് സ്‌കൂളുകളുടെ പാട്രനായ ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പിന് ഒരു കത്തയച്ച് അഡ്മിഷന്‍ കിട്ടുമോ എന്ന് നോക്കാനായി പിന്നെ ശ്രമം.അയര്‍ലണ്ടിലെ അന്യമതസ്ഥരായ മിക്കവരും അനുഭവിക്കുന്ന ദുരന്തം.കുട്ടികള്‍ക്ക് തൊട്ടടുത്തുള്ള സ്‌കൂളുകളില്‍ അഡ്മിഷന്‍ കിട്ടാതെ വലയുന്നവരില്‍ ഹിന്ദുക്കള്‍ മാത്രമല്ല,മുസ്ലീംങ്ങളും,പ്രോട്ടസ്റ്റന്റ് സഭാംഗങ്ങളും ഉണ്ട്.പല പ്രാവശ്യം സഭയുടെയും സര്‍ക്കാരിന്റെയും ചര്‍ച്ചയ്ക്ക് വന്ന കാര്യമാണ്.പക്ഷേ അനന്തര നടപടിയൊന്നും ഉണ്ടായിട്ടില്ല..രൂപേഷ് പറഞ്ഞു. 

കാര്യങ്ങള്‍ എല്ലാം കാട്ടി ബിഷപ്പിന് കത്ത് വിട്ടു.മൂന്നാം ദിവസം സാന്ത്വനവുമായി ആര്‍ച്ച് ബിഷപ്പിന്റെ വിദ്യാഭ്യാസ കാര്യാലയത്തിന്റെ ചുമതലയുള്ളയാള്‍ ഫോണില്‍ വിളിച്ചു.’ഇതില്‍ സഭയ്ക്ക് ഒന്നും ചെയ്യാനാവില്ല,സര്‍ക്കാര്‍ സഭയ്ക്ക് അനുവദിച്ചു തന്നിട്ടുള്ള അവകാശമാണ്.അതില്‍ മാറ്റം വരുത്താന്‍ ആവില്ല….അദ്ദേഹം വിശദീകരിച്ചു.
രൂപേഷും വിട്ടു കൊടുത്തില്ല.’ഞാനും അദ്ദേഹത്തോട് പറഞ്ഞു നോക്കി..ഡബ്ലിന്‍ പോലൊരു നഗരത്തില്‍ നാലിലൊന്ന് പേരും ഇപ്പോള്‍ കത്തോലിക്കരല്ല.ഞങ്ങള്‍ എവിടെ പോകണം എന്നാണ് അങ്ങ് പറയുന്നത്? അതിരൂപതയുടെ സ്‌പോക്‌സ് പേ ഴ്‌സന്റെ മറുപടി അമ്പരപ്പിക്കുന്നതായിരുന്നു.’അതിനു എനിക്ക് നിര്‍ദേശിക്കാവുന്ന ഒരു എളുപ്പ വഴിയുണ്ട്..നിങ്ങള്‍ കുട്ടിയെ മാമോദീസാ മുക്കുക!മറ്റൊരു മാര്‍ഗവും ഞാന്‍ കാണുന്നില്ല.

ഞെട്ടിപ്പോയി ഞാന്‍..’ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇത്തരം കാട്ടുനീതിയും പിടി വാശിയുമായി സഭയ്ക്ക് എന്ത് കിട്ടാനാണ്?ഗര്‍ഭ ച്ഛിദ്രം,ഭവനമില്ലാത്തവരുടെ പ്രശ്‌നങ്ങള്‍,ദാരിദ്രത്തിനെതിരെയുള്ള നിലപാടുകള്‍ ധാര്‍മികമായ പ്രശ്‌നങ്ങള്‍ തുടങ്ങി എന്തെങ്കിലുംവിഷയങ്ങള്‍ ഇതേ വ്യഗ്രതയോടെ സഭ ഏറ്റെടുക്കുമെങ്കില്‍ മനസിലാക്കാം…പക്ഷേ ഇത് അടുത്തു നില്ക്കുന്ന മനുഷ്യനെ ജാതി നോക്കി അളക്കുന്നത് ഏതു തരം പ്രേഷിതപ്രവര്‍ത്തനമാണെന്ന് എനിക്ക് ചോദിക്കേണ്ടി വന്നു.ഒരു നിമിഷം പോലും വൈകാതെ അങ്ങേ തലയ്ക്കല്‍ നിന്നും ഫോണ്‍ കട്ടായി.rup

മലയാളികള്‍ അടക്കം ഒട്ടേറെ കുടിയേറ്റക്കാര്‍ ഇതേ ഉത്തരം ചില സ്‌കൂള്‍ അധികൃതരുടെ അടുക്കല്‍ നിന്നും കേട്ടിട്ടുണ്ടെന്ന് പിന്നീടറിഞ്ഞു.അവസാന നിമിഷം വരെ അഡ്മിഷന്‍ കാത്ത് ആശങ്കയോടെ കഴിഞ്ഞവര്‍ നിരവധി.ഒരേ ബില്‍ഡിംഗില്‍ അടുത്തടുത്ത അപ്പാര്‍റ്റ്‌മെന്റുകളില്‍ താമസിക്കുന്ന മാര്‍ക്ക് കുറഞ്ഞ കത്തോലിക്കാ വിദ്യാര്‍ഥിയ്ക്ക് സ്‌കൂളില്‍ പ്രവേശനം കിട്ടിയിട്ടും അതേ സ്‌കൂളില്‍ അഡ്മിഷന്‍ തേടിയ സുഹൃത്തായ ഹിന്ദു കുട്ടിയ്ക്ക് ജാതിയുടെ പേരില്‍ പ്രവേശനം നിഷേധിക്കപ്പെടുമ്പോള്‍ ഏതു സാമൂഹ്യ നീതിയാണ് ഐറിഷ് ജനാധിപത്യ സംവിധാനത്തിലും പാലിക്കപ്പെടുന്നത് എന്ന് സംശയിക്കാതെ എന്ത് ചെയ്യണം?

ആര്‍ച്ച് ബിഷപ്പിന്റെ വസതിയ്ക്ക് മുമ്പില്‍ പ്രതിഷേധവുമായി കൂടെ വരാം എന്ന് എന്നോട് പറഞ്ഞവര്‍ കത്തോലിക്കാ സഭയില്‍ പെട്ട എന്റെ സുഹൃത്തുക്കള്‍ തന്നെയായിരുന്നു.അതൊന്നും വേണ്ടെന്നു വെച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ കൂടി പ്രതിഷേധം തുടങ്ങാന്‍ തീരുമാനിച്ചു.

കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്നത് മൗലീക അവകാശമാണ് എന്നിരിക്കെ പുരാതനമായ നിയമങ്ങളുമായി മാനേജ്‌മെന്റുകള്‍ തുടരുന്നത് അടിയന്തരമായി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു രൂപേഷിന്റെ നേതൃത്വത്തില്‍’Bring in non religious admission policy for schools’എന്ന പേരില്‍ അയര്‍ലണ്ടില്‍ ആദ്യമായി ഒരു ഒപ്പ് ശേഖരണയജ്ഞം ആരംഭിച്ചു.

രൂപേഷ് പറയുന്നു.’ഇതേ സാഹചര്യത്തിലുള്ള മലയാളികള്‍ പോലും ആദ്യഘട്ടത്തില്‍ മടിച്ചു നിന്നു.200 ഒപ്പ് ശേഖരിക്കാന്‍ ആയീരുന്നു ആദ്യ ശ്രമം.മൂന്ന് മാസമായിട്ടും അത് പോലും തികഞ്ഞില്ല.ഇതേ കാലയളവില്‍ സമാനമായ ലക്ഷ്യത്തോടെ ആരംഭിച്ച രഹ്നിയിലെ പാഡി മോനഹന്‍ എന്ന അഭിഭാഷകന്റെ ഐറിഷ് കാമ്പയിനാവട്ടെ പതിനൊന്നായിരം പേരിലധികം പേരുടെ പിന്തുണ നേടുകയും ചെയ്തു.എന്തായാലും അയര്‍ലണ്ടിലെ സോഷ്യല്‍ മീഡിയായില്‍ കൂടി ഒരു ചര്‍ച്ച ഇതേ പറ്റി ആരംഭിക്കാനായതിന്റെ സന്തോഷത്തിലാണ് ചെങ്ങന്നൂര്‍ സ്വദേശിയായ രൂപേഷ്.

2000 ത്തില്‍ പാസാക്കിയ ഈക്വല്‍ സ്റ്റാറ്റസ് ആക്റ്റിലെ 7(3)(c) നിയമം വഴിയാണ് കത്തോലിക്കാ സ്‌കൂളുകള്‍ക്ക് പ്രത്യേക അവകാശം നല്‍കി അഡ്മിഷനില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ അന്നത്തെ ഭരണാധികാരികള്‍ ശ്രമിച്ചത്.എന്നാല്‍ ഐറിഷ് ഭരണഘടനാ പ്രകാരം ഉണ്ടാക്കിയ ഒരു നിയമമായിരുന്നില്ല അതെന്ന് രൂപേഷ് പറയുന്നു. ‘ഭരണഘടനയുടെ 44.2.3 വകുപ്പനുസരിച്ച് , ‘The State shall not impose any disabilities or make any discrimination on the ground of religious profession, belief or status’എന്ന വ്യക്തമായ നിര്‍വചനം ഉള്ളപ്പോള്‍ എങ്ങനെ അങ്ങനെയൊരു നിയമം നിലനില്‍ക്കും? രൂപേഷ് ചോദിക്കുന്നു.

എന്തായാലും രൂപേഷും ഇപ്പോള്‍ മാധ്യമങ്ങളുടെ ശ്രദ്ധ നേടികഴിഞ്ഞു.ആര്‍ ടി ഇ യുടെ ജോ ഡഫിയടക്കം ഒട്ടേറെ പ്രമുഖ പത്രമാധ്യമങ്ങള്‍ രൂപേഷിനെ ബന്ധപ്പെട്ട് വിവരങ്ങള്‍ റിക്കാര്‍ഡ് ചെയ്തിരുന്നു.ഇത് കുട്ടികളുടെ അവകാശത്തിന്റെ കൂടി പ്രശ്‌നമാണ്.വീട്ടില്‍ നിന്നും ആറു കിലോ മീറ്റര്‍ ദൂരം സ്‌കൂളിലേയ്ക്ക് രാവിലെയും വൈകിട്ടും വാഹനമോടിച്ച് എന്റെ കുട്ടിയെ കൊണ്ട് പോകേണ്ട പ്രശ്‌നം മാത്രമല്ല !ഈ ചെറുപ്പക്കാരന്റെ വാക്കുകള്‍ക്കും പ്രതിഷേധത്തിനും വിലയില്ലാതാവില്ലെന്ന് ഉറപ്പാണ്.ഇന്നല്ലെങ്കില്‍ നാളെ.അതിനുള്ള ഒരുക്കങ്ങള്‍ അയര്‍ലണ്ടില്‍ പൊതു ചര്‍ച്ചയുടെ രൂപത്തില്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
റെജി സി ജേക്കബ് 

Scroll To Top